Skip to main content

ദേശീയ മത്സ്യകർഷക ദിനാചരണം ഞായറാഴ്ച്ച ( 10)

 

മത്സ്യകൃഷി രംഗത്ത് വൻകുതിപ്പുണ്ടാക്കിയ നീല വിപ്ലവത്തെ പുരസ്‌കരിച്ച് നടത്തുന്ന ദേശീയ മത്സ്യകർഷക ദിനത്തിന്റെ മണ്ഡലതല ആചരണം ഞായറാഴ്ച്ച(ജൂലൈ 10) എടവനക്കാട് സർവ്വീസ് സഹകരണ ബാങ്ക് കെട്ടിടത്തിലെ കെ.കെ ബേബി മെമ്മോറിയൽ ഹാളിൽ നടക്കും. രാവിലെ പത്തിന് കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ജില്ലയിൽ എടവനക്കാട് ഉൾപ്പെടെ മൂന്നിടങ്ങളിലാണ് ദേശീയ മത്സ്യകർഷക ദിനം ആചരിക്കുന്നത്.

വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ അധ്യക്ഷത വഹിക്കും. ഫിഷറീസ് കോളജ് മുൻ ഡീൻ ഡോ കെ.എസ് പുരുഷൻ ക്ലാസ് എടുക്കും. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ മാനുവൽ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.ജി ഡോണോ മാസ്റ്റർ, അഡ്വ. എം.ബി ഷൈനി, വൈപ്പിൻ ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.എ സാജിത്ത്, മറ്റു ജനപ്രതിനിധികൾ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. മികച്ച മത്സ്യ കർഷകരെ ചടങ്ങിൽ ആദരിക്കും. മുതിർന്ന മത്സ്യകർഷകർ കൃഷി അറിവുകളും അനുഭവങ്ങളും പങ്കുവയ്ക്കും.

 1957ൽ ഡോ. അലികുഞ്ഞി, ഡോ. ഹിരാൽ ചൗധരി എന്നീ ശാസ്ത്രജ്ഞന്മാരുടെ പരീക്ഷണഫലമായി കൃത്രിമ പ്രജനന രീതി ഇന്ത്യ മേജർ കാർപ്പ് മത്സ്യങ്ങളിൽ വിജയപ്രദമായി നടപ്പാക്കിയതാണ് നീലവിപ്ലവത്തിന് വഴിയൊരുക്കിയത്. ഇന്ത്യൻ മേജർ കാർപ്പ് മത്സ്യ ഇനങ്ങളായ കട്ട്ല, രോഹു, മൃഗാൾ എന്നീ മത്സ്യക്കുഞ്ഞുങ്ങളുടെ ലഭ്യത വർധിച്ചതിലൂടെ ഉൾനാടൻ മത്സ്യസമ്പത്ത് ഗണ്യമായി ഉയരാനും തത്ഫലമായി നിരവധിപേരെ മത്സ്യകൃഷിയിലേക്ക് ആകർഷിക്കാനും കഴിഞ്ഞു.

സംസ്ഥാനത്തെ പ്രധാന തീരമണ്ഡലമായ വൈപ്പിനിൽ മത്സ്യകൃഷിയുടെ വികസനത്തിനും കർഷകരുടെ അഭിവൃദ്ധിക്കും യോജിച്ച പദ്ധതികൾ ദിനാചരണത്തോട് അനുബന്ധിച്ച് ആസൂത്രണം ചെയ്യുമെന്നു കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അറിയിച്ചു.

date