Skip to main content

പൊന്നാനി ബീച്ച് ടൂറിസം; ഡി.ടി.പി.സി പ്രതിനിധികൾ സന്ദർശനം നടത്തി

 

 

പൊന്നാനിയുടെ ടൂറിസം വിപുലപ്പെടുത്താൻ നടപടികളുമായി പൊന്നാനി നഗരസഭ. പൊന്നാനി ബീച്ചിൽ ടൂറിസം പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ സാധ്യതകൾ തേടി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ പ്രതിനിധികൾ സന്ദർശനം നടത്തി. പൊന്നാനി ബീച്ച് ടൂറിസവികസനം ഡി.ടി.പി.സി ഏറ്റെടുക്കണമെന്ന് നഗരസഭാ കൗൺസിൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ പ്രതിനിധികൾ സന്ദർശനം നടത്തിയത്. പൊന്നാനിയെ ടൂറിസം ഡെസ്റ്റിനേഷൻ ചലഞ്ചസ് സ്കീമിൽ ഉൾപ്പെടുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഡി.ടി.പി.സി പ്രതിനിധികൾ അറിയിച്ചു. നിളയോര ടൂറിസം പാത, ബിയ്യം കായൽ ടൂറിസ പദ്ധതി, പുളിക്ക കടവ് ടൂറിസ കേന്ദ്രം എന്നിവ വിപുലപ്പെടുത്തുന്നതിനും നടപടികൾ സ്വീകരിക്കുമന്ന് പ്രതിനിധികൾ അറിയിച്ചു.

 

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ പ്രതിനിധികളായ രാജേഷ്, വിപിൻ എന്നിവരുടെ നേതൃത്വത്തിലാണ് സന്ദർശനം നടത്തിയത്. നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം, വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, സ്ഥിരം സമിതി ചെയർമാന്മാരായ എം.ആബിദ, രജീഷ് ഊപ്പാല, ഷീന സുദേശൻ, ടി.മുഹമ്മദ് ബഷീർ, കൗൺസിലർ ഇ.കെ സീനത്ത് തുടങ്ങിയവർ പങ്കെടുത്തു.

 

date