Skip to main content
വയോജന ചൂഷണ ബോധവത്കരണ ദിനാചരണം കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ഒ.കെ കൃഷ്ണകുമാർ, ആർ ദിവ്യ, കെ.എസ് നിബിൻ, ഡോ . കെ.എസ് പുരുഷൻ, ഇ.എം സുനിൽകുമാർ, ബി.വി പുഷ്ക്കരൻ, അഡ്വ. വി.പി സാബു സമീപം

സ്നേഹ സംഗമമായി വയോജന ചൂഷണ ബോധവത്കരണ ദിനാചരണം  വയോജനക്ഷേമത്തിൽ പ്രത്യേക ശ്രദ്ധ: കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ 

 

 കെ.എൻ ഉണ്ണിക്കൃഷ്ണൻ  എം.എൽ.എയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മണ്ഡലതല വയോജന ചൂഷണ ബോധവത്കരണ ദിനാചരണം മുതിർന്ന തലമുറയുടെ സ്നേഹാനന്ദ സംഗമമായി. നിരാശയുടെയും അവഗണയുടെയും സങ്കടങ്ങളോടും വിരസതയുടെ  വൈഷമ്യങ്ങളോടും മുറിപ്പെടുത്തലുകളുടെ വേദനകളോടും വിടപറഞ്ഞ് വയോജനങ്ങൾ ദിനാചരണം പ്രസാദാത്മകമാക്കി. പാട്ടുപാടിയും കവിത ചൊല്ലിയും താളാത്മകമായി കയ്യടിച്ചും സൗഹൃദങ്ങൾ പങ്കുവച്ചും മനം നിറയെ ചിരിച്ചും യോഗക്രിയകൾ ചെയ്‌തും സമൂഹ സദ്യയുണ്ടും വന്ദ്യ വയോജനങ്ങൾ ഒരുവേള ചെറുപ്പത്തിന്റെ പ്രസരിപ്പിലേക്ക് തിരിച്ചു നടന്നു. 
 
സാമൂഹ്യ സുരക്ഷാമിഷന്റെയും കുഴുപ്പിള്ളി സർവ്വീസ് സഹകരണ ബാങ്കിന്റെയും പങ്കാളിത്തത്തോടെ അയ്യമ്പിള്ളി സഹകരണ നിലയം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അഞ്ഞൂറിൽപ്പരം പേരാണ് വിവിധതല പ്രാതിനിധ്യ സ്വഭാവത്തിൽ പങ്കെടുത്തത്. കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. 

കുടുംബത്തിന്റെയും സമൂഹത്തിന്റെയും നാടിന്റെയും സ്വത്തായ വയോജനങ്ങളുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കേണ്ടത് അണുകുടുംബ കാലത്തിന്റെ അനിവാര്യതയും ഉത്തരവാദിത്വവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തും. വയോജനങ്ങൾ ഒരു തലത്തിലും ചൂഷണം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ ബഹുജന സംഘടനകളുടെ സഹകരണത്തോടെ മണ്ഡലത്തിൽ സംവിധാനമൊരുക്കും. സർക്കാർ പദ്ധതികളും നയങ്ങളും ഇതിന് പ്രയോജനപ്പെടുത്തും. വയോജന ചൂഷണ വിരുദ്ധ പ്രതിജ്ഞയും കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ചൊല്ലിക്കൊടുത്തു.

എടവനക്കാട് കെ.പി.എം.എച്ച്.എസ്, എച്ച്.ഐ.എച്ച്.എസ് എന്നിവിടങ്ങളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ വയോജനങ്ങൾക്ക് വന്ദനമർപ്പിച്ചു. അതുൽ മോഹന്റെ സോപാന സംഗീതത്തോടെ ആരംഭിച്ച ദിനാചരണത്തിൽ കുഴുപ്പിള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് നിബിൻ അധ്യക്ഷത വഹിച്ചു. സാമൂഹ്യക്ഷേമത്തിൽ അഭൂതപൂർവ്വമായ ചുവടുവയ്പ്പാണ് വയോജന സംഗമമെന്ന് മുഖ്യാതിഥി ഫിഷറീസ് കോളേജ് മുൻ ഡീൻ ഡോ.  കെ.എസ് പുരുഷൻ പറഞ്ഞു. സഹകരണ സംഘങ്ങളുടെ മാതൃകയിൽ വയോജനങ്ങളുടെ ക്രിയാത്മക പങ്കാളിത്തമുള്ള സംരംഭങ്ങൾ വേണമെന്നും താലൂക്കുതല ആശുപത്രികളിൽ ഇക്കാലത്ത് വയോജനങ്ങളെ ബാധിക്കുന്ന രോഗങ്ങളുടെ ചികിത്സയ്ക്ക് സ്‌പെഷലിസ്റ്റ് ഡോക്‌ടർമാരെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബാങ്ക് പ്രസിഡന്റ് ഇ.എം സുനിൽകുമാർ ആമുഖപ്രഭാഷണം നടത്തി. വയോജന നിയമങ്ങളെയും ക്ഷേമ പദ്ധതികളെയും കുറിച്ച് സാമൂഹ്യ സുരക്ഷ മിഷൻ കോ - ഓർഡിനേറ്റർ ആർ. ദിവ്യ, സർവ്വ ശിക്ഷ കേരള ഡി.പി.ഒ മഞ്ജു എന്നിവർ സോദോഹാരണ ക്ലാസെടുത്തു. യോഗ പരിശീലക അശ്വതി പി നായർ വയോജനങ്ങളുടെ സ്വാസ്ഥ്യം സംബന്ധിച്ച് വിശദീകരിച്ചു. ലഘു യോഗ ക്രിയകളിൽ പരിശീലനവും നൽകി. കള്ളുചെത്ത് വ്യവസായ തൊഴിലാളി പെൻഷനേഴ്‌സ് യൂണിയൻ മേഖല സെക്രട്ടറി ബി.വി പുഷ്ക്കരൻ, കെ.എസ്.എസ്.പി.യു ഏരിയ സെക്രട്ടറി അമ്മിണി ടീച്ചർ, സഹോദരൻ അയ്യപ്പൻ സ്‌മാരക സമിതി സെക്രട്ടറി ഒ.കെ കൃഷ്ണകുമാർ, ഫ്രാഗ് പ്രസിഡന്റ് അഡ്വ. വി.പി സാബു, ബാങ്ക് ഡയറക്‌ടർ ബോർഡ് അംഗം ഇ.എൻ ദിവാകരൻ എന്നിവർ പ്രസംഗിച്ചു.  

ജില്ലാപഞ്ചായത്ത് അംഗം അഡ്വ. എം.ബി ഷൈനി, വൈപ്പിൻ ബ്ലോക്ക് പ്രസിഡന്റ് തുളസി സോമൻ, പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, മുളവുകാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസ് മാർട്ടിൻ എന്നിവരുൾപ്പെടെ ജനപ്രതിനിധികളും സാമൂഹ്യ - സഹകരണ - പെൻഷണേഴ്സ് - ഫ്രാഗ് സംഘടനാ പ്രതിനിധികളും സന്നിഹിതരായി

date