Skip to main content

ഗ്രീന്‍ഫീല്‍ഡ് ദേശീയപാത ; അദാലത്ത് സമാപിച്ചു

ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന നിര്‍ദ്ധിഷ്ട കോഴിക്കോട്-പാലക്കാട് ഗ്രീന്‍ഫീല്‍ഡ് ദേശീയപാതയുമായി ബന്ധപ്പെട്ട പരാതികളിന്മേലുള്ള അദാലത്ത് സമാപിച്ചു. ജൂലായ് നാല് മുതല്‍ 15 വരെ രണ്ടു ഘട്ടമായി മഞ്ചേരി ടൗണ് ഹാളിലായിരുന്നു അദാലത്ത്്. കൊണ്ടോട്ടി, ഏറനാട്, നിലമ്പൂര്‍, പെരിന്തല്‍മണ്ണ താലൂക്കുകളിലെ 15 വില്ലേജുകളില്‍ നിന്നുള്ള ഭൂവുടമകളാണ് അദാലത്തില്‍ പങ്കെടുത്തത്. ആകെ 2190 പേരാണ് അദാലത്തില്‍ പങ്കെടുത്തതെന്ന് ദേശീയപാത ഭൂമിയേറ്റെടുക്കല്‍ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ സി. പത്മചന്ദ്രക്കുറുപ്പ് പറഞ്ഞു. തഹസില്‍ദാര്‍മാരായ സി.കെ. നജീബ്, പി.എം. സമീറ, ഷീല തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഹിയറിങ്്. പദ്ധതിയ്ക്കായി ഏറ്റെടുക്കുന്ന വസ്തുവകകള്‍ക്ക് മതിയായ നഷ്ടപരിഹാരം കാലതാമസംകൂടാതെ ഉറപ്പാക്കണമെന്ന് അദാലത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗംപേരും ആവശ്യപ്പെട്ടു. ഹിയറിങ് പൂര്‍ത്തിയായതോടെ കല്ലിടല്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. കാലാവസ്ഥ അനുകൂലമായാല്‍ ആഗസ്റ്റ് മാസത്തോടെ കല്ലിടല്‍ ആരംഭിക്കും. കല്ലിടല്‍ പൂര്‍ത്തിയാകുന്നതോടെ ഏറ്റെടുക്കേണ്ട ഭൂമി സംബന്ധിച്ച് കൂടുതല്‍ വ്യക്തതവരും. ഇതിനുശേഷം വില നിര്‍ണയം നടത്തി ഭൂമിയേറ്റെടുക്കല്‍ നടപടികളിലേക്ക് കടക്കും. ത്രി ഡി അന്തിമവിജ്ഞാപനം പ്രസിദ്ധീകരിച്ചശേഷം ഭൂവുടമകള്‍ക്കുള്ള നഷ്ടപരിഹാരം വിതരണം ചെയ്യും. ഗ്രീന്‍ഫീല്‍ഡ് പാതയ്ക്കായി ജില്ലയില്‍നിന്നും 304.59 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ദേശീയപാത 66 ന്റെ മാതൃകയിലാകും ഗ്രീന്‍ഫീല്‍ഡ് പാതയുടെയും നഷ്ടപരിഹാര വിതരണം. ഭൂമി, കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാനിര്‍മിതികള്‍ക്കും, കാര്‍ഷികവിളകള്‍ക്കും മരങ്ങള്‍ക്കും വെവ്വേറെയായാണ് നഷ്ടപരിഹാരം നല്‍കുക. പദ്ധതിയ്ക്കായി ഭൂമിനല്‍കുന്നവര്‍ക്ക് നഷ്ടപരിഹാരത്തിനുപുറമേ പുനഃരധിവാസത്തിനും അര്‍ഹതയുണ്ടാകും. ഭാരത് മാല പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന റോഡുകളുടെ നഷ്ടപരിഹാരം സംസ്ഥാന സര്‍ക്കാരും ദേശീയപാത അതോറിറ്റിയും സംയുക്തമായാണ് നല്‍കുക.

 

date