Skip to main content

ആഫ്രിക്കൻ പന്നി പനി :  ജില്ലയിലും ജാഗ്രത നിർദ്ദേശം 

 

രാജ്യത്ത് ആഫ്രിക്കൻ പന്നി പനി (സ്വൈൻ ഫീവർ)  റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിൽ  പ്രതിരോധ നടപടികള്‍ ശക്തമാക്കി മൃഗസംരക്ഷണ വകുപ്പ്. ജില്ലയിലെ സർക്കാർ/ സ്വകാര്യ പന്നി വളർത്തൽ കേന്ദ്രങ്ങളിൽ പന്നികളിൽ രോഗലക്ഷണമോ മരണമോ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടോ എന്ന് ശ്രദ്ധിക്കാൻ ജില്ലാ മൃഗസംരക്ഷണ വകുപ്പ് നിർദ്ദേശം  നൽകി. ഈ മാസം 19ന്  പറവട്ടാനി  ജില്ലാ വെറ്ററിനറി കോംപ്ലക്സിലെ ആനിമൽ ഡിസീസ്  കൺട്രോൾ പ്രൊജക്ട് ഓഫീസിൽ   ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പന്നി കർഷകർക്കായി സെമിനാർ സംഘടിപ്പിക്കും. 

ജാഗ്രതാ നിർദ്ദേശത്തിൻ്റെ ഭാഗമായി  പന്നിഫാം ഉടമസ്ഥർക്കും സർക്കാർ പന്നിഫാമിലെ ഉദ്യോഗസ്ഥർക്കും ആവശ്യമായ ബോധവൽക്കരണം നൽകി. രോഗ പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള  ലഘുലേഖകളും എല്ലാ ഫാമുകളിലും വിതരണം ചെയ്തിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും  എല്ലാ മുൻകരുതൽ നടപടികളും രോഗബാധ തടയുന്നതിനായി സ്വീകരിച്ചിട്ടുണ്ടെന്നും  മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. 

പന്നികളെ ബാധിക്കുന്ന മാരകവും അതി സാംക്രമികവുമായ ഒരു വൈറസ് രോഗമാണ് ആഫ്രിക്കൻ പന്നി പനി. ഫലപ്രദമായ വാക്സിനോ ചികിത്സയോ ഇല്ലാത്ത രോഗമായതിനാൽ മുൻകരുതൽ നടപടികൾ സ്വീകരിക്കാനാണ് നിർദ്ദേശം. ഇതിനായി   ബയോ സെക്യൂരിറ്റി നടപടികൾ കാര്യക്ഷമമാക്കി. ഫാമുകളുടെ പ്രവേശന കവാടത്തിലേക്ക്  ആരെയും  പ്രവേശിപ്പിക്കില്ല. ഫാമുകൾ  അണുവിമുക്തമാക്കുന്നതിനുള്ള നടപടി സ്വീകരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതോടൊപ്പം  പുറത്ത് നിന്ന് പന്നികളെ വാങ്ങുന്നതിനും താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 

*രോഗ നിർണയം എങ്ങനെ 

ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബിഹാറിലും ആഫ്രിക്കൻ പന്നി പനി റിപ്പോർട്ട് ചെയ്യപ്പെട്ടതായാണ് കേന്ദ്ര മൃഗസംരക്ഷണ വകുപ്പിൽ നിന്നുള്ള അറിയിപ്പ്. രോഗ നിർണയത്തിനായി രക്ത സാമ്പിളുകൾ, പ്ലീഹ, ലിംഫ് ഗ്രന്ഥികൾ, ടോൺസിൽ, ശ്വാസ കോശം, വൃക്കകൾ, മജ്ജ, എന്നിവ ശേഖരിച്ച്  എഫ് എ ടി   (FAT), ഇ എൽ ഐ എസ് എ   (ELISA), പി സി ആർ,  ഇമ്യുണോ  ബ്ലോട്ടിങ്,  ഇമ്യുണോ പെറോക്സി ഡൈസ്  ടെസ്റ്റുകൾ എന്നിവ  വഴി രോഗനിർണയം സാധ്യമാകും. സമാന ലക്ഷണങ്ങൾ ഉള്ള ക്ലാസിക്കൽ സ്വൈൻ ഫീവർ  എറിസിഫലസ്, സാൽമണലോസിസ്, പാസ്ചറലോസിസ് എന്നിവയിൽ നിന്നും  ആഫ്രിക്കൻ പന്നിപ്പനി തിരിച്ചറിയാം. രോഗനിർണയ പ്രതിരോധ കുത്തിവെയ്പ് ഇല്ലാത്തതിനാൽ രോഗം കണ്ടെത്തിയ ഫാമുകളിൽ പന്നികളെ കൊന്നു കുഴിച്ച് മൂടുക എന്നതാണ് രോഗ നിയന്ത്രണത്തിൽ പ്രധാനം. ജന്തു ജന്യ രോഗം അല്ലാത്തതിനാൽ മനുഷ്യരിലേയ്ക്ക് പടരില്ല. 
അടിയന്തിര ജാഗ്രതാ നിർദ്ദേശത്തോടെ നിരീക്ഷണവും, ജൈവ സുരക്ഷ മാർഗങ്ങളും അവലംബിക്കാനാണ് ജില്ലാ മൃഗ സംരക്ഷണ വകുപ്പിന്റെ നിർദ്ദേശം.

date