Skip to main content

ആധുനിക ശ്മശാനവും ബാസ്‌ക്കറ്റ് ബോള്‍ കോച്ചിംഗും; തോട്ടപ്പുഴശേരി പഞ്ചായത്തിന്റെ സ്വപ്നപദ്ധതികള്‍

ആധുനിക ശ്മശാനം നിര്‍മിക്കുന്നതും കുട്ടികള്‍ക്ക് ബാസ്‌ക്കറ്റ് ബോള്‍ പരിശീലനം നല്‍കുന്നതും തോട്ടപ്പുഴശേരി പഞ്ചായത്തിന്റെ സ്വപ്ന പദ്ധതികളാണ്. പഞ്ചായത്ത് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് ആധുനിക ശ്മശാനത്തിന്റെ അഭാവം. ഇതിനു പരിഹാരമായി എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ശ്മശാനം നിര്‍മിക്കും. തോട്ടപ്പുഴശേരി പഞ്ചായത്തിലുള്‍പ്പെടുന്ന കുറിയന്നൂര്‍ ബാസ്‌ക്കറ്റ് ബോള്‍ കളിയുടെ ഹബ്ബാണ്. ഇവിടെ കുട്ടികള്‍ക്ക് ബാസ്‌ക്കറ്റ് ബോള്‍ കോച്ചിംഗ് കൊടുക്കുന്ന പ്രോജക്ട് നടപ്പാക്കും. അവധിക്കാല ക്യാമ്പും ഉള്‍പ്പെടുത്തും. വികസന പദ്ധതികളെക്കുറിച്ച് തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എസ്.ബിനോയ് സംസാരിക്കുന്നു:

വികസനപദ്ധതികള്‍
എല്ലാ വാര്‍ഡുകളിലേയും റോഡ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ചു. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭവനനിര്‍മാണം നടത്തി. അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയ മുന്നേറ്റമാണ് പഞ്ചായത്ത് കൈവരിച്ചത്.

കുടിവെള്ള പ്രശ്നത്തെ തരണം ചെയ്യും
തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തില്‍ കുടിവെള്ളത്തിന്റെ ദൗര്‍ലഭ്യം രൂക്ഷമായിരുന്നു. ജലജീവന്‍ മിഷനില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ ഭൂരിഭാഗം വീടുകളിലും വാട്ടര്‍ കണക്ഷന്‍ എത്തിച്ച് കഴിഞ്ഞു. ബാക്കിയുള്ള വീടുകളിലേക്ക് വാട്ടര്‍ കണക്ഷന്‍ നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചു വരുകയാണ്. ഗുണമേന്മയുള്ള പൈപ്പുകള്‍ ഉണ്ടെങ്കില്‍ മാത്രമേ മലയോര പ്രദേശങ്ങളിലേക്ക് കുടിവെള്ളം എത്തിക്കാന്‍ സാധിക്കൂ. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. വേനല്‍ക്കാലത്ത് എട്ട് വാര്‍ഡുകളില്‍ കുടിവെള്ള പ്രശ്‌നം രൂക്ഷമായതിനാല്‍ ടാങ്കര്‍ ലോറിയില്‍ വെള്ളം വിതരണം ചെയ്തു. മാത്രമല്ല വാട്ടര്‍ കിയോസ്‌ക് സ്ഥാപിക്കുന്നതിനായി 39 ലക്ഷം രൂപ  ഫണ്ട് അനുവദിച്ചിട്ടുണ്ട്.

മാലിന്യസംസ്‌കരണത്തിന് എംസിഎഫ്
ഹരിതകര്‍മ്മ സേനയുടെ നേതൃത്വത്തില്‍ പഞ്ചായത്തുകളിലെ മാലിന്യം ശേഖരിച്ച് വേര്‍തിരിക്കുന്നതിനുള്ള മിനി എംസിഎഫ് സ്ഥാപിച്ചിട്ടുണ്ട്. മാലിന്യ സംസ്‌കരണത്തിന് മികച്ച പ്രവര്‍ത്തനമാണ് നടക്കുന്നത്.

തെരുവ് വിളക്ക്
നിലാവ് പദ്ധതിയിലുള്‍പ്പെടുത്തി പഞ്ചായത്തിലെ തെരുവുവിളക്കുകളെല്ലാം പ്രവര്‍ത്തനസജ്ജമാക്കി.

date