Skip to main content

ചോദ്യങ്ങൾ ഒളിപ്പിച്ച് വായനമരം; വായന അളക്കാൻ വേറിട്ട മത്സരം

കോട്ടയം: മാവ് നിറയെ മാമ്പഴം, മാമ്പഴത്തിനുള്ളിൽ ചോദ്യം,  മാമ്പഴം നുള്ളിയെടുത്ത് ഉള്ളിലൊളിപ്പിച്ച ചോദ്യത്തിന് ഉത്തരം നൽകിയാൽ ഉടനടി പുസ്തകങ്ങളും ഫലകവും സമ്മാനം. വായനപക്ഷാചരണത്തിന്റെ ഭാഗമായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ്, ജില്ലാ ഭരണകൂടം, സാഹിത്യപ്രവർത്തക സഹകരണസംഘം എന്നിവ സംയുക്തമായി കളക്‌ട്രേറ്റിൽ സർക്കാർ ജീവനക്കാർക്കായി സംഘടിപ്പിച്ച തത്സമയ ക്വിസ് മത്സരം വേറിട്ടതായി.
ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ജീവനക്കാർക്കുള്ള വായനമരം മത്സരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണർ ജി. അനീസ്, വിവിധ വകുപ്പുകളിലെ ജീവനക്കാർ, വകുപ്പുമേധാവികൾ എന്നിവർ പങ്കെടുത്തു.
മത്സരത്തിൽ സാഹിത്യകൃതികളുമായി ബന്ധപ്പെട്ട ചോദ്യങ്ങളായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. ജീവനക്കാരിലെ വായനയുടെ ആഴവും പരപ്പും വ്യക്തമാക്കുന്നതായി മത്സരം. 
സ്‌കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന വായനമരം തത്സമയ ക്വിസ് മത്സരപരിപാടി ഇന്ന് (ജൂലൈ 7) ഉച്ചകഴിഞ്ഞ് രണ്ടിന് എം.ഡി. സെമിനാരി സ്‌കൂളിൽ നടക്കും.

ഫോട്ടോകാപ്ഷൻ

വായനപക്ഷാചരണത്തോടനുബന്ധിച്ച് ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പും ജില്ലാ ഭരണകൂടവും സാഹിത്യ പ്രവർത്തക സഹകരണ സംഘവും ചേർന്ന് സർക്കാർ ജീവനക്കാർക്കുവേണ്ടി സംഘടിപ്പിച്ച വായനമരം തത്സമയ ക്വിസ് പരിപാടിയിൽ ചോദ്യമടങ്ങിയ മാമ്പഴം മത്സരാർഥി പറിക്കുന്നത് ഉദ്ഘാടകയായ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഐ.എ.എസ്. വീക്ഷിക്കുന്നു. മാമ്പഴത്തിനുള്ളിലെ ചോദ്യത്തിന് ശരിയുത്തരം നൽകുന്നവർക്ക് ഫലകവും പുസ്തകവുമായിരുന്നു സമ്മാനം.

(കെ.ഐ.ഒ.പി.ആര്‍ 1580/2022)

date