Skip to main content

സ്ത്രീ സമത്വത്തിന്റെ വേറിട്ട തലങ്ങൾ അവതരിപ്പിച്ച് സാഹിത്യ അക്കാദമിയിൽ പ്രഭാഷണങ്ങൾ

 

സ്ത്രീ ശാക്തീകരണത്തിന്റെ കാലിക പ്രസക്തി വിളിച്ചോതി കേരള സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ പ്രഭാഷണങ്ങൾ. കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പും കേരള സാഹിത്യ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച  'സമം- സ്ത്രീ സമത്വത്തിനായി സാംസ്‌കാരിക മുന്നേറ്റം' പരിപാടിയുടെ ഭാഗമായാണ് പ്രഭാഷണങ്ങൾ നടന്നത്.  അധികാരത്തിന്‍റെയും ഭരണ നിര്‍വ്വഹണത്തിന്‍റെയും പുതിയ പാഠങ്ങള്‍ വികസന വ്യവഹാരങ്ങളില്‍ ഇടം പിടിക്കുന്ന കാലത്ത് സ്ത്രീ സമത്വത്തിന്റെ വേറിട്ട തലങ്ങൾ അവതരിപ്പിക്കുകയാണ് പ്രഭാഷണങ്ങളിലൂടെ സാഹിത്യ അക്കാദമി. 

'സ്ത്രീശാക്തീകരണത്തിന്റെ അവതരണ ശൈലികൾ സാഹിത്യത്തിൽ' എന്ന വിഷയത്തിൽ പ്രഭാഷകനും എഴുത്തുകാരനുമായ ഡോ. എം എ സിദ്ധിഖ് അവതരിപ്പിച്ച പ്രഭാഷണം സാംസ്കാരിക രംഗത്തെ പെണ്ണെഴുത്തുകളെ സംബന്ധിച്ചായിരുന്നു.  സ്വത്വം തിരിച്ചറിയാനും അത് പ്രകടിപ്പിക്കാനും സ്ത്രീകൾ പല മാധ്യമങ്ങളിലൂടെ പോരാടുന്നു. പല ഭാഷകൾ തിരഞ്ഞെടുക്കുന്നു. കുടുംബം, സമൂഹം, സമുദായം എന്നിവയാണ് സ്വത്വ അവതരണത്തിൽ സ്ത്രീകളുടെ ശത്രുക്കൾ. ഇവ മൂന്നിനോടും പൊരുതി നിൽക്കുന്നവർ ചരിത്രത്തിൽ ഇടം നേടുമെന്നും അദ്ദേഹം പറഞ്ഞു. 

'ഫെമിനിസത്തിന് കൈവരേണ്ട പുതിയ മുഖങ്ങൾ' എന്ന വിഷയത്തിൽ സാഹിത്യ നിരൂപകയും സാംസ്കാരിക വിമർശകയുമായ സോണിയ ഇ പ പ്രഭാഷണം നടത്തി. സ്ത്രീ-പുരുഷ അസമത്വത്തിനെതിരെ ഇന്നത്തെ ഫെമിനിസത്തിന് എന്ത് ചെയ്യാൻ കഴിയും എന്നത് സോണിയ അവതരിപ്പിച്ചു. പൗരത്വം തന്നെ വലിയ വെല്ലുവിളി നേരിടുന്ന ഇക്കാലത്ത് ദളിതരും സ്ത്രീകളും എങ്ങനെ പൗരബോധത്തിലേക്ക് കടന്നുവന്നു എന്നത് പരിശോധിക്കേണ്ടതാണെന്നും അവർ വ്യക്തമാക്കി. 

കോടതി മുറികളിലെ സ്വന്തം അനുഭവങ്ങളെ കൂടി ഉൾപ്പെടുത്തിയായിരുന്നു 'സ്ത്രീ ശാക്തീകരണവും ഇന്ത്യൻ നിയമവ്യവസ്ഥയും' എന്ന വിഷയത്തിൽ
സാംസ്കാരിക പ്രവർത്തകയും പ്രഭാഷകയുമായ അഡ്വ. ആശ ഉണ്ണിത്താൻ സംസാരിച്ചത്. ഗാർഹിക പീഡനങ്ങളിൽ നിന്ന് സ്ത്രീകളെ മോചിപ്പിക്കുന്നതിന് വേണ്ടിയുള്ള നിയമം എത്രത്തോളം സ്ത്രീകൾക്ക് ഗുണകരമാണെന്നത് ചർച്ച ചെയ്യണമെന്ന് അവർ ചൂണ്ടിക്കാട്ടി. നൈതികത എത്രത്തോളം വികലമായിട്ടാണ് കോടതി മുറികളിൽ കൊണ്ടാടപ്പെടുന്നതെന്നും ആശ ഉണ്ണിത്താൻ പറഞ്ഞു. 

'സമത്തിനപ്പുറം എൽ.ജി.ബി.ടി.ക്യു  പ്രശ്നങ്ങൾ' എന്ന വിഷയത്തിലാണ് സംസ്ഥാന ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗം ശീതൾ ശ്യാം സംസാരിച്ചത്. 
സമം എന്ന ആശയം പൂർണമാകണമെങ്കിൽ കേരളത്തിന്റെ സാമൂഹിക സാംസ്കാരിക കുടുംബ നിയമ വിദ്യാഭ്യാസ വ്യവസ്ഥയിൽ മാറ്റം വരേണ്ടതുണ്ടെന്ന് ശീതൾ ശ്യാം വ്യക്തമാക്കി. സ്ത്രീ, പുരുഷൻ, ട്രാൻസ്ജെൻഡർ
എന്നതിലുപരി എല്ലാം വിഭാഗങ്ങളെയും സമൂഹത്തിന് ഉൾക്കൊള്ളാനാകണം. തങ്ങളുടെ വ്യക്തിത്വം എന്താണെന്ന് കുടുംബങ്ങളിൽ പോലും പറയാൻ കഴിയുന്നില്ല. അത്തരം വ്യവസ്ഥിതികൾക്കെല്ലാം മാറ്റം വരണമെന്നും അവർ പറഞ്ഞു. 

സെമിനാറിൽ സാഹിത്യ അക്കാദമി മുൻ സെക്രട്ടറി ഡോ.കെ പി മോഹനൻ അധ്യക്ഷത വഹിച്ചു. അക്കാദമി ജനറൽ കൗൺസിൽ അംഗം വിജയരാജമല്ലിക, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ സബിത സി ടി എന്നിവർ സംസാരിച്ചു. തുടർന്ന് ചെറുകാടിന്റെ രചനയിൽ കെ വി ഗണേഷ് സംവിധാനം ചെയ്ത രംഗചേതന അവതരിപ്പിച്ച 'സ്വതന്ത്ര' എന്ന നാടകം അരങ്ങേറി. സ്ത്രീ സമത്വത്തിന് വേണ്ടിയുള്ള സാംസ്‌കാരിക മുന്നേറ്റം എന്ന ദൗത്യവുമായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച സമം പരിപാടിയുടെ ഭാഗമായാണ് കേരള സാഹിത്യ അക്കാദമി സംവാദ സദസ് സംഘടിപ്പിച്ചത്.

date