Skip to main content
തിരുമാറാടി സ്മാർട്ട് വില്ലേജ് ഓഫിസ് ഉദ്ഘാടനം ചെയ്തു റവന്യു വകുപ്പ് മന്ത്രി കെ രാജൻ സംസാരിക്കുന്നു.

തിരുമാറാടി സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു ഡിജിറ്റൽ റീസർവ്വേ നടപടികൾക്ക് ആവശ്യമായ ജീവനക്കാരെ ഓഗസ്റ്റിൽ നിയമിക്കും; മന്ത്രി കെ രാജൻ

 

* സംസ്ഥാനമൊട്ടാകെയുള്ള ഡിജിറ്റൽ റീസർവ്വേ പ്രവർത്തനങ്ങൾ നാലുവർഷത്തിനകം പൂർത്തിയാക്കും

* നിയമനം കരാർ അടിസ്ഥാനത്തിൽ

       സംസ്ഥാനമൊട്ടാകെ നടത്തുന്ന ഡിജിറ്റൽ റീസർവ്വേ നടപടികൾക്ക് ആവശ്യമായ 1500 സർവേയർമാരെയും 3200 സഹായികളെയും ഓഗസ്റ്റ് മാസത്തോടെ നിയമിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഇതിന് വേണ്ടി വരുന്ന 807.98 കോടി രൂപ റീബിൽഡ് കേരള ഇനീഷ്യേറ്റീവിൽ നിന്ന് ചിലവഴിക്കുമെന്നും മന്ത്രി പറഞ്ഞു. തിരുമാറാടി സ്മാർട്ട് വില്ലേജ് ഓഫീസിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിലുള്ള ഡി.പി.എം.യു. എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിന്റെ സഹായത്തോടെ എഴുത്ത് പരീക്ഷയും അഭിമുഖവും നടത്തിയാണ് ഇവരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നത്. ഡിജിറ്റൽ റീസർവേയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അവസാനിക്കുന്നതു വരെയാണ് ചുമതല നൽകുന്നത്. കഴിഞ്ഞ 55 വർഷത്തിനിടെ 918 വില്ലേജുകളിൽ മാത്രമാണ് റീസർവ്വേ  നടത്തിയത്. എന്നാൽ അടുത്ത നാല് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ 1550 വില്ലേജ് ഓഫീസുകളിലും അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള ഡിജിറ്റൽ റീസർവ്വേ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.  ആവശ്യമായ  ഉപകരണങ്ങൾ  ഉടൻ എത്തിക്കാനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഭൂസംരക്ഷണ നിയമത്തിന്റെ അന്തസത്ത  സൂചിപ്പിക്കുന്നതുപോലെ കൈവശമിരിക്കുന്നവർക്ക് ഭൂമി കൊടുക്കുക എന്നതിലുപരിയായി ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ചുമതലയേറ്റ് ഒരു വർഷത്തിനുള്ളിൽ കോവിഡ് പ്രതിസന്ധികൾക്കിടയിലും 54,535 പേരെ ഭൂമിയുടെ ഉടമകളാക്കി മാറ്റാൻ കഴിഞ്ഞു. റവന്യൂ ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും സ്തുത്യർഹമായ സേവനമാണ് ഇതിന് സഹായിച്ചതെന്നും മന്ത്രി വ്യക്തമാക്കി. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന മുദ്രാവാക്യം ആത്മഹർഷത്തോടെയാണ് റവന്യൂ വകുപ്പ് ഏറ്റെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളം സമ്പൂർണ്ണമായും സ്മാർട്ട് ആക്കുക എന്ന ലക്ഷ്യമാണ് മുൻപിലുള്ളത്. ഇതിൻ്റെ ഭാഗമാണ് സ്മാർട്ട് വില്ലേജ് ഓഫീസുകൾ. വില്ലേജ് ഓഫീസുകൾ വഴിയുള്ള ഓൺലൈൻ സേവനങ്ങൾ  സംബന്ധിച്ച് പൊതുജനങ്ങൾക്ക് ബോധവൽക്കരണം നൽകുന്നതിന് ജനപ്രതിനിധികളെയും സ്കൂൾ കോളേജ് വിദ്യാർത്ഥികളെയും യുവജന ക്ലബുകളെയും വില്ലേജ് തല ജനകീയ സമിതികളെയും ഉൾപ്പെടുത്തിയുള്ള റവന്യൂ വകുപ്പിന്റെ ഇ- സാക്ഷരത പ്രവർത്തനങ്ങൾക്ക് റവന്യൂ വകുപ്പ്  ആരംഭം കുറിക്കുമെന്നും വകുപ്പിനെ ജനകീയമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

       തിരുമാറാടി സ്മാർട്ട് വില്ലേജ് ഓഫീസിൽ നടന്ന ചടങ്ങിൽ അനൂപ് ജേക്കബ് എം.എൽ.എ അധ്യക്ഷത വഹിച്ചു, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടർ ജാഫർ മാലിക്ക്, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആലീസ് ഷാജു, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാൻ, , ജില്ലാ പഞ്ചായത്ത് അംഗം ആശാ സനിൽ, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ജിൻസൺ വി. പോൾ, തിരുമാറാടി പഞ്ചായത്ത് പ്രസിഡൻറ് രമ മുരളീധര കൈമൾ, തിരുമാറാടി പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.എം ജോർജ്, മൂവാറ്റുപുഴ ആർ.ഡി.ഒ. പി.എൻ അനി, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ മുണ്ടക്കയം സദാശിവൻ, വർഗീസ് മാണി, അഡ്വ. സിനു എം. ജോർജ്, സിബി ജോസഫ് ചിറക്കുഴിയിൽ, ജിനു അഗസ്റ്റിൻ, സൈബു മടക്കാലിൽ, ജേക്കബ് ജോൺ, പി.എൻ. പ്രദീപ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു.

1265 ചതുരശ്ര അടി വിസ്തീർണത്തിൽ ആധുനിക സൗകര്യങ്ങളോടെയാണ് സ്മാർട്ട് വില്ലേജ് ഓഫീസ് പണി കഴിപ്പിച്ചിട്ടുള്ളത്. സംസ്ഥാന സർക്കാരിൻ്റെ പ്ലാൻ ഫണ്ടിൽ നിന്ന് 44 ലക്ഷം രൂപയായിരുന്നു ചെലവായത്. വില്ലേജ് ഓഫീസറുടെ മുറി, റെക്കോർഡ് റൂം, ഓഫീസ് റൂം, ഫ്രണ്ട് ഓഫീസ് കം വെയ്റ്റിംഗ് റൂം, ഡൈനിങ് റൂം ജീവനക്കാർക്ക് വേണ്ടി ക്യുബിക്കിളുകൾ, പൊതു ടോയ്ലറ്റ് എന്നിവയാണ് ഇവിടെ ഉള്ളത്. ഭിന്നശേഷി സൗഹൃദമായി നിർമ്മിച്ചിട്ടുള്ള കെട്ടിടത്തിൽ വീൽ ചെയറുകൾ സുഗമമായി ഉപയോഗിക്കുന്നതിന് ആവശ്യമായ റാമ്പും ഒരുക്കിയിട്ടുണ്ട്. പത്തുമാസം കൊണ്ടായിരുന്നു പൊതുമരാമത്ത് വകുപ്പ് വില്ലേജ് ഓഫീസിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.

date