Skip to main content
ജില്ല കളക്ടർ ജാഫർ മാലിക്കിന്റെ അധ്യക്ഷതയിൽ നടന്നലാൻഡ് റെക്കോർഡ്സ് മോണിറ്ററിങ്ങ് കമ്മിറ്റി യോഗം.

ജില്ലയിലെ ഭൂസർവ്വേ; രേഖകൾ കൃത്യമായി സൂക്ഷിക്കണം: കളക്ടർ

 

          ജില്ലയിലെ വിവിധ താലൂക്ക് ഓഫീസുകളിൽ സർവ്വേയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന അപേക്ഷകളുടെ രേഖകളും രജിസ്റ്ററുകളും കൃത്യമായി പരിപാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമമെന്ന് ജില്ല കളക്ടർ ജാഫർ മാലിക്ക്. വിവിധ താലൂക്കുകളിലെ തഹസിൽദാർമാരും സർവ്വേയർമാരും പങ്കെടുത്ത ലാൻഡ് റെക്കോർഡ്സ് മോണിറ്ററിങ്ങ് കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

          സർവ്വേയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന അപേക്ഷകൾ മുൻഗണന ക്രമത്തിൽ തന്നെ പരിശോധിക്കണം. പ്രത്യേക പരിഗണന നൽകുന്ന അപേക്ഷകളിൽ പരിഗണന നൽകാനിടയായ കാരണം നിർബന്ധമായും രേഖപ്പെടുത്തണം. ചികിത്സ, വിവാഹം, വിദ്യാഭ്യാസ ആവശ്യങ്ങൾ തുടങ്ങിയ കാര്യങ്ങൾക്കാണ് മുൻഗണന നൽകാൻ സാധിക്കുന്നത്. വിവിധ താലൂക്ക് ഓഫീസുകളിൽ ജൂൺ വരെ ലഭിച്ച സർവേ അപേക്ഷകളുടെ വിവരങ്ങൾ ജൂലൈ 31 ന് മുമ്പായി വർഷം തിരിച്ച് സമർപ്പിക്കണമെന്നും ജില്ലാ കളക്ടർ നിർദേശം നൽകി. എല്ലാ മാസവും സർവ്വേയർമാർ പ്രവർത്തന റിപ്പോർട്ട് കൃത്യമായി സമർപ്പിക്കുന്നുണ്ടെന്ന് ഹുസൂർ ശിരസ്തദാറും എൽ.ആർ തഹസിൽദാർമാരും ഉറപ്പാക്കണമെന്നും കളക്ടർ പറഞ്ഞു.

ഓരോ താലൂക്കിലെയും ദുരന്ത നിവാരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ചുമതലപ്പെടുത്തിയിട്ടുള്ള ഡെപ്യൂട്ടി കളക്ടർമാർക്ക് സർവ്വേ പ്രവർത്തനങ്ങളും നിരീക്ഷിക്കാനുള്ള ചുമതല നൽകും. ഇവരുടെ നേതൃത്വത്തിൽ എല്ലാ മാസവും അവലോകന യോഗം ചേരും. നിയമവും സമതയും മാനുഷിക പരിഗണനയും നൽകി ഓരോ അപേക്ഷയും തീർപ്പാക്കണമെന്നും കളക്ടർ പറഞ്ഞു.  

യോഗത്തിൽ ഡെപ്യൂട്ടി കളക്ടർമാരായ ബി അനിൽകുമാർ, ജെസ്സി ജോൺ, പി.ബി സുനിലാൽ,  സർവ്വേ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ കെ.കെ സുനിൽ തുടങ്ങിയവർ പങ്കെടുത്തു.

date