Skip to main content

എറണാകുളം ശിശു സൗഹൃദ പോക്സോ കോടതി  രാജ്യത്തിന് മാതൃക: മന്ത്രി വീണാ ജോര്‍ജ്

 

    എറണാകുളം ശിശു സൗഹൃദ പോക്സോ കോടതി രാജ്യത്തിന് മാതൃകയാണെന്ന് ആരോഗ്യ-വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പ്രതികളെ വീണ്ടും നേരില്‍ കാണുന്ന അവസ്ഥ ഒഴിവാക്കപ്പെടുന്ന തരത്തിലുള്ള ശിശു സൗഹൃദ മുറികള്‍ ഉള്‍പ്പെടുത്തിയാണ് എറണാകുളം പോക്സോ കോടതി ഒരുക്കിയിരിക്കുന്നത്. പോക്സോ കോടതികള്‍ ശിശു സൗഹൃദമാക്കപ്പെടുന്നതിന്റെ രാജ്യത്തെ തന്നെ എറ്റവും വലിയ ഉദാഹരണമാണ് എറണാകുളത്ത് സാക്ഷാത്ക്കരിക്കപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു. 

    സംസ്ഥാനത്തെ ആദ്യത്തെ ശിശു സൗഹൃദ പോക്സോ കോടതിയായ എറണാകുളം പോക്സോ കോടതിയുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

    പോക്സോ കേസുകളില്‍ ഇരകളാകുന്ന കുട്ടികള്‍ വര്‍ഷങ്ങള്‍ക്കു ശേഷം വിചാരണ വേളയില്‍ വളരെ ബുദ്ധിമുട്ടേറിയ മാനസികാവസ്ഥയിലൂടെയാണു കടന്നുപോകുന്നത്. വീണ്ടും പ്രതികളെ കാണേണ്ടിവരുന്നതും മറ്റും കുട്ടികള്‍ക്കു മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. വിവിധ കെയര്‍ ഹോമുകളില്‍ 18 വയസുവരെ കഴിയുന്നവര്‍ തിരിച്ച് കുടുംബങ്ങളിലേത്തുമ്പോള്‍ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ കഴിയാതെ വരുന്നുണ്ട്. പല തരത്തിലാണ് ഇത്തരം സാഹചര്യങ്ങളെ അവര്‍ നേരിടുന്നത്. ഇതിനെല്ലാം പരിഹാരം എന്ന നിലയ്ക്കാണു കൂടുതല്‍ പോക്സോ കോടതികള്‍ സ്ഥാപിച്ചുകൊണ്ട് കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് സര്‍ക്കാരും ജുഡീഷ്യറിയും ഇടപെടലുകള്‍ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.

    സമൂഹത്തിന്റെ മുന്നേറ്റം അളക്കുന്നതിനുള്ള മാനദണ്ഡങ്ങളായി കണക്കാക്കപ്പെടുന്നത് കുട്ടികളുടെ ക്ഷേമവും സുരക്ഷിതത്വവുമാണ്. ശാരീരികവും മാനസികവും ബൗദ്ധീകവുമായി കുട്ടികള്‍ക്കു വളരുന്നതിനു വേണ്ടിയുള്ള അന്തരീക്ഷം സമൂഹത്തില്‍ ഉണ്ടോ എന്നുള്ളതും വിലയിരുത്തപ്പെടുന്നുണ്ട്. കേരള സമൂഹം കുട്ടികളുടെ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും രാജ്യത്ത് ഒന്നാം സ്ഥാനത്താണ്. എന്നാല്‍ കുട്ടികളുടെ സുരക്ഷിതത്വം സംബന്ധിച്ച് ചില വിടവുകള്‍ നിലനില്‍ക്കുന്നുണ്ട്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി സമൂഹത്തില്‍ ഒരു പൊതുബോധം ഉണരണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

    വനിത ശിശുവികസന വകുപ്പ് സംയോജിത ശിശു വികസന പദ്ധതിയിലൂടെ 69 ലക്ഷം രൂപ ചെലവഴിച്ചാണ് എറണാകുളം പോക്‌സോ കോടതി ശിശുസൗഹൃദമാക്കിയതെന്നും മന്ത്രി പറഞ്ഞു.

date