Skip to main content

വീടുകൾ വയോജന സൗഹാർദമാകണം, സംരക്ഷണം വീടുകളിൽനിന്ന് ആരംഭിക്കണം- മേയർ ബീനാ ഫിലിപ്പ്

 

 

(PR/CLT/92- 07/22)

 

വയോജന നയം കർമപഥത്തിലേക്ക്: ദ്വിദിന ശില്പശാല സംഘടിപ്പിച്ചു

വീടുകൾ വയോജന സൗഹാർദമാക്കി അവരുടെ സംരക്ഷണം വീടുകളിൽനിന്ന് ആരംഭിക്കണമെന്ന് മേയർ ബീനാ ഫിലിപ്പ്. 'വയോജന നയം കർമപഥത്തിലേക്ക്' എന്ന വിഷയത്തിൽ എസ്.കെ. പൊറ്റെക്കാട്ട് ഹാളിൽ സംഘടിപ്പിച്ച ദ്വിദിന ശില്പശാലയിൽ സംസാരിക്കുകയായിരുന്നു മേയർ. വീടുകളിൽ വയോജന സൗഹൃദ അന്തരീക്ഷമൊരുക്കാൻ ചവിട്ടു പടികൾക്കും സ്റ്റെയർകേയ്സുകൾക്കും കൈവരികൾ നൽകണം. വയോജനങ്ങളുടെ ശാരീരിക, മാനസിക അവസ്ഥകൾ മനസിലാക്കി പെരുമാറാൻ മറ്റുള്ളവർക്ക് കഴിയണമെന്നും മേയർ പറഞ്ഞു. 

സമ​ഗ്ര വയോജന ക്ഷേമത്തിനായുള്ള കോർപ്പറേഷന്റെ പ്രത്യേക പദ്ധതിക്കാണ് ശില്പശാലയോടെ തുടക്കമായത്. കോർപ്പറേഷനിലെ വിവിധ വാർഡുകളിൽനിന്നുള്ള 280-ഓളം റിസോഴ്സ് പേഴ്സൺസിനായാണ് രണ്ടുദിവസത്തെ ശില്പശാല സംഘടിപ്പിച്ചത്. ഡോ. വിജയകുമാറിന്റെ നേതൃത്വത്തിലുള്ള 14 അം​ഗ കിലെ വൈജ്ഞാനിക സംഘം വിവിധ സെഷനുകളിൽ ക്ലാസുകൾ നയിച്ചു. വയോജനങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ, പ്രശ്നപരിഹാര സംവിധാനങ്ങൾ, സർക്കാരിന്റെ വയോജന ക്ഷേമ പദ്ധതികൾ, അവയുടെ നടത്തിപ്പ്, ഭാവി പരിപാടികൾ എന്നിവ വിവിധ സെഷനുകളിലായി ചർച്ച ചെയ്തു. 

വയോജന ക്ഷേമത്തിനായുള്ള സമ​ഗ്ര പദ്ധതിക്ക് ശില്പശാലയിൽ രൂപംനൽകി. കോർപ്പറേഷൻ, സർക്കിൾ, ഡിവിഷൻ തലങ്ങളിൽ കോ-ഓഡിനേഷൻ സമിതി രൂപവത്കരിക്കും. ഡിവിഷൻ തലത്തിൽ കൗൺസിലർ, ആശ- അങ്കണവാടി പ്രവർത്തകർ, എ.ഡി.എസ്, സി.ഡി.എസ് അം​ഗങ്ങൾ എന്നിവരെ ഉൾപ്പെടുത്തും. ഡിവിഷനുകളിൽ 50 വീടുകൾ വീതമുള്ള ജിയോ​ഗ്രഫിക് ക്ലസ്റ്ററുകളുണ്ടായിരിക്കും. ക്ലസ്റ്റർതല കോർ ടീം മുതിർന്ന പൗരന്മാരുള്ള വീടുകൾ കണ്ടെത്തി വയോജന അയൽക്കൂട്ടം രൂപീകരിക്കും. 

ഓരോ അയൽക്കൂട്ടത്തിലും സേവന വിതരണം നടത്താൻ കഴിയുന്നവരെ ഉൾപ്പെടുത്തി സേവന വിതരണ സംഘം രൂപീകരിക്കും. സേവന വിതരണ സംഘം വീടുകൾ സന്ദർശിച്ച് വയോജനങ്ങൾക്കുള്ള സേവന പദ്ധതി തയ്യാറാക്കണം. ക്ലസ്റ്റർതല കോർ ടീമിന്റെ നേതൃത്വത്തിൽ ആഴ്ചയിലൊരിക്കലും വാർഡുതല സമിതി മാസത്തിൽ ഒരിക്കലും സേവന വിതരണ മോണിറ്ററിങ് നടത്തണം.

വയോജന ക്ഷേമത്തിന് കോർപ്പറേഷന്റെ ഭരണപരവും സാമൂഹ്യവുമായ ഇടപെടൽ ഫലപ്രദമാക്കാനാണ് പദ്ധതി രൂപവത്കരിച്ചതെന്ന് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി. ദിവാകരൻ പറഞ്ഞു. സ്ഥിരംസമിതി അധ്യക്ഷർ, കൗൺസിലർമാർ, റിസോഴ്സ് പേഴ്സൺസ് തുടങ്ങിയവർ പങ്കെടുത്തു.

date