Skip to main content
കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ  ചേര്‍ന്ന  ജില്ലാ വികസന സമിതിയോഗം

ആരോഗ്യ - വിദ്യാഭ്യാസ മേഖലകളിലെ നിർമാണപ്രവർത്തനങ്ങൾ വിലയിരുത്താൻ മണ്ഡലാടിസ്ഥാനത്തിൽ യോഗം ചേരും

 

ജില്ലയിൽ ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി അവ വേഗത്തിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ നിയോജകമണ്ഡലാടിസ്ഥാനത്തിൽ പ്രത്യേക യോഗങ്ങൾ ചേരും. ജില്ലാകലക്ടർ ഹരിത വി കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ല വികസന സമിതി യോഗത്തിലാണ് തീരുമാനം. വിവിധ മണ്ഡലങ്ങളിൽ ഈ മേഖലകളിൽ നടക്കുന്ന നിർമാണപ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്ന  എംഎൽഎമാരുടെ ആവശ്യത്തെ തുടർന്നാണിത്.  രണ്ടാഴ്ചയ്ക്കകം  എം എൽ എമാരുടെ സാന്നിധ്യത്തിൽ യോഗം വിളിക്കാനാണ് തീരുമാനം.

ജില്ലയിലെ വിവിധ റോഡ് നിർമാണവുമായി ബന്ധപ്പെട്ട സർവ്വേ നടപടികൾ വേഗത്തിലാക്കാൻ  യോഗം  ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി.

അമൃത് പദ്ധതിയുടെ ഭാഗമായി പൈപ്പിടുന്നതിനായി  വെട്ടിപ്പൊളിച്ച റോഡുകളുടെ പുനർനിർമ്മാണ പ്രവർത്തികൾ ഉടനടി പൂർത്തീകരിക്കണമെന്ന് എംഎൽഎമാർ ആവശ്യപ്പെട്ടു. ടൂറിസം, ഓണാഘോഷം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ഒരാഴ്ചയ്ക്കകം യോഗം ചേരാനും തീരുമാനമായി. ഓണത്തിന് മുന്നോടിയായി ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ വിനോദ സഞ്ചാരികളെ സ്വീകരിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കണമെന്നും  എം എൽ എ മാർ ആവശ്യപ്പെട്ടു. 

ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ട് ഓഫ് ലൈനായി ലഭിച്ച അപേക്ഷകളിൽ സപ്തംബറോടെ നടപടികൾ പൂർത്തീകരിക്കാനും അതിനു ശേഷം ഓൺലൈനായി ലഭിച്ച അപേക്ഷകൾ തീർപ്പാക്കാനും ആർഡിഒ മാർക്ക് നിർദ്ദേശം നൽകിയതായി ജില്ലാ കലക്ടർ  അറിയിച്ചു. പട്ടയം അപേക്ഷകളിലും നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

യോഗത്തിൽ എം.എൽ.എമാരായ എൻ കെ അക്ബർ, സേവ്യർ ചിറ്റിലപ്പള്ളി, മുരളി പെരുന്നെല്ലി, കെ കെ രാമചന്ദ്രൻ, ജില്ലാ കലക്ടർ ഹരിത വി കുമാർ, ജില്ലാ പ്ലാനിങ് ഓഫീസർ എൻ കെ ശ്രീലത, വകുപ്പ് മേധാവികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date