Skip to main content

ജനപ്രതിനിധികള്‍ ഉന്നയിക്കുന്ന വിഷയങ്ങളില്‍ സമയബന്ധിത നടപടി ഉറപ്പാക്കണം- വികസന സമിതി

ആലപ്പുഴ: ജനപ്രതിനിധികള്‍ ഉന്നയിക്കുന്ന വിഷയങ്ങളില്‍ സമയബന്ധിതമായി തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ വികസന സമിതിയോഗം നിര്‍ദേശിച്ചു.
വികസന സമിതി യോഗത്തില്‍ അവതരിപ്പിക്കുന്ന വിഷയങ്ങളില്‍ പരിഹാരം കണ്ടെത്തി, വികസന പ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ടു പോകുന്നതിന് എല്ലാവരുടെയും പിന്തുണയും സഹകരണവും അനിവാര്യമാണ്.

അടിയന്തരമായി പരിഹാരം കണ്ടെത്താന്‍ സാധിക്കാത്ത വിഷയങ്ങളില്‍ തുടര്‍ നടപടി റിപ്പോര്‍ട്ട് നിശ്ചിത സമയപരിധിക്കുള്ളില്‍ വികസന സമിതിക്ക് സമര്‍പ്പിക്കാന്‍  ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ ഡോ. ശ്രീറാം വെങ്കിട്ടരാമന്‍ പറഞ്ഞു.

ജില്ലയിലെ വിവിധ മേഖലകളില്‍ നേരിടുന്ന കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണണമെന്ന്  എം.എല്‍.എമാരായ പി.പി. ചിത്തരഞ്ജന്‍, എച്ച്. സലാം, ദലീമ ജോജോ എന്നിവര്‍ ആവശ്യപ്പെട്ടു. 
പുതിയ പൈപ്പുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പമ്പിംഗ് മുടങ്ങുന്നതും വാട്ടര്‍ ടാങ്കുകളുടെ അപര്യാപ്തതയും മറ്റും പലയിടത്തും സുഗമമായ കുടിവെള്ള വിതരണത്തിന് തടസമാകുന്നുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. 

പള്ളാത്തുരുത്തി ബൈപ്പാസ്, പുന്നമടപ്പാലം, ജില്ലാക്കോടതി പാലം എന്നിവയുടെ നിര്‍മാണം വേഗത്തിലാക്കണമെന്ന് പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. ആവശ്യപ്പെട്ടു. 

കിലയുടെ എന്‍ജിനീയറിംഗ് വിഭാഗത്തിന് നിർവ്വഹണച്ചുമതലയുള്ള സ്കൂൾ കെട്ടിട നിർമ്മാണ പ്രവൃത്തികൾ ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് എച്ച്. സലാം എം.എല്‍.എ നിര്‍ദേശിച്ചു.

ആലപ്പുഴ ബീച്ച്, അരൂര്‍, തുറവൂര്‍ മേഖലയിലെ ദേശീയ പാതയോരങ്ങൾ എന്നിവിടങ്ങളിലെ പ്രവര്‍ത്തനരഹിതമായ തെരുവ് വിളക്കുകളുടെയും ഹൈമാസ്റ്റ് ലൈറ്റുകളുടെയും അറ്റകുറ്റപ്പണികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ കെ.എസ്.ഇ.ബി, പൊതുമരാമത്ത് ദേശീയപാതാ വിഭാഗം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയെ യോഗം ചുമതലപ്പെടുത്തി.   

നെടുമ്പ്രക്കാട് വിളക്കുമരം പാലത്തിന്‍റെ നിര്‍മ്മാണം വേഗത്തിലാക്കണമെന്ന് ദലീമാ ജോജോ എം.എല്‍.എ നിര്‍ദേശിച്ചു. ഭൂമി തരംമാറ്റ അപേക്ഷകളില്‍ സമയബന്ധിതമായി തീര്‍പ്പുകല്‍പ്പിക്കണമെന്നും അന്ധകാരനഴി പ്രദേശത്തെ ഉപ്പുവെള്ള ഭീഷണിക്ക് ശാശ്വത പരിഹാരം കണ്ടെത്തണമെന്നും എം.എൽ.എ. ആവശ്യപ്പെട്ടു.  

ചേര്‍ത്തല- അരൂക്കുറ്റി മേഖലകളിലേക്ക് രാത്രി കാലങ്ങളില്‍ കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസ് സര്‍വീസുകള്‍ ഉറപ്പാക്കുവാന്‍ കെ.എസ്.ആര്‍.ടി.സി.യെയും മോട്ടോര്‍ വാഹന വകുപ്പിനെയും ചുമതലപ്പെടുത്തി. 

ജില്ലാ വികസന കമ്മീഷണര്‍ കെ.എസ്. അഞ്ജു, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എസ്. സത്യപ്രകാശ്, ജനപ്രതിനിധികൾ‍, വകുപ്പുകളുടെ ജില്ലാതല മേധാവികള്‍ തുടങ്ങിയവര്‍ യോ​ഗത്തിൽ പങ്കെടുത്തു.

date