Skip to main content

വളപ്പ് ബീച്ചിൽ തീരകവചം കരുത്തുറ്റതാക്കാൻ 9000 കാറ്റാടി തൈകൾ കൂടി 

 

വൈപ്പിൻ: വളപ്പ് ബീച്ചിൽ തീരകവചം പദ്ധതി വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി കാറ്റാടി തൈകൾ വച്ചുപിടിപ്പിക്കുന്നതിന്റെ ഉദ്ഘാടനം കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ നിർവ്വഹിച്ചു. സംസ്ഥാന വനം വകുപ്പ് ജില്ല സോഷ്യൽ ഫോറസ്ട്രി ഡിവിഷന്റെ നേതൃത്വത്തിൽ എളങ്കുന്നപ്പുഴ ഗവൺമെന്റ് ഹൈസ്‌കൂൾ ഫോറസ്ട്രി ക്ലബ്ബിന്റെ സഹകരണത്തോടെ രണ്ടു ഹെക്റ്റർ സ്ഥലത്തായി ഒൻപതിനായിരം കാറ്റാടി തൈകളാണ് ഇത്തവണ നടുന്നത്. 

ഇതോടെ ബീച്ചിലെ തീരകവചത്തിന്റെ മൊത്തം വിസ്‌തൃതി ആറ് ഹെക്റ്ററാകും. ഇതിനകം നാല് ഹെക്റ്ററിലായി 17,500 കാറ്റാടി തൈകൾ സോഷ്യൽ ഫോറസ്ട്രി വിഭാഗം വച്ചുപിടിപ്പിച്ചു പരിപാലിക്കുന്നുണ്ട്. എളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ് അധ്യക്ഷയായി. ഫോറസ്റ്റ്സ് ഡെപ്യൂട്ടി കൺസർവേറ്റർ എ ജയമാധവൻ പദ്ധതി വിശദീകരണവും ബോധവത്കരണവും നടത്തി.

വാർഡ് അംഗം കെ.ആർ സുരേഷ്ബാബു, സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഓഫീസർ ടി.എം റഷീദ്, ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ രാജേന്ദ്രബാബു, എളങ്കുന്നപ്പുഴ ഗവൺമെന്റ് ഹൈസ്‌കൂൾ അധ്യാപിക കെ.സി ശാരി എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾ, സാമൂഹ്യപ്രവർത്തകർ, പരിസ്ഥിതി പ്രവർത്തകർ പങ്കെടുത്തു.

date