Skip to main content

പ്ലാസ്റ്റിക് റോഡും, പിടുപിയും ഇരവിപേരൂരിന്റെ നൂതനപദ്ധതികള്‍

ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഒരുപടി മുന്നിലാണ് ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത്. പുതിയ ഭരണസമിതിയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ നിരവധിയാണ്. വികസന ക്ഷേമ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. ശശിധരന്‍ പിള്ള സംസാരിക്കുന്നു:

പി ടു പി (പഞ്ചായത്ത് ടു പീപ്പിള്‍)
സംസ്ഥാനത്ത് ആദ്യമായി പഞ്ചായത്ത് ഓഫീസില്‍ നിന്നുള്ള സേവനങ്ങളെ പൂര്‍ണമായും ഓണ്‍ലൈനില്‍ ലഭ്യമാക്കുന്ന പഞ്ചായത്ത് ടു പീപ്പിള്‍ പദ്ധതി നടപ്പാക്കി. കോവിഡ് പശ്ചാത്തലത്തില്‍ നടപ്പാക്കിയ ജനോപകാരപ്രദമായ പദ്ധതി കൂടിയാണിത്. സമയബന്ധിത സേവനം പഞ്ചായത്ത് ഓഫീസില്‍ നിന്നും ഉറപ്പാക്കി. അപേക്ഷകരുടെ സമയം, സാമ്പത്തികനഷ്ടം എന്നിവ ഒഴിവാക്കി സമയബന്ധിതമായി സേവനങ്ങള്‍ ഈ പദ്ധതിയിലൂടെ ലഭ്യമാക്കുന്നു. കൂടാതെ, ഗുണനിലവാരവും സുതാര്യതയും ആധുനികതയും ഉറപ്പാക്കുന്നു. പഞ്ചായത്തില്‍ നിലവിലുള്ള അക്ഷയ കേന്ദ്രങ്ങള്‍, ജനസേവാകേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ആകെ പത്ത് കേന്ദ്രങ്ങള്‍ പി ടു പി സെന്ററുകളായി പ്രവര്‍ത്തിച്ചാണ് പഞ്ചായത്തിന്റെ സേവനങ്ങള്‍ ലഭ്യമാക്കുന്നത്.

പ്ലാസ്റ്റിക് റോഡ്
2012 മുതല്‍ നടപ്പാക്കിയ നൂതന പദ്ധതിയാണിത്. ആദ്യഘട്ടം സ്‌കൂള്‍-അങ്കണവാടികളില്‍ ഡെസ്റ്റ്ബിന്‍ സ്ഥാപിച്ചു. തുടര്‍ന്ന് ഹരിതകര്‍മ്മ സേനയിലൂടെയും പ്ലാസ്റ്റിക് സംഭരണം നടത്തി. സംഭരിച്ച പ്ലാസ്റ്റിക്കിനെ പൊടിച്ച് റോഡ് ടാറിംഗിന് ഉപയോഗിക്കുന്ന ശാസ്ത്രീയ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരിക്കുന്ന പരിപാടി സംഘടിപ്പിച്ചു. പൊടിച്ച പ്ലാസ്റ്റിക്ക് വില്‍പ്പന നടത്തിയും റോഡ് ടാറിംഗിന് പ്ലാസ്റ്റിക് ചേര്‍ക്കുന്നതിലൂടെ ബിറ്റുമിന്‍ ചെലവ് ലാഭിച്ചും വരുമാനം കണ്ടെത്തിയ പദ്ധതിയാണിത്. ടാറിംഗിനായി ആകെ 8416 കിലോ പ്ലാസ്റ്റിക്കാണ് ഉപയോഗിച്ചത്. ഇതിലൂടെ 91,755 രൂപയാണ് ലഭിച്ച വരുമാനം.

