Skip to main content

ആഫ്രിക്കന്‍ സൈ്വന്‍ ഫീവര്‍; ഓണ്‍ലൈന്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

 

ആഫ്രിക്കന്‍ സൈ്വന്‍ ഫീവര്‍ രോഗബാധ ഭീഷണി സംസ്ഥാനത്ത് നിലനില്‍ക്കുന്ന സാഹചര്യത്തില്‍  സംസ്ഥാനത്തെ പന്നിവളര്‍ത്തല്‍ മേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകരുടെ ആശങ്കകളും സംശയവും ദൂരീകരിക്കുന്നതിനു വേണ്ടി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്, മീഡിയ ഡിവിഷന്‍  ഓണ്‍ലൈന്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പന്നിപരിപാലന മേഖലയില്‍ പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്തും ഗവേഷണ പരിചയവുമുള്ള പ്രശസ്ത ഡോ. സി പി ഗോപകുമാര്‍ കര്‍ഷകരുമായി സംവദിച്ചു. രോഗവ്യാപനത്തെക്കുറിച്ചും പന്നിവളര്‍ത്തല്‍ വ്യവസായത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വിശദമായി കര്‍ഷകര്‍ക്ക് ക്ലാസുകള്‍ നല്‍കി.

പന്നികളെയും പന്നി മാംസവും കേരളത്തിനകത്തേക്കും പുറത്തേക്കും കൊണ്ടുപോകുന്നതിലുള്ള നിയന്ത്രണം കൂടുതല്‍ കര്‍ശനവും കാര്യക്ഷമവും ആക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. കൂടാതെ ഇറക്കുമതി- കയറ്റുമതി ചെയ്യുന്ന പന്നികള്‍ രോഗബാധ ഇല്ലാത്തവയാണെന്ന്  ഉറപ്പുവരുത്തുന്നതിനായി പന്നികളെ അത്യാവശ്യമായി സ്‌ക്രീനിംഗ് നടത്തണമെന്നും അതിനുള്ള സൗകര്യം ചെയ്തുനല്‍കണമെന്നും കര്‍ഷകര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
അതോടൊപ്പം കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ട കാര്യങ്ങളില്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് മൃഗ സംരക്ഷണ മീഡിയ വകുപ്പ് അധികൃതര്‍ ഉറപ്പുനല്‍കി. മുഴുവന്‍ സമയവും കര്‍ഷകരുടെ പൂര്‍ണപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടി സജീവമായ ചര്‍ച്ചക്കും വേദിയായി.വിവിധ ജില്ലകളില്‍ നിന്നായി കര്‍ഷകരും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ നൂറിലധികം ആളുകള്‍ ചര്‍ച്ചയിലുടനീളം പങ്കെടുത്തു.

date