Skip to main content

ദുരന്ത നിവാരണ മുന്നൊരുക്കം: പൊന്നാനി താലൂക്ക് തല യോഗം ചേര്‍ന്നു

മഴക്കാല ദുരന്തങ്ങള്‍ നേരിടുന്നതിനുള്ള ക്രമീകരണങ്ങള്‍ സ്വീകരിക്കുന്നതിനായി ഇന്‍സിഡന്റ്  റെസ്പോണ്‍സ് സിസ്റ്റം (ഐ.ആര്‍.എസ്) പൊന്നാനി താലൂക്ക് തല യോഗം എ.ഡി.എം എന്‍.എം മെഹ്‌റലിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായി ചേര്‍ന്നു. ദുരന്തങ്ങള്‍ ഉണ്ടാകാനിടയുള്ള പ്രദേശങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ ഭാരതപുഴയോരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കുന്നതിനും തീരുമാനിച്ചു. അനാവശ്യമായി പുഴകളിലും വെള്ളക്കെട്ടിലും ഇറങ്ങുന്നത് തടയുന്നതിനാവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കും. കടല്‍ ക്ഷോഭം രൂക്ഷമായ മേഖലകളിലെയും വെള്ളം കയറാന്‍ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിലെ കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക, വെള്ളക്കെട്ട് നേരിടുന്ന പ്രദേശങ്ങളില്‍ പരിഹാരം കണ്ടെത്തുക, മനുഷ്യ ജീവനും സ്വത്തിനും ഭീഷണിയാകുന്ന മരങ്ങള്‍ മുറിച്ചുമാറ്റാന്നതിനും മേഖലയിലെ കുടിവെള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുമായുള്ള നടപടികള്‍ സ്വീകരിക്കാനും  വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പിലാക്കാനും യോഗം തീരുമാനിച്ചു. വിവിധ പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍, വൈസ് പ്രെസിഡന്റുമാര്‍, തഹസില്‍ദാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, ബി.ഡി.ഒമാര്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍, ഐ.ആര്‍.എസ് അംഗങ്ങള്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

date