Skip to main content
ചെല്ലാനം മറുവക്കാട് പാടശേഖരത്ത്  ഞാറ്റുവേലയുടെ  ഉദ്ഘാടനം ജില്ലാ കളക്ടർ ജാഫർ മാലിക്ക് നിർവഹിക്കുന്നു

ജില്ലാ കളക്ടർ ജാഫർ മാലിക്ക്  മറുവക്കാട് പാടശേഖരം സന്ദർശിച്ചു ; ഞാറ്റുവേല കളക്ടർ ഉദ്ഘാടനം ചെയ്തു

 

        ചെല്ലാനം മേഖലയിലെ കാർഷിക പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടർ ജാഫർ മാലിക്കിന്റെ നേതൃത്വത്തിൽ ചെല്ലാനം മറുവക്കാട് പാടശേഖരം സന്ദർശിച്ചു. കാർഷിക പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഞാറ്റുവേല ഞാറുകൾ നട്ട് കളക്ടർ ഉദ്ഘാടനം ചെയ്തു. 
        ചെല്ലാനം മേഖലയിലെ ഓരുവെള്ള ഭീഷണിക്ക് പരിഹാരം എന്ന നിലയിൽ പൊക്കാളിപാടശേഖരങ്ങളിൽ കൃഷി പുനഃരാരംഭിക്കണമെന്നും കാർഷിക പ്രവർത്തനങ്ങൾ ജില്ലാ കളക്ടർ അധ്യക്ഷനായ സമിതി നിരീക്ഷിക്കണമെന്നും ഹൈക്കോടതി നിർദേശം നൽകിയിരുന്നു. വർഷങ്ങളായി  കൃഷി നടക്കാതിരുന്ന സ്ഥലങ്ങളിൽ അടിസ്ഥാന വികസനം ഉൾപ്പടെ ഉറപ്പാക്കിയാണ് ഈ വർഷം കൃഷി ആരംഭിക്കുന്നത്. ഇതിനാവശ്യമായ ജല സേചന സൗകര്യങ്ങൾ ഉൾപ്പടെ കളക്ടർ വിലയിരുത്തി.
      ഒരു മീനും ഒരു നെല്ലും രീതിയിലാണ് പൊക്കാളിപ്പാടങ്ങളിൽ കൃഷി നടത്തുന്നത്. ആറു മാസം മത്സ്യ കൃഷിക്ക് ഉപയോഗിക്കുന്ന സ്ഥലം വെള്ളം വറ്റിച്ച ശേഷം നെൽകൃഷിക്ക് ഉപയോഗിക്കുകയാണു ചെയ്യുന്നത്. നെൽകൃഷി ലാഭകരമല്ലെന്ന കാരണം പറഞ്ഞു പ്രദേശത്തു മത്സ്യകൃഷി മാത്രമാണ് നടന്നിരുന്നത്. ഇത് ഓരു വെള്ളം കൂടുതൽ കയറുന്നതിനു കാരണമായി. ഈ പ്രശ്നം പരിഹരിക്കുക എന്ന ലക്ഷ്യത്തിലാണ് ഇവിടെ  വീണ്ടും നെൽകൃഷി ആരംഭിക്കുന്നത്. ചെല്ലാനം പഞ്ചായത്ത്‌ പരിധിയിലെ നൂറ് ഏക്കറോളം സ്ഥലത്താണ് ഇത്തവണ പൊക്കാളി നെൽകൃഷി ചെയ്യുന്നത്. നെൽകൃഷിക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് കളക്ടർ ഉറപ്പു നൽകി. പാടത്ത് ഞാറു നടുന്ന പ്രവർത്തനങ്ങളിൽ നേരിട്ട് പങ്കെടുത്ത ശേഷമാണ് കളക്ടർ മടങ്ങിയത്.
     പള്ളുരുത്തി ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങൾ, ചെല്ലാനം ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ, പോലീസ്, കൃഷി വകുപ്പ്, ഉദ്യോഗസ്ഥർ, പാട ശേഖര സമിതി അംഗങ്ങൾ തുടങ്ങിയവർ കളക്ടറുടെ ഒപ്പമുണ്ടായിരുന്നു.

date