Skip to main content
ദേശീയ മത്സ്യകർഷക ദിനത്തിന്റെ മണ്ഡലതല ആചരണം കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ദേശീയ മത്സ്യകർഷക ദിനം വൈപ്പിൻ മണ്ഡലത്തിൽ വിപുലമായി ആചരിച്ചു മത്സ്യസമ്പത്തിന്റെ വർധനയ്ക്ക് ശാസ്ത്രീയ നടപടികൾ സ്വീകരിക്കും: കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ

 

സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ വൈപ്പിനിൽ ദേശീയ മത്സ്യകർഷകദിനം വിപുലമായ  പരിപാടികളോടു കൂടി ആചരിച്ചു. സംസ്ഥാനത്തെ പ്രധാന തീരമണ്ഡലമായ വൈപ്പിനിൽ മത്സ്യസമ്പത്തിന്റെ വർധനയ്ക്ക് ശാസ്ത്രീയ നടപടികൾ സ്വീകരിക്കുമെന്ന് കെ എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ പറഞ്ഞു. 

കടലും കായലും അതിരിടുന്ന പ്രദേശത്ത് കൂടുകൃഷി ഉൾപ്പെടെ ബഹുതല സർക്കാർ പദ്ധതികൾ ഊർജിതമാക്കും. കടലും തീരവും മത്സ്യസമൃദ്ധിക്ക് ഉതകും വിധം പ്ലാസ്റ്റിക് മുക്തമാക്കുന്ന ശുചിത്വ സാഗരം സുന്ദര തീരം പദ്ധതി വിപുലമായി നടപ്പാക്കുന്നതിനൊപ്പം കായലിലേക്ക് മത്സ്യസമ്പത്ത് കൈവഴികളിൽ നീരൊഴുക്ക് വർധിപ്പിക്കാനും നടപടികൾ അവലംബിക്കും.

മത്സ്യകൃഷി രംഗത്ത് വൻകുതിപ്പുണ്ടാക്കിയ നീല വിപ്ലവത്തെ പുരസ്‌കരിക്കുന്ന ദേശീയ മത്സ്യകർഷക ദിനത്തിന്റെ മണ്ഡലംതല ആചരണം എടവനക്കാട് സർവ്വീസ് സഹകരണ ബാങ്ക് കെട്ടിടത്തിലെ കെ.കെ ബേബി മെമ്മോറിയൽ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.എൻ ഉണ്ണിക്കൃഷ്ണൻ. ജില്ലയിൽ വൈപ്പിൻ  ഉൾപ്പെടെ മൂന്നിടങ്ങളിൽ മാത്രമാണ് ദേശീയ മത്സ്യകർഷക ദിനം ഔദ്യോഗികമായി ആചരിക്കുന്നതെന്നത് തീരമണ്ഡലത്തിന് സർക്കാർ നൽകുന്ന സവിശേഷ പരിഗണനയ്ക്ക് തെളിവാണെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി.

വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  കെ.എ സാജിത്ത് അധ്യക്ഷത വഹിച്ചു. ഫിഷറീസ് കോളജ് മുൻ ഡീൻ ഡോ. കെ.എസ് പുരുഷൻ ക്ലാസ് എടുത്തു. ഗ്രാമ പഞ്ചായത്ത് അംഗം കെ.ജെ ആൽബി, ഫിഷറീസ് ജൂനിയർ  സൂപ്രണ്ട് പി സന്ദീപ്, അസിസ്റ്റന്റ് എക്സ്റ്റൻഷൻ ഓഫീസർമാരായ കെ.ഡി രമ്യ, ബി.എസ് സീതാലക്ഷ്‌മി എന്നിവർ പ്രസംഗിച്ചു. 

മുതിർന്ന മത്സ്യ കർഷകരായ നായരമ്പലത്തെ മരിയ ദാസൻ, എടവനക്കാടുള്ള കെ.ജി ദിനേശൻ എന്നിവരെ ചടങ്ങിൽ കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ആദരിച്ചു. മുതിർന്ന മത്സ്യകർഷകർ കൃഷി അറിവുകളും അനുഭവങ്ങളും പങ്കുവച്ചു.

date