Skip to main content

വനിതകള്‍ക്ക് തൊഴില്‍ സുരക്ഷ; ഐടി പാര്‍ക്കുമായി വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക്

 

അഭ്യസ്ഥവിദ്യരായ വനിതകള്‍ക്ക് തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഐടി പാര്‍ക്കുമായി വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത്. പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബ്ലോക്കിന് കീഴിലുള്ള അഭ്യസ്ഥവിദ്യരില്‍ നിന്ന് വിവര ശേഖരണത്തിനായി നടത്തിയ ഓണ്‍ലൈന്‍ സര്‍വ്വേ പൂര്‍ത്തിയായി. സര്‍വ്വേയിലൂടെ ലഭിച്ച വിവരങ്ങള്‍ ക്രോഡീകരിച്ച് പദ്ധതിയുടെ ഡി.പി.ആറില്‍ ഉള്‍പ്പെടുത്തും.

ബ്ലോക്കിന് കീഴിലെ അഞ്ച് പഞ്ചായത്തുകളിലെ അഭ്യസ്ഥവിദ്യരില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്. ഉന്നതവിദ്യാഭ്യാസം സിദ്ധിച്ച തൊഴില്‍രഹിതര്‍, ഇപ്പോള്‍ മറ്റ് നഗരങ്ങളിലോ വിദേശത്തോ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട പ്രൊഫഷണല്‍/അനുബന്ധ മേഖലകളില്‍ ജോലി ചെയ്തിരുന്ന പ്രവാസികള്‍, ഐ.ടി. അധിഷ്ടിത സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരാണ് വിവരശേഖരണത്തില്‍ പങ്കാളികളായത്. ഓണ്‍ലൈനായി നടന്ന സര്‍വ്വേയില്‍ 101 പേരോളും പങ്കെടുത്തു. പ്രതികരിച്ചവരുടെ എണ്ണത്തില്‍ സ്ത്രീകള്‍ ആണ് മുന്നില്‍. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ സര്‍വ്വേയില്‍ പങ്കെടുത്തത്. സര്‍വ്വേയില്‍ പങ്കെടുക്കുന്നവരില്‍ നിന്ന് നിര്‍ദ്ദേശങ്ങളും തേടിയിരുന്നു.

ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്ത് 6000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് തൊഴിലിടം ഒരുക്കുക. തുടക്കം 100 പേര്‍ക്കും പിന്നീട് ഓരോ ആയിരം ചതുരശ്രഅടിക്ക് 20 പേര്‍ വീതം എന്ന രീതിയില്‍ 20,000-25,000 ചതുരശ്രഅടി വരെ വിപുലീകരണ സാധ്യതയുള്ള ഐടി പാര്‍ക്കാണ് ആലോചനയിലുള്ളത്. ഒരു കോടി എണ്‍പത് ലക്ഷം രൂപയാണ് പദ്ധതിയുടെ അടങ്കല്‍ തുക. പദ്ധതി നിര്‍വഹണത്തിന്റെ ഭാഗമായി 30 ലക്ഷം രൂപ നിര്‍മ്മാണ ചുമതലയുള്ള കോസ്റ്റ് ഫോര്‍ഡിന് കൈമാറി.

date