Skip to main content

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ പരിശീലനം

ആലപ്പുഴ: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കായി ഫിഷറീസ് വകുപ്പ് നടത്തുന്ന വിവിധ പരിശീലന പരിപാടികളിലേക്ക് അപേക്ഷ ക്ഷണിച്ചു. 

മെഡിക്കല്‍ എന്‍ട്രന്‍സ്, സിവില്‍ സര്‍വീസ്, പി.എസ്.സി, ബാങ്ക് പരീക്ഷകള്‍ക്കാണ് പരിശീലനം നല്‍കുന്നത്. 

മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയ്ക്ക് ഒരു വര്‍ഷത്തെ റസിഡന്‍ഷ്യല്‍ പരീശനലമാണ് നല്‍കുന്നത്. അപേക്ഷകര്‍ ഹയര്‍ സെക്കന്‍ഡറി അല്ലെങ്കില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 85 ശതമാനം മാര്‍ക്കോടെ വിജയിച്ചവരോ കഴിഞ്ഞ വര്‍ഷത്തെ നീറ്റ് പരീക്ഷയില്‍ 40 ശതമാനം മാര്‍ക്ക് ലഭിച്ചവരോ ആയിരിക്കണം.

സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കുന്നവര്‍ക്ക് ബിരുദത്തിന് 60 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം. സിവില്‍ സര്‍വീസ് അക്കാദമി നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയുടെ മെറിറ്റ് അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. 

60 ശതമാനം മാര്‍ക്കോടെ ബിരുദം നേടിയവരെയാണ് തെരഞ്ഞെടുത്ത സ്ഥാപനങ്ങള്‍ മുഖേനയുള്ള റസിഡന്‍ഷ്യല്‍ ബാങ്ക് പരീക്ഷാ പരിശീലനത്തിന് പരിഗണിക്കുന്നത്. 50 ശതമാനം മാര്‍ക്കോടെ ബിരുദം വിജയിച്ചവര്‍ക്ക് സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം. 

പരിശീലന പരിപാടികള്‍ക്കുള്ള അപേക്ഷാ ഫോറവും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷാ ഫോറം ജൂലൈ 18നകം ജില്ലാ ഫിഷറീസ് ഓഫീസില്‍ നല്‍കണം. 

ഒരു വിദ്യാര്‍ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടാകൂ. ഫോണ്‍: 0477 2251103.

date