Skip to main content
ഒല്ലൂർ എം എൽ എ വിദ്യാഭ്യാസ അവാർഡ് പ്രതിഭാ സംഗമം കാർഷിക സർവ്വകലാശാല ഓഡിറ്റോറിയത്തിൽ സ്പീക്കർ എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യുന്നു

സർക്കാർ സ്കൂളുകൾ നൂറുമേനി വിജയം കൊയ്ത് മുന്നേറുന്നു - സ്പീക്കർ എം ബി രാജേഷ്

 

പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൂറ് മേനി വിജയം കൊയ്ത് മുന്നേറുകയാണെന്നും പൊതു വിദ്യാഭ്യാസം മെച്ചപ്പെട്ടതോടൊപ്പം അതിൻ്റെ ഗുണഭോക്താക്കളായ സാധാരണ കുടുംബങ്ങളിലെ വിദ്യാർത്ഥികൾ മിന്നുന്ന വിജയം നേടുകയാണെന്നും നിയമസഭ സ്പീക്കർ എം ബി രാജേഷ്. ഒല്ലൂർ എംഎൽഎ വിദ്യാഭ്യാസ അവാർഡ് പ്രതിഭാ സംഗമം 2022 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കർ.
അഞ്ച് വയസ്സ് തികഞ്ഞ കുട്ടികളെ വിദ്യാലയങ്ങളിൽ എത്തിക്കുകയെന്ന കേന്ദ്ര സർക്കാരിൻ്റെ ലക്ഷ്യം നൂറ് ശതമാനം വിജയത്തോടെ നടപ്പിലാക്കുന്നത് കേരള സംസ്ഥനമാണെന്നതിൽ നമുക്ക് അഭിമാനിക്കാം.
പഴയ തലമുറയുടെ ത്യാഗത്തിൻ്റെ ഫലമായാണ് വിദ്യാഭ്യാസത്തെ സാമൂഹ്യവൽക്കരിക്കുന്നതിനും സ്ത്രീകളുടെ വിദ്യാഭ്യാസത്തിൽ സംസ്ഥാനത്തിന് മുന്നേറ്റം കുറിക്കുന്നതിനും സാഹചര്യമൊരുക്കിയത്.

സ്ത്രീകളുടെ കഴിവുകൾ വീടുകളിൽ മാത്രം ഒതുക്കാതെ സമൂഹത്തിൻ്റെ പുരോഗതിക്ക് ഉപയോഗിക്കാൻ കഴിയണം. വിദ്യാർത്ഥികളുടെ വിജയമെന്നത് ഓരോ അമ്മമാരുടെ ത്യാഗമാണെന്നും സ്പീക്കർ പറഞ്ഞു.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഭൗതികമായി വലിയ നേട്ടങ്ങൾ കൊയ്തെടുത്തപ്പോൾ പൊതുവിദ്യാഭ്യാസ കേന്ദ്രങ്ങൾക്ക് ലഭ്യമായത് പത്ത് ലക്ഷം വിദ്യാർത്ഥികളെയാണെന്ന് അധ്യക്ഷ പ്രസംഗത്തിൽ റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു.
ഒല്ലൂർ നിയോജക മണ്ഡലത്തിലെ 42 സ്കൂളുകളിൽ നിന്നായി നൂറ് മേനി വിജയം നേടിയ 421 വിദ്യാർത്ഥികളെയും 13 സ്കൂളുകളെയും ആദരിച്ചു. എസ്എസ്എൽസി പരീക്ഷയിൽ 254 പേരും പ്ലസ്ടുവിൽ 167 പേരുമാണ് ഉന്നത വിജയം കരസ്ഥമാക്കിയത്.

മേയർ എം കെ വർഗീസ്, ജില്ലാ കലക്ടർ ഹരിത വി കുമാർ, ബ്ലോക്ക് പ്രസിഡൻ്റ് കെ ആർ രവി, കോർപറേഷൻ വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ
വർഗീസ് കണ്ടംകുളത്തി,
പഞ്ചായത്ത് പ്രസിഡൻ്റുമാരായ ഇന്ദിര മോഹൻ, ശ്രീവിദ്യ രാജേഷ്, മിനി ഉണ്ണികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സുമിനി കൈലാസ്, ഫുട്ബോൾ താരം ഐ എം വിജയൻ, സിനിമാതാരം ജയരാജ് വാര്യർ, സംഗീത സംവിധായകൻ ബി