Skip to main content
കേരള അക്വാ വെഞ്ചേഴ്സ് ഇന്റർനാഷ്ണൽ ലിമിറ്റഡ് (കാവിൽ )

അലങ്കാര മത്സ്യ കൃഷിയെ പ്രോത്സാഹിപ്പിച്ച് 'കാവിൽ '

 

അലങ്കാര മത്സ്യ കൃഷിയുടെ ഉത്പാദനവും വിപണനവും ലക്ഷ്യമാക്കി പ്രവർത്തിക്കുകയാണ് സംസ്ഥാന സർക്കാറിന്റെ കേരള അക്വാ വെഞ്ചേഴ്സ് ഇന്റർനാഷ്ണൽ ലിമിറ്റഡ് (കാവിൽ ) .
ആലുവ നഗരത്തിനടുത്ത് കിഴക്കേ കടുങ്ങല്ലൂരിലാണ് സ്ഥാപനം സ്ഥിതി ചെയ്യുന്നത്.

ആറ് അക്വാ ഹബ്ബുകളാണ് കടുങ്ങല്ലൂരിൽ നിർമ്മിച്ചിരുന്നതെങ്കിലും പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ചിരുന്നു. റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി ഭൂരിഭാഗവും നവീകരിച്ചു. സർക്കാർ നിർദ്ദേശമനുസരിച്ച് ഇവ സംരംഭകർക്ക് അലങ്കാര മത്സ്യ വിപണനത്തിനായി വാടക ഈടാക്കി ലഭ്യമാക്കും.
കമ്പനിയുടെ റീട്ടെയിൽ ഔട്ട്ലെറ്റിൽ പ്രവൃത്തി ദിനങ്ങളിൽ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെ ആവശ്യക്കാർക്ക് ഗുണമേൻമയുള്ള അലങ്കാര മത്സ്യങ്ങൾ ലഭിക്കും. മത്സ്യത്തീറ്റ , അക്വേറിയം ടാങ്കുകൾ, ബൗളുകൾ, അക്വേറിയം അനുബന്ധ ഉപകരണങ്ങൾ, അക്വേറിയം സസ്യങ്ങൾ എന്നിവയും ഇവിടെ  ലഭ്യമാണ്.

അലങ്കാര മത്സ്യ കൃഷിയിൽ പുതിയതായി സംരഭങ്ങൾ ആരംഭിക്കുന്ന കർഷകർക്ക് കാവിലിന്റെ എക്സ്റ്റൻഷൻ ഓഫീസർമാരുടെ സാങ്കേതിക സഹായങ്ങൾ ലഭ്യമാണ്. യൂണിറ്റുകൾ തുടങ്ങുന്നതിനും , ജല പരിശോധന നടത്തി ഗുണമേൻമ ഉറപ്പു വരുത്തുന്നതിനും, മത്സ്യ രോഗ നിർണയവും പരിഹാര നിർദ്ദേശം നൽകുന്നതിനും , മത്സ്യ വിപണനം, സാങ്കേതിക സഹായങ്ങൾ എന്നിവയ്ക്കും എക്സ്റ്റൻഷൻ ഓഫീസർമാരുടെ സഹായം ലഭിക്കും.
പുതിയതായി അലങ്കാരമത്സ്യകൃഷി തുടങ്ങാൻ ഉദ്ദേശിക്കുന്ന കർഷകർക്കും നിലവിൽ അലങ്കാര മത്സ്യകൃഷി നടത്തിവരുന്ന കർഷകർക്കും പ്രത്യേക വിഷയങ്ങളിൽ ആവശ്യമായ വിവിധ പരിശീലനങ്ങൾ , നൈപുണ്യ വികസന പരിപാടികൾ, ഫാം സന്ദർശനങ്ങൾ എന്നിവ കാവിൽ മുഖേന സംഘടിപ്പിക്കുന്നുണ്ട്. കർഷകർക്ക് സ്ഥാപനത്തിലെ ലാബ് സൗകര്യം പ്രയോജനപ്പെടുത്തി കൃഷിയുടെ വിവിധ ഘട്ടങ്ങളിൽ പരിശോധന നടത്തി രോഗവ്യാപനവും കൃഷിനാശവും തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കാവുന്നതാണ്.

കർഷകർക്ക് ആവശ്യമായ മത്സ്യവിത്ത് കാവിൽ ബ്രൂഡ് ബാങ്കിലൂടെ ലഭിക്കും. ആവശ്യമുള്ള മത്സ്യവിത്ത് ബുക്ക് ചെയ്യാവുന്നതാണ്. കച്ചവടക്കാർക്ക് അക്വേറിയം ടാങ്കുകൾ നിർമ്മിച്ചു നൽകുന്നതിനുള്ള യൂണിറ്റും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനനുസരിച്ച് ടഫൻഡ് ഗ്ലാസിൽ നിർമ്മിച്ചു നൽകും.

date