Skip to main content

​​​​​​​പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കണം: ജില്ലാ വികസന സമിതി

കോട്ടയം: പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്നും ലഭ്യമായ ഫണ്ട് കൃത്യമായി ചെലവഴിക്കാൻ വകുപ്പുമേധാവികൾ ശ്രദ്ധിക്കണമെന്നും ജില്ലാ വികസനസമിതി യോഗം. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാ വികസനസമിതി യോഗത്തിലാണ് വിവിധ വകുപ്പുകൾക്ക് നിർദേശം നൽകിയത്.
നെടുങ്കുന്നം പഞ്ചായത്തിലെ വേങ്ങച്ചേരി-ഉരുപ്പക്കാട് റോഡ് അറ്റകുറ്റപണി നടത്തി മൂന്നുമാസത്തിനുള്ളിൽ തകർന്ന സംഭവം അന്വേഷിക്കണമെന്ന് സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ആവശ്യപ്പെട്ടു. ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നതുമായി ബന്ധപ്പെട്ട് ഭക്ഷ്യവകുപ്പ് നടത്തിയ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുള്ളതായി വിവരാവകാശ രേഖകളിൽ പറയുന്നതായും ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കറുകച്ചാൽ ബി.ആർ.സിയിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ പഠനത്തിനായി ഏർപ്പെടുത്തിയ സൗകര്യങ്ങൾ ഉപയോഗിക്കാതെ കിടക്കുകയാണെന്നും കുട്ടികൾക്ക് അവ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജലജീവൻ മിഷൻ കുടിവെള്ളപദ്ധതിക്കായി കുഴിക്കുന്ന റോഡുകളുടെ അറ്റകുറ്റപ്പണലി സമയബന്ധിതമായി നടത്തണമെന്നും കൃത്യമായ മേൽനോട്ടമുണ്ടാകണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ആവശ്യപ്പെട്ടു. ജലസേചന പദ്ധതികൾക്കായി അടുത്തിടെ നവീകരിച്ച റോഡുകൾ കുഴിക്കുമ്പോൾ അവ നന്നാക്കാൻ മുൻഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു. ജലജീവൻ മിഷനുവേണ്ടി ഉൾപ്രദേശങ്ങളിൽ റോഡ് കുഴിക്കുന്നതിനു മുമ്പായി തദ്ദേശസ്വയംഭരണ സ്ഥാപനവുമായും ജനപ്രതിനിധികളുമായും കൂടിയാലോചിച്ച് അവ നന്നാക്കാൻ സമയക്രമം മുൻകൂർ നിശ്ചയിച്ച് പ്രവർത്തികൾ പൂർത്തീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.  നഗരറോഡുകളുടെ സൗന്ദര്യവൽക്കരണത്തിന് പദ്ധതി തയാറാക്കണമെന്നും റോഡുകളിലെ കൈയേറ്റം ഒഴിവാക്കാൻ ഇതു സഹായിക്കുമെന്നും എം.എൽ.എ. പറഞ്ഞു.

പൂഞ്ഞാർ മണ്ഡലത്തിലെ റോഡുകളിൽ അടിയന്തര അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന് അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കൽ എം.എൽ.എ. ആവശ്യപ്പെട്ടു. വിവിധ റോഡുകൾക്ക് ഫണ്ട് അനുവദിച്ചിട്ടും കാലാവസ്ഥ പ്രതികൂലമായതിനാൽ പൂർത്തീകരിക്കാനാകുന്നില്ലെന്ന് പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ പറഞ്ഞു. കാലാവസ്ഥ അനുകൂലമാകുന്ന സമയത്ത് സമയബന്ധിതമായി റോഡ് നിർമാണം പൂർത്തീകരിക്കാൻ നിരന്തര ഇടപെടൽ വേണമെന്ന് അദ്ദേഹം പറഞ്ഞു. നദീ ശുചീകരണ പദ്ധതിയുടെ ഭാഗമായി നീക്കം ചെയ്ത പാറയും മണലും സ്‌കൂൾ അങ്കണങ്ങളിലടക്കം കൂട്ടിയിട്ടിരിക്കുകയാണെന്നും നാട്ടുകാരിൽ നിന്ന് വ്യാപകമായ പരാതി ഉയരുന്നുണ്ടെന്നും ഇവ നീക്കുന്നതിന് അടിയന്തരനടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.  
ചങ്ങനാശേരി-ചെത്തിപ്പുഴ-കോട്ടയം റോഡിലെ അപകടവളവുകളിൽ അപകടങ്ങൾ കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. പറഞ്ഞു. വെള്ളപ്പൊക്ക നിവാരണ ഫണ്ടുപയോഗിച്ചുള്ള പ്രവർത്തികൾ വേഗത്തിലാക്കണം. എം.സി. റോഡ്, നടയ്ക്കപ്പാലം എന്നിവിടങ്ങളിലടക്കം വിവിധ സ്ഥലങ്ങളിൽ അപകടരമായ രീതിയിൽ നിൽക്കുന്ന മരങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നാലുകോടി-തൃക്കൊടിത്താനം ജംഗ്ഷനിൽ സിഗ്‌നൽ ലൈറ്റ് സ്ഥാപിക്കുന്നതിന് ആവശ്യമായ തുക എം.പി. ഫണ്ടിൽ നിന്ന് ലഭ്യമാക്കാമെന്നും അതിന്റെ സാധ്യതകൾ പരിശോധിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രതിനിധിയായ പി.എൻ. അമീർ യോഗത്തിൽ ആവശ്യപ്പെട്ടു.

യോഗത്തിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, അഡ്വ. ജോബ് മൈക്കിൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, സബ് കളക്ടർ രാജീവ് കുമാർ ചൗധരി, ജില്ലാ പ്ലാനിങ് ഓഫീസർ ലിറ്റി മാത്യു, വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ഫോട്ടോ കാപ്ഷൻ

ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസനസമിതി യോഗം.

 

(കെ. ഐ.ഒ.പി.ആർ 1768/2022)  

date