Skip to main content

മഴ മുന്നൊരുക്കം ചർച്ച ചെയ്യാൻ  ചാലക്കുടിയിൽ യോഗം ചേർന്നു

 

ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സനീഷ് കുമാർ ജോസഫ് എംഎൽഎയുടെ അധ്യക്ഷതയിൽ ചാലക്കുടി പുഴയോരം പങ്കിടുന്ന പ്രദേശങ്ങളിലെ ജനപ്രതിനിധികളുടെയും  ഉദ്യോഗസ്ഥരുടെയും ഓൺലൈൻ യോഗം ചേർന്നു. ചാലക്കുടി പുഴയിലെയും പുഴയുടെ തീരങ്ങളിലെയും സ്ഥിതിഗതികൾ വിലയിരുത്തി സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ യോഗം ചർച്ച ചെയ്ത് തീരുമാനിച്ചു.
 
പറമ്പിക്കുളം ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കേരളത്തിന് മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് അടിയന്തര  സാഹചര്യങ്ങൾ നേരിടുന്നതിന് സജ്ജരായിരിക്കുവാൻ   ഫയർഫോഴ്സിനും പൊലീസിനും യോഗത്തിൽ നിർദേശങ്ങൾ നൽകി. ആവശ്യമെങ്കിൽ  ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നത് ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ തയ്യാറായിരിക്കുവാൻ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടും വില്ലജ് ഓഫീസർമാരോടും യോഗം നിർദേശിച്ചു.

ജില്ലാ കലക്ടർ ഹരിത വി കുമാർ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ കെ എസ് പരീത്, പരിയാരം, കാടുകുറ്റി അന്നമ്മനട തുടങ്ങിയ പഞ്ചായത്തുകളിലെ പ്രസിഡൻ്റുമാർ, ചാലക്കുടി  തഹസിൽദാർ ഇ എൻ രാജു, ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്‌ക്കർ, ചാലക്കുടി ഫയർ സ്റ്റേഷൻ ഓഫീസർ കെ ഹർഷ, ചാലക്കുടി ഡി വൈഎസ്പി  സി.ആർ സന്തോഷ്, വാഴച്ചാൽ ഡി എഫ് ഒ ആർ ലക്ഷ്മി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.  

date