വിളയിടം അടിസ്ഥാനമായ കൃഷിക്ക് പ്രാധാന്യം നല്‍കും: മന്ത്രി പി. പ്രസാദ് പാറക്കടവ് കൃഷിഭവന് ഉദ്ഘാടനം ചെയ്യ്തു
വിള അടിസ്ഥാന കൃഷിയില്‍ നിന്ന് മാറി വിളയിടം അടിസ്ഥാനമായ കൃഷിക്കാണ് സര്‍ക്കാര്‍ പതിനഞ്ചാം പഞ്ചവത്സര പദ്ധതിയില്‍ പ്രാധാന്യം നല്‍കുന്നതെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. പാറക്കടവ് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
മണ്ണ് അറിഞ്ഞ് കൃഷി ചെയ്യുന്ന രീതി ഉണ്ടാകണം. മണ്ണ് കൃത്യമായി പരിശോധിച്ച് മണ്ണിന് അനുയോജ്യമായ കൂടുതല്‍ ഉല്പാദനം നല്കുന്ന വിളകള്‍ കൃഷി ചെയ്യുന്ന രീതി ഉണ്ടാകണം. ഈ വാരം ഇന്‍ഷുറന്‍സ് വാരമായാണ് കൃഷിവകുപ്പ് ആചരിക്കുന്നത്. എല്ലാ കര്‍ഷകരും കൃഷി ഇന്‍ഷുര്‍ ചെയ്യണം. കൃഷി ഉദ്യോഗസ്ഥരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇത് ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
കഴിക്കുന്ന ഭക്ഷണത്തിലൂടെ ജീവിതശൈലി രോഗങ്ങള്‍ ഉണ്ടാകുന്ന സാഹചര്യം വര്‍ധിച്ചുവരികയാണ്. ഈ അവസരത്തില്‍ എല്ലാവരും കൃഷിയിലേക്ക് ഇറങ്ങണം. നമുക്ക് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയണം. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി എല്ലാവരും മാറണം. ഓരോ നാടും ഞങ്ങളും കൃഷിയിലേക്ക് എന്ന് ഏറ്റ് പറയണമെന്നും മന്ത്രി പറഞ്ഞു. പച്ചക്കറിയുടെ കാര്യത്തില്‍ സ്വയം പര്യാപ്തത നേടാന്‍ സംസ്ഥാനത്തിന് കഴിയും. കൃഷിയുടെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 16 ലക്ഷം ടണ്ണിലേറെ പച്ചക്കറിയാണ് കേരളത്തില്‍ ഇപ്പോള്‍ ഉല്പാദിപ്പിക്കുന്നത്.
പാറക്കടവ് കൃഷിഭവന് ആധുനിക നിലവാരത്തില്‍ പണി കഴിപ്പിച്ചത് അഭിനന്ദനാര്‍ഹമാണെന്ന് മന്ത്രി പറഞ്ഞു. കൃഷിഭവന് സ്മാര്‍ട്ട് കൃഷിഭവനായി മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. പാറക്കടവ് കൃഷിഭവനില്‍ വിള ആരോഗ്യ കേന്ദ്രം ആരംഭിക്കുമെന്നും കൃഷിഭവനില്‍ കൃഷി ഓഫീസറുടെ നിയമനം മൂന്നുമാസത്തിനുള്ളില്‍ നടക്കുമെന്നും മന്ത്രി പറഞ്ഞു. പാറക്കടവ് പഞ്ചായത്ത് തരിശുരഹിത പഞ്ചായത്തായി മാറണം. കൃഷി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കൃഷിക്കാരിലേക്ക് ഇറങ്ങി ചെല്ലുന്ന സാഹചര്യം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
2018ലെയും 2019ലെയും വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നാശനഷ്ടങ്ങള്‍ സംഭവിച്ച കൃഷിഭവന് പൂര്‍ണമായും ഉപയോഗശൂന്യമായി മാറുകയായിരുന്നു. റോജി എം ജോണ്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ വകയിരുത്തിയാണ് പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം. ആധുനിക നിലവാരത്തില്‍ രണ്ടു നിലകളിലാണ് പുതിയ കൃഷിഭവന്.
മൂഴിക്കുളം സെന്റ് മേരീസ് ചര്‍ച്ച് ഹാളില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ റോജി. എം. ജോണ്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ബെന്നി ബെഹനാന് എം.പി മുഖ്യാഥിതിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ്, ജില്ലാ പഞ്ചായത്ത് സ്ഥിരംസമതി അധ്യക്ഷന്‍ എം.ജെ ജോമി, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി പ്രദീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റൈജി സിജോ, താര സജീവ്, പാറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വി ജയദേവന്, വൈസ് പ്രസിഡന്റ് ഡെയ്സി ടോമി, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ കെ.വൈ ടോമി, പി.പി ജോയ്, രാജമ്മ വാസുദേവന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ രാജി ജോസ്, പഞ്ചായത്ത് അംഗങ്ങള്‍, കര്‍ഷക പ്രതിനിധികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സന്നിഹിതരായി.
- Log in to post comments