Skip to main content

ലീഗൽ മെട്രോളജി വകുപ്പ് :  17,17,000 രൂപ പിഴ ഈടാക്കി

 

ജില്ലയിൽ ലീഗൽ മെട്രോളജി വകുപ്പ് 2021-22 സാമ്പത്തിക വർഷം നടത്തിയ  പരിശോധനയിൽ നിയമലംഘനം നടത്തിയവരിൽ നിന്നും  17,17,000 രൂപ പിഴ ഈടാക്കി. 629 കേസുകൾ രജിസ്റ്റർ ചെയ്തു.

ജില്ലയിൽ അളവുതൂക്ക നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം 568 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 11,47,000  രൂപ  പിഴ ഈടാക്കി. അളവിലും തൂക്കത്തിലും കുറവ് വരുത്തി വില്പന നടത്തിയ നാലു സ്ഥാപനങ്ങൾക്കെതിരെ കേസ് എടുക്കുകയും 45000 രൂപ പിഴ  ഈടാക്കുകയും ചെയ്തു. പാക്കേജ്ഡ് കമ്മോഡിറ്റി റൂൾസ്  ലംഘനങ്ങൾക്ക് എതിരെ 57 കേസുകൾ രജിസ്റ്റർ ചെയ്യുകയും 5,25,000  രൂപ പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്.

ജില്ലയിലെ മെഡിക്കൽ സ്റ്റോറുകൾ, പ്രൊവിഷൻ സ്റ്റോറുകൾ,  മാർക്കറ്റുകൾ, ജ്വല്ലറികൾ, പെട്രോൾ പമ്പുകൾ, ബാറുകൾ, പഴം, പച്ചക്കറി, പലചരക്കു കടകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ബേക്കറികള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്.  അമിതവില ഈടാക്കുക, അളവിലോ തൂക്കത്തിലോ കുറച്ച് വിൽപ്പന നടത്തുക, മുദ്ര ചെയ്യാത്ത അളവ് തൂക്ക ഉപകരണങ്ങൾ ഉപയോഗിച്ച് വ്യാപാരം നടത്തുക, നിയമാനുസൃതമുള്ള പ്രഖ്യാപനങ്ങൾ രേഖപ്പെടുത്താത്ത പായ്ക്കറ്റുകൾ വിൽപ്പന നടത്തുക തുടങ്ങിയ നിയമ ലംഘനങ്ങൾക്കെതിരെയാണ് പ്രധാനമായും കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. രജിസ്റ്റർ ചെയ്ത എല്ലാ കേസുകളിലും കടയുടമകൾ പിഴ അടച്ചുതീർത്തിട്ടുണ്ടെന്നും ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ ബി.ഐ സൈലാസ് പറഞ്ഞു.

ഉപഭോക്താക്കളിൽ നിന്നും അമിത വിലയീടാക്കുക,  അളവ് തൂക്കം സംബന്ധിച്ചുള്ള ക്രമക്കേടുകൾ തുടങ്ങിയ പരാതികൾക്ക് ലീഗൽ മെട്രോളജി കൺട്രോൾ റൂം നമ്പരുകളിലും 1800 425 4835 എന്ന ടോൾ ഫീ നമ്പരിലും സുതാര്യം എന്ന മൊബൈൽ ആപ്ലിക്കേഷനിലും clm.lmd@kerala.gov.in എന്ന ഈമെയിൽ വഴിയും, കൂടാതെ എല്ലാ ജില്ലാ ലീഗൽ മെട്രോളജി ഓഫീസ്, താലൂക്ക് തല ഇൻസ്‌പെക്ടർ ഓഫീസുകൾ  എന്നിവിടങ്ങളിലും പരാതികൾ നൽകാം.

date