Skip to main content

കേരളത്തിലെ മികച്ച കായിക താരങ്ങളെ കേന്ദ്രമന്ത്രി അനുരാഗ് സിംഗ് താക്കൂർ ആദരിച്ചു

 

കേരളത്തിലെ മികച്ച കായിക താരങ്ങളെ കേന്ദ്രമന്ത്രി അനുരാഗ് സിംഗ് താക്കൂർ ആദരിച്ചു. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI) കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ചടങ്ങിലാണ് മന്ത്രി കായികതാരങ്ങളെ പൊന്നാട അണിയിച്ച് ആദരിച്ചത്. 

വിവിധ ദേശീയ/ അന്തർദ്ദേശീയ കായികമേളകളിൽ മെഡലുകൾ കരസ്ഥമാക്കിയ പത്മശ്രീ പി.ടി. ഉഷ അടക്കമുള്ള 38 കായികതാരങ്ങൾക്ക് ചടങ്ങിൽ മന്ത്രി ഉപഹാരങ്ങൾ നൽകി.

 കായിക രംഗവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ കേന്ദ്രമന്ത്രി താരങ്ങളുമായി സംസാരിച്ചു. നിലവിൽ ജില്ലയിലെ കായിക പരിശീലന കേന്ദ്രത്തിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്താം എന്നതിനെക്കുറിച്ച് കായികതാരങ്ങളുടെ നിർദ്ദേശങ്ങൾ മന്ത്രി ആരാഞ്ഞു. സ്പോർട്സുമായി ബന്ധപ്പെട്ട് താരങ്ങൾ നേരിടുന്ന വിവിധ വിഷയങ്ങളെക്കുറിച്ചും മന്ത്രി ചോദിച്ചറിഞ്ഞു. സ്കൂളുകളിൽ മറ്റു വിഷയങ്ങളെ പോലെ കായിക വിദ്യാഭ്യാസവും നിർബന്ധമാക്കണമെന്നും അതിന്റെ പ്രാധാന്യം ചെറുപ്രായത്തിൽതന്നെ കുട്ടികൾ അറിയേണ്ടത് അത്യാവശ്യമാണെന്നും മുൻ താരങ്ങൾ അഭിപ്രായപ്പെട്ടു. കായിക രംഗത്ത് വളരെ പുരോഗമനമായ നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കിക്കാണ്ടിരിക്കുന്നതെന്നും, ചർച്ച ചെയ്തതിൽ പ്രാധാനപ്പെട്ട വിഷയങ്ങളിൽ പരിഹാരം കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയോടനുബന്ധിച്ച് ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ്റെ നേതൃത്വത്തിൽ കളരിപ്പയറ്റും അവതരിപ്പിച്ചു. സായിക്ക് കീഴിലുള്ള തലശ്ശേരി എസ്.ടി.സിയിലെ താരങ്ങളുടെ ഫെൻസിങ് മത്സരവും നടന്നു. തുടർന്ന് നടന്ന വോളിബോൾ മത്സരത്തിൽ സായിയിലെ നിലവിലെ താരങ്ങളും മുൻതാരങ്ങളും എറ്റുമുട്ടി. 

ചടങ്ങിൽ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻ്റ് ഒ.കെ. വിനീഷ് അധ്യക്ഷനായി. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് രാജഗോപാൽ, ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ ജനറൽ സെക്രട്ടറി അഡ്വ. ടി. സോമൻ, ജില്ലാ പ്രസിഡൻ്റ് എ. മൂസ ഹാജി, സായി എൽ.എൻ.സി.പി.ഇ റീജ്യൺ പ്രിൻസിപ്പൽ ഡോ.ജി. കിഷോർ, വിവിധ ജില്ലകളിൽ നിന്നുള്ള കായികതാരങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

date