Skip to main content

അന്താരാഷ്ട്ര എക്‌സിബിഷന്‍ കം കണ്‍വെന്‍ഷന്‍  സെന്റര്‍ 2023 കേരളപ്പിറവിക്ക് മുന്‍പ് നാടിന് സമര്‍പ്പിക്കും: മന്ത്രി പി. രാജീവ് * പത്ത് ദിവസത്തിനകം നിര്‍മ്മാണം ആരംഭിക്കും

 

    സംസ്ഥാനത്തെ ആദ്യ അന്താരാഷ്ട്ര എക്‌സിബിഷന്‍ കം കണ്‍വെന്‍ഷന്‍ സെന്റര്‍ 2023ലെ കേരളപ്പിറവിക്ക് മുന്‍പ് നാടിന് സമര്‍പ്പിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. ലോകോത്തര മാതൃകയിലായിരിക്കും സെന്റര്‍ തയ്യാറാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാക്കനാട് കിന്‍ഫ്ര അന്താരാഷ്ട്ര എക്‌സിബിഷന്‍ കം കണ്‍വെന്‍ഷന്‍ സെന്ററിന്റെ (ഐ.ഇ.സി.സി)  ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 

    ടി.സി.എസിന്റേത് ഉള്‍പ്പടെ വിവിധ വ്യവസായ കേന്ദ്രങ്ങളും നിലവിലെ കണ്‍വെന്‍ഷന്‍ സെന്ററും യാഥാര്‍ത്ഥ്യമാകുന്നതോടെ തൃക്കാക്കരയുടെ മുഖം മാറും. ഭാവിയില്‍ സംസ്ഥാനത്ത്  കൂടുതല്‍ സ്ഥിരം എക്‌സിബിഷന്‍ സെന്ററുകള്‍  ആരംഭിക്കും. ഈ സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ സംസ്ഥാനത്ത് 19600 സംരംഭങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചെന്നും സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഇത് ഒരു ലക്ഷത്തില്‍ അധികമാകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഈ വര്‍ഷം 14 സ്വകാര്യ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ ആരംഭിക്കുമെന്നും നിലവിലുള്ള ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകളെ ആധുനിക വല്‍ക്കരിക്കുകയും ഹരിത മതില്‍ ഉള്‍പ്പടെയുള്ള പദ്ധതികള്‍ പ്രകൃതിക്ക് അനുയോജ്യമായ രീതിയില്‍ മാറ്റുമെന്നും മന്ത്രി പറഞ്ഞു. 

    കാക്കനാട് ഇന്‍ഫോ പാര്‍ക്ക് എക്‌സ്പ്രസ് വേക്ക് സമീപം നിര്‍ദ്ദിഷ്ട പദ്ധതിപ്രദേശത്ത് സംഘടിപ്പിച്ച ചടങ്ങില്‍ ഉമാ തോമസ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. തൃക്കാക്കരയുടെ വികസനത്തിന് രാഷ്ട്രീയത്തിന് അധീതമായ പിന്തുണ ഉറപ്പു നല്‍കുമെന്ന് എം.എല്‍.എ പറഞ്ഞു. 

    യോഗത്തില്‍ കിന്‍ഫ്ര മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ്, തൃക്കാക്കര നഗരസഭ അംഗം എം.ഒ വര്‍ഗീസ്, ടി.ഐ.ഇ ഗവേണിങ് ബോഡി അംഗം അജിത്ത് എ. മൂപ്പന്‍, ഫിക്കി സംസ്ഥാന കൗണ്‍സില്‍ അധ്യക്ഷന്‍ ദീപക് എല്‍. അസ്വാനി, സി.ഐ.ഐ കോ ചെയര്‍മാന്‍ കെ.കെ.എം കുട്ടി, കെ.എസ്.എസ്.ഐ.എ സംസ്ഥാന പ്രസിഡന്റ് എം. ഖാലിദ്, കെ.ഇ.പി.ഐ.പി ചെയര്‍മാന്‍ സാബു ജോര്‍ജ്, നഗരസഭാ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. 

    എക്‌സിബിഷന്‍ സെന്ററിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പത്ത് ദിവസത്തിനകം ആരംഭിക്കാനാണ് കിന്‍ഫ്ര ലക്ഷ്യമിടുന്നത്. കാലാവസ്ഥാ പ്രതിസന്ധികള്‍ ബാധിക്കാതിരുന്നാല്‍ 2023 ഒക്ടോബറില്‍ തന്നെ സെന്ററിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കും.

date