Skip to main content

ജില്ലയുടെ ആരോഗ്യമേഖലയുടെ വികസനത്തിന് 42.72 കോടി രൂപയുടെ അംഗീകാരം ലഭിച്ചത് അഭിമാനകരം: മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട ജില്ലയുടെ ആരോഗ്യമേഖലയില്‍ 42.72 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചത് ഏറെ അഭിമാനകരമായ നേട്ടമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസനസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്. കോഴഞ്ചേരി പാലത്തിന്റെ അപ്രോച്ച് റോഡിനായി സ്ഥലം ഏറ്റെടുക്കുന്നതിന് 19 കോടി രൂപയുടെ ഫണ്ട് ലഭ്യമായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിജ്ഞാപനം  പ്രസിദ്ധീകരിച്ചു. അക്വിസിഷന്‍ അഡൈ്വസര്‍ പ്രദേശത്തെ കുടുംബങ്ങളുമായി സംസാരിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാകും. പൂര്‍ത്തിയാകാതെ കിടക്കുന്ന മാരാമണ്‍-ആറാട്ടുപുഴ റോഡ് ദുരിതപൂര്‍ണമായ യാത്രയാണെന്നും അത് സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും കളക്ടര്‍ നേരിട്ട് ഇടപെടണമെന്നും മന്ത്രി പറഞ്ഞു.

 

ലൈഫ്മിഷന്‍ പദ്ധതിയിലെ വീട് നിര്‍മാണത്തിനായി മണ്ണ് നീക്കം ചെയ്യുന്നതിന് ജിയോളജി വകുപ്പില്‍ നല്‍കുന്ന അപേക്ഷകളിലെ തീരുമാനം സമയബന്ധിതമായി എടുക്കണമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. ജിയോളജി വകുപ്പിന്റെ ഓഫീസില്‍ അപേക്ഷകള്‍ കെട്ടികിടക്കുകയാണെന്നും വേണ്ട സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് ചെയ്ത് കൊടുക്കണമെന്നും എംഎല്‍എ പറഞ്ഞു. കോന്നി എലിയറയ്ക്കലില്‍ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് വച്ച ട്രാന്‍സ്ഫോമറില്‍ നിന്ന് ജനങ്ങള്‍ക്ക് വൈദ്യുത വിതരണം നടത്തുന്നില്ലെന്ന പരാതിയില്‍ എത്രയും വേഗം പരിഹാരം കാണണം. പിഡബ്ല്യുഡി നടത്തേണ്ട മെയിന്റനന്‍സ് ജോലികള്‍ വേഗത്തില്‍ തീര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ കാട്ടുപന്നിശല്യത്തിന് പരിഹാരം കാണുന്നതിനായി തോക്ക് ലൈസന്‍സുള്ളവരെ ഉള്‍പ്പെടുത്തിയുള്ള ടാസ്‌ക്ഫോഴ്സ് രൂപീകരണം ഓഗസ്റ്റ് 15ന് മുന്‍പ് ജില്ലയിലെ എല്ലാ പഞ്ചായത്തുകളും പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ഓണത്തിന് മുന്‍പ്  പ്രധാനപ്പെട്ട റോഡുകളുടെ വശങ്ങളില്‍ വാഹനങ്ങള്‍ക്ക് അപകടമാംവിധം വളര്‍ന്ന് നില്‍ക്കുന്ന കാടുകള്‍ വെട്ടിത്തെളിക്കണം. ഇവിടെ മാലിന്യം നിക്ഷേപിക്കുന്നതിന് പരിഹാരം കാണണം. മല്ലപ്പുഴശ്ശേരി-ഇലന്തൂര്‍ കുടിവെള്ള പദ്ധതിയില്‍ പൈപ്പ് പൊട്ടിയതുമൂലമുണ്ടായ തകരാര്‍ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

നഗരത്തിലെ  ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് ട്രാഫിക് റഗുലേറ്ററി കമ്മറ്റി കൃത്യമായി ചേരണമെന്നും ജില്ലാതല ഉദ്യോഗസ്ഥര്‍ ഇതില്‍ പങ്കെടുക്കണമെന്നും പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി സക്കീര്‍ ഹുസൈന്‍ പറഞ്ഞു. നഗരത്തില്‍ മണ്ണ് ഖനനം, പാറ പൊട്ടിക്കല്‍ എന്നിവ തകൃതിയായി വ്യാജ പാസ് ഉപയോഗിച്ച് നടക്കുന്നുണ്ടെന്നും ജിയോളജി വകുപ്പ് കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കഴക്കൂട്ടം-ചെങ്ങന്നൂര്‍ റോഡില്‍ അടൂര്‍ മേഖലയില്‍ അപകടം തുടര്‍ക്കഥയാകുന്നുവെന്നും എത്രയും വേഗം സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും അടൂര്‍ നഗരസഭാ ചെയര്‍മാന്‍ ഡി. സജി പറഞ്ഞു. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഉച്ചയ്ക്ക് ശേഷം കാഷ്വാലിറ്റിയില്‍ രണ്ട് ഡോക്ടര്‍മാരുടെ സേവനം കൂടി ലഭ്യമാക്കണം. ട്രോമ കെയര്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം തുടങ്ങണം.

 

അടൂര്‍ കോടതി സമുച്ചയ നിര്‍മാണത്തിന് എടുത്ത മണ്ണ് സ്റ്റേഡിയത്തില്‍ കൂട്ടിയിട്ടിരിക്കുകയാണെന്നും അത് എത്രയും വേഗത്തില്‍ മാറ്റണമെന്നും കുട്ടികള്‍ക്ക് കളിക്കാനുള്ള സൗകര്യം ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല തീര്‍ത്ഥാടന പാതയിലെ ആദിവാസി ഊരുകളില്‍ കാട്ടാന ശല്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന് ആന്റോ ആന്റണി എംപിയുടെ പ്രതിനിധി അഡ്വ. കെ ജയവര്‍മ്മ പറഞ്ഞു. കോമളം പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണം വേഗത്തിലാക്കണം. സീതത്തോട് സര്‍വീസ് സഹകരണ ബാങ്കിലെ നിക്ഷേപത്തിന് സുരക്ഷിതത്വം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

ജില്ലയില്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ പൂര്‍ത്തീകരിക്കേണ്ട പദ്ധതികള്‍ സമയബന്ധിതമായി തീര്‍ക്കണമെന്നും എല്ലാവരും ഒരുമിച്ച് നിന്നാല്‍ മാത്രമേ ജില്ലയുടെ വികസനം സാധ്യമാക്കാന്‍ കഴിയുവെന്നും ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു, വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

date