ഇരവിപേരൂര്‍ റൈസ്
തരിശുരഹിത പഞ്ചായത്ത് ലക്ഷ്യമിട്ടുള്ള തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളിലൂടെ ഇരവിപേരൂര്‍ റൈസ് എന്ന ഗുണമേന്മയുള്ള തനത് അരി ഉത്പാദിപ്പിച്ച് വിതരണം ചെയ്തു വരുന്നു. ഇതിന്റെ ഭാഗമായി പാടശേഖരസമിതികളുടെ രൂപീകരണം, പാടങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍, യന്ത്രസാമഗ്രികളുടെ ലഭ്യത ഉറപ്പാക്കല്‍ എന്നിവ സാധ്യമാക്കി. വാര്‍ഷിക പദ്ധതിയുടെ ഭാഗമായി കാര്‍ഷികോപാധികള്‍ സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കി. പഞ്ചായത്ത്, കൃഷി, ഇറിഗേഷന്‍ എന്നീ വകുപ്പുകളുടേയും ഇതര ത്രിതല പഞ്ചായത്ത് വാര്‍ഷിക പദ്ധതികളുടേയും കുടുംബശ്രീ, സഹകരണ ബാങ്കുകള്‍ എന്നിവയുടേയും ഏകോപനത്തിലൂടെ പഞ്ചായത്തിലെ 68 ശതമാനം നിലത്തും നെല്‍കൃഷി സാധ്യമാക്കി.

ആദി പമ്പ-വരട്ടാര്‍ നദീ പുനരുജ്ജീവനം
2013ല്‍ നദീ പുനരുജ്ജീവനത്തിനായി പദ്ധതി തയാറാക്കി സമര്‍പ്പിച്ചു. 2017 സെപ്റ്റംബര്‍ രണ്ടിന് ഓതറ-പുതുക്കുളങ്ങര, വരട്ടാര്‍ നദീമുഖത്ത്, ജനകീയ വീണ്ടെടുപ്പ് പൂര്‍ത്തീകരിച്ചതിന്റേയും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കുള്ള 70 കോടി രൂപയുടെ സര്‍ക്കാര്‍ പദ്ധതികളുടെ പ്രഖ്യാപനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. കോവിഡ് കാലത്തിന് ശേഷം ഇനി ഞാന്‍ ഒഴുകട്ടെ പദ്ധതിപ്രകാരം മണ്ണിട്ട് തോട് ഇരവിപേരൂര്‍ മുതല്‍ കുറ്റൂര്‍ വരെ പുനരുജ്ജീവിപ്പിച്ചു.

ഭാവി പദ്ധതികള്‍  
ഗ്രാമപഞ്ചായത്തിലെ നിരാലംബരായ  വ്യക്തികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാനുള്ള പദ്ധതി നടപ്പാക്കും. നിലവില്‍ 13 ചെറുകിട കുടിവെള്ള പദ്ധതികളാണുള്ളത്. കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ഇനി കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും. മുടങ്ങിക്കിടക്കുന്ന കുടിവെള്ള പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കും. അതേപോലെ തന്നെ ഇനിയും തെരുവ് വിളക്കില്ലാത്ത സ്ഥലങ്ങളില്‍ നിലാവ് പദ്ധതിയുടെ ഭാഗമായി തെരുവ് വിളക്ക് സ്ഥാപിക്കും. വാഹനസൗകര്യം ഇല്ലാത്ത പഞ്ചായത്തിലെ സ്ഥലങ്ങളിലേക്ക് ഗ്രാമവണ്ടി പദ്ധതി പ്രകാരം പൊതുഗതാഗത സൗകര്യം ഉറപ്പാക്കും.

മറ്റു പ്രധാന നേട്ടങ്ങള്‍
ഹരിതകര്‍മസേനയ്ക്ക് സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തു. പ്രളയസാധ്യത മുന്നില്‍ കണ്ട് 20 പേര്‍ക്ക് സഞ്ചരിക്കാവുന്ന ഡിങ്കിബോട്ട് വാങ്ങി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പാക്കി. വീട്ടുവളപ്പില്‍ കുളത്തിലെ മത്സ്യകൃഷി നടപ്പാക്കി. തുമ്പൂര്‍മൂഴി മോഡല്‍ കമ്യൂണിറ്റി ലെവല്‍ കമ്പോസ്റ്റിംഗ് യൂണിറ്റ് സ്ഥാപിച്ചു. യുവജനങ്ങള്‍ക്കായി സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ നവീകരണം നടത്തി. പഞ്ചായത്ത് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ രൂപീകരിച്ചു. മാലിന്യ സംസ്‌കരണ പ്ലാന്റിന് വേണ്ടി എംസിഎഫ്, ആര്‍ആര്‍എഫ് കെട്ടിട നിര്‍മാണത്തിനായി സ്ഥലം വാങ്ങി.

date