Skip to main content
എറണാകുളം ലേ മെറിഡിയനിൽ  ഹെൽത്ത്ടെക് 2022 ഉച്ചകോടിയിൽ   പ്രദർശിപ്പിച്ചിട്ടുള്ള വെയിൻ സ്കാനർ ആരോഗ്യ മന്ത്രി വീണാ ജോർജ് പരിശോധിച്ചപ്പോൾ.

ഹെല്‍ത്ത്ടെക് ഉച്ചകോടിക്ക് തുടക്കമായി

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നത് 
സുസ്ഥിര വികസന പ്രവര്‍ത്തനങ്ങള്‍: 
മന്ത്രി വീണാ ജോര്‍ജ്

 

    കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ നടപ്പാക്കുമ്പോഴും സുസ്ഥിര വികസനം ലക്ഷ്യമാക്കിയുള്ള മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കൊച്ചി ലെ മെറിഡിയന്‍ ഹോട്ടലില്‍ ഹെല്‍ത്ത്ടെക് ഉച്ചകോടി 2022 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 

    രാജ്യത്ത് ആദ്യമായി സ്റ്റാര്‍ട്ടപ്പ് നയം ആവിഷ്‌കരിച്ച സംസ്ഥാനമാണ് കേരളം. നമ്മള്‍ എന്തു ചെയ്യുന്നു എന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്. അതുകൊണ്ടുതന്നെ നമുക്ക് വലിയ ഉത്തരവാദിത്വമാണുള്ളത്. കേരള ഹെല്‍ത്ത്, കേരള എജ്യൂക്കേഷന്‍ എന്നിവ രാജ്യാന്തര തലത്തില്‍ തന്നെ മികച്ച ബ്രാന്‍ഡുകളായി മാറിയിട്ടുണ്ട്. ബ്രാന്‍ഡിംഗ് സ്റ്റാര്‍ട്ടപ്പ് മേഖലയിലേക്കുകൂടി എത്തിച്ച് കൂടുതല്‍ ചെറുപ്പക്കാര്‍ക്ക് അവസരം നല്‍കേണ്ടതുണ്ട്.

    പൊതുജനാരോഗ്യരംഗത്ത് നാം വളരെയേറെ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെങ്കിലും ഇനിയും ഒരുപാട് മുന്നേറാനുണ്ടെന്നും ഇതിനായി ആരോഗ്യ മേഖലയില്‍ സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ മേഖല, സാങ്കേതിക  മേഖല, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവ സഹകരിച്ച് മുന്നോട്ടുപോകുന്നതിന് ആരോഗ്യവകുപ്പ് എല്ലാ മുന്‍കൈയും എടുക്കുമെന്നും എല്ലാവര്‍ഷവും ഇത്തരം ഉച്ചകോടികള്‍ സംഘടിപ്പിക്കുമെന്നും പറഞ്ഞു. 

    ചടങ്ങില്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖോബ്രാഗഡെ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ ഡയറക്ടര്‍ മുഹമ്മദ് വൈ.സഫീറുള്ള, കാരിത്താസ് ആശുപത്രി ഡയറക്ടര്‍ ഡോ. ബിനു കുന്നത്ത്,  ഇന്ത്യ ആക്സിലറേറ്റര്‍ മാനേജിങ് പാര്‍ട്ണര്‍ ദീപക് നാഗ്പാല്‍, സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഡയറക്ടര്‍ ജോണ്‍ എം. തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. 

    കേരള സ്റ്റാര്‍ട്ട്അപ്പ് മിഷന്‍, ആരോഗ്യ വകുപ്പ്, കാരിത്താസ് ആശുപത്രി എന്നിവ സംയുക്തമായാണ് ഉച്ചകോടി സംഘടിപ്പിച്ചത്.   ആരോഗ്യരംഗത്തെ എല്ലാ പങ്കാളിത്ത മേഖലകളെയും ഒരു വേദിയില്‍ എത്തിക്കുക, ആരോഗ്യ സാങ്കേതിക മേഖലയിലെ നൂതന ആശയങ്ങള്‍ ചര്‍ച്ച ചെയ്യുക, നടപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയായിരുന്നു ഉച്ചകോടി നടത്തിയത്. ആരോഗ്യ സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു. ഉച്ചകോടി വേദിക്ക് സമീപം ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന മുപ്പതോളം സ്റ്റാര്‍ട്ടപ്പുകളുടെ പ്രദര്‍ശനവും ഒരുക്കിയിരുന്നു.

date