Skip to main content
ജനനി പദ്ധതി മികച്ച രീതിയിൽ നടപ്പിലാക്കുന്ന എറണാകുളം പുല്ലേപ്പടിയിൽ പ്രവർത്തിക്കുന്ന ജില്ലാ പഞ്ചായത്ത് ഹോമിയോ ആശുപത്രി

ജനനി പദ്ധതി:  ജില്ലയിൽ പിറന്നുവീണത്  46 കുഞ്ഞുങ്ങൾ

 

          സന്താനഭാഗ്യം സ്വപ്നമായിരുന്ന ദമ്പതികൾക്ക് കുറഞ്ഞ ചിലവിൽ മികച്ച ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജനനി പദ്ധതി വഴി എറണാകുളം ജില്ലയിൽ ജനിച്ചത് 46 കുഞ്ഞുങ്ങൾ. ഇതുവരെ 90 പേർ ഗർഭിണികളായി. 

വന്ധ്യത ചികിത്സ രംഗത്ത് സ്വകാര്യ മേഖലയിലെ ഭാരിച്ച ചെലവ്  സാധാരണക്കാർക്ക് മുന്നിൽ തടസ്സം സൃഷ്ടിക്കുമ്പോൾ ഏറെ പ്രതീക്ഷയേകി പ്രവർത്തനം തുടരുകയാണ് എറണാകുളം പുല്ലേപ്പടിയിൽ പ്രവർത്തിക്കുന്ന ജില്ലാ പഞ്ചായത്ത് സർക്കാർ ഹോമിയോ ആശുപത്രിയിലെ വന്ധ്യതാ ചികിത്സാ കേന്ദ്രം. 2019 സെപ്റ്റംബർ 3 ന് ആരംഭിച്ച ചികിത്സാ പദ്ധതിയിൽ ഇതുവരെ ആയിരത്തോളം പേർ ചികിത്സ തേടിയിട്ടുണ്ട്. 

നിരവധി തവണ ഐ വി എഫ് പോലുള്ള ചിലവേറിയ ചികിത്സ നടത്തി പ്രതീക്ഷ നഷ്ടപ്പെട്ടവർക്കും വിവാഹം കഴിഞ്ഞ് 5 മുതൽ 10 വർഷം വരെ ആയിട്ടും  കുട്ടികളില്ലാത്തവർക്കും  ജില്ലാ ഹോമിയോ ആശുപത്രിയിലെ ജനനി ക്ലിനിക്ക് ആശ്വാസമായിട്ടുണ്ട്.  

രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് ആശുപത്രി സേവനം ലഭ്യമാകുക. തിങ്കൾ മുതൽ ശനി വരെ ആഴ്ച്ചയിൽ 6 ദിവസം ക്ലിനിക്ക് പ്രവർത്തിക്കും. വന്ധ്യത ചികിത്സ രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ച 6 ഡോക്ടർമാരുടെ സേവനവും ആശുപത്രിയിൽ ലഭ്യമാണ്. 

മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കാണ് പ്രവേശനം. പത്തു രൂപയാണ് രജിസ്ട്രേഷൻ ഫീസ്. കൂടാതെ വന്ധ്യത ചികിത്സയുമായി ബന്ധപ്പെട്ട ചിലവേറിയ നിരവധി ടെസ്റ്റുകൾ ചെയ്യുന്നതിനുള്ള സൗകര്യവും ആശുപത്രിയിലുണ്ട്. ഈ ടെസ്റ്റുകൾ ബിപിഎൽ മഞ്ഞ കാർഡുകാർക്ക് പൂർണ്ണമായും സൗജന്യമാണ്. പിങ്ക് കാർഡുകൾക്ക് 50 %, ജനറൽ വിഭാഗത്തിന് 30 % നിരക്കിൽ ഇളവ് ലഭിക്കും. ആഴ്ചയിൽ രണ്ടു ദിവസം സ്കാനിങ് സംവിധാനവും  ക്രമീകരിച്ചിട്ടുണ്ട്. ജില്ലാപഞ്ചായത്ത് ഫണ്ടിൽനിന്നും 20 ലക്ഷം വിനിയോഗിച്ചാണ് ലാബിൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. 

വന്ധ്യത ചികിത്സ മേഖലയിൽ ഹോമിയോപ്പതിയിൽ സാധ്യതകളേറെയാണ്. കുട്ടികളില്ലാതെ വിഷമിക്കുന്ന സാധാരണക്കാരായ ദമ്പതിമാർക്ക് കുറഞ്ഞ ചെലവിൽ ഫലപ്രദമായ വന്ധ്യതാ ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹോമിയോപ്പതി വകുപ്പ് ജനനി പദ്ധതി ആരംഭിച്ചത്.  പലയിടങ്ങളിലും ചികിത്സ നടത്തി എത്തുന്നവരുടെ മെഡിക്കൽ റിപ്പോർട്ടുകൾ വിശദമായി പരിശോധിക്കുന്നതിനൊപ്പം മാനസിക പിന്തുണ കൂടിയേകിയാണ് ചികിത്സയ്ക്ക് തുടക്കമിടുന്നതെന്ന് ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് പറഞ്ഞു. 

      9446270340, 0484 2401016 എന്നീ നമ്പറുകളിൽ പ്രവർത്തി ദിവസങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ വിളിച്ച് മുൻകൂട്ടി ബുക്ക് ചെയ്തു ചികിത്സ തേടാം.

date