Skip to main content

അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട  ശക്തമായ മഴക്ക് സാധ്യത

 

 

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മൺസൂൺ പാത്തി അതിന്റെ സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായിട്ടുണ്ട്. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യുനമർദ്ദ പാത്തി നിലനിൽക്കുന്നു. തെക്കൻ ഒഡിഷ-വടക്കൻ ആന്ധ്രാ പ്രദേശ് തീരത്തിനു സമീപം മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നു. ഇതിന്റെ ഫലമായി അറബിക്കടലിൽ പടിഞ്ഞാറൻ /തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയുണ്ട്.

 

ജൂലൈ 11 വരെ മഞ്ഞ അലേർട്ട്

 

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ ജൂലൈ 11 വരെ കണ്ണൂർ ജില്ലയിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത.്

 

കനത്ത മഴയിൽ മൂന്ന് വീടുകൾ 

ഭാഗികമായി തകർന്നു

 

ജില്ലയിൽ തുടരുന്ന കനത്ത മഴയിൽ വിവിധ ഭാഗങ്ങളിൽ നാശനഷ്ടം. മൂന്ന് വീടുകൾ ഭാഗികമായി തകർന്നു. മട്ടന്നൂർ-ഇരിക്കൂർ റോഡിൽ നായിക്കാലിയിൽ പുഴയോരം ഇടിഞ്ഞു. തളിപ്പറമ്പ് താലൂക്കിലെ മയ്യിലിൽ രണ്ട് വീടുകൾ ഭാഗികമായി തകർന്നു. പയ്യന്നൂർ താലൂക്കിലെ കക്കറ ജി യു പി സ്‌കൂളിന്റെ മതിൽ തകർന്നു. ഏഴിലോട് കല്ലമ്പള്ളി റോഡിൽ കാർത്യായനിയുടെ വീടിന് മുകളിൽ മരം വീണ് മേൽക്കൂര തകർന്നു. ഏഴോം വില്ലേജിലെ മുട്ടുകണ്ടിയിൽ അരിങ്കളൻ ദേവിയുടെ വീടിനോട് ചേർന്ന മതിൽക്കെട്ട് തകർന്ന് നാശനഷ്ടം സംഭവിച്ചു. വീടിനും ചെറുതായി നാശനഷ്ടം ഉണ്ടായി. പിണറായി പാറപ്രത്ത് രണ്ട് വീടുകളിൽ വെള്ളം കയറി. വീട്ടുകാർ ബന്ധുവീടുകളിലേക്ക് താമസം മാറ്റി.

മുഴപ്പിലങ്ങാട് കുളം ബസാറിന് പടിഞ്ഞാറ് ഭാഗത്ത് വാഹിദ് മാസ്റ്റർ റോഡിന് സമീപം നാലു വീടുകളിൽ വെള്ളം കയറി. തോട്ടട എസ് എൻ കോളജിനു സമീപത്തെ ബീനയുടെ വീട്ടിലേക്ക് മണ്ണിടിഞ്ഞു. മാട്ടൂൽ സൗത്ത് മുസ്ലിംലീഗ് ഓഫീസിനു സമീപത്തെ വീടുകളിലും കണ്ണൂർ പുല്ലൂപ്പിക്കടവിലും വെള്ളംകയറി

date