Skip to main content

വള്ളിക്കോട് പഞ്ചായത്തിലെ സര്‍വേ നടപടികള്‍ ഡിസംബറോടെ പൂര്‍ത്തിയാക്കും: അഡ്വ.കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ

വള്ളിക്കോട് പഞ്ചായത്തിലെ സര്‍വേ നടപടികള്‍ ഡിസംബറോടെ പൂര്‍ത്തിയാക്കുമെന്ന് അഡ്വ.കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. ഡിജിറ്റല്‍ സര്‍വേ ജോലികള്‍ പൊതുജന പങ്കാളിത്തത്തോടെ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമി സംബന്ധമായ എല്ലാ വിവരങ്ങളും കൃത്യതയോടെയും സുതാര്യതയോടെയും ഉറപ്പ് വരുത്തും.

 

ഭൂമി സംബന്ധമായ നിരവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സ്ഥലമാണ് കോന്നി മണ്ഡലം. അത്തരം നൂലാമാലകളും അപാകതകളും എല്ലാം പരിഹരിച്ച് കുറഞ്ഞ സമയം കൊണ്ട് കോന്നി മണ്ഡലത്തിലെ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കും. അനധികൃത കൈയേറ്റങ്ങള്‍ കൃത്യമായി നിര്‍ണയിക്കാനും അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കി ഉപഭോക്തൃസേവനം ജനപ്രിയമാക്കാനും ഡിജിറ്റല്‍ സര്‍വേയിലൂടെ സാധിക്കും. എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യം നേടാന്‍ ജനങ്ങളും സര്‍ക്കാരിനൊപ്പം കൈകോര്‍ക്കണമെന്നും എംഎല്‍എ പറഞ്ഞു.

 

വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. മോഹനന്‍ നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി. പി. ജോണ്‍, കാസര്‍ഗോഡ് സര്‍വേ ഡെപ്യുട്ടി ഡയറക്ടര്‍ എസ്. സലിം സെമിനാറില്‍ വിഷയാവതരണം നടത്തി. ദക്ഷിണമേഖലാ സര്‍വേ ജോയിന്റ് ഡയറക്ടറും സര്‍വെ ഡെപ്യുട്ടി ഡയറക്ടറുമായ എം.ബി. സിന്ധു, സര്‍വേ ഡയറക്ടറേറ്റ് ഡെപ്യുട്ടി ഡയറക്ടര്‍ എന്‍.കെ. ബാബു, സര്‍വേ അസിസ്റ്റന്റ് ഡയറക്ടര്‍ സിദ്ധ്യാന പ്രസാദിന്‍ പ്രഭാമണി, കോന്നി ഭൂരേഖ തഹസില്‍ദാര്‍ ബിനുരാജ്, വള്ളിക്കോട് പഞ്ചായത്ത് സെക്രട്ടറി നന്ദകുമാര്‍, ജില്ലാ സര്‍വേ സൂപ്രണ്ട് നമ്പര്‍ ടു കെ.കെ. അനില്‍കുമാര്‍, ജില്ലാ സര്‍വേ സൂപ്രണ്ട് നമ്പര്‍ വണ്‍ വി. അജിതകുമാരി, വാര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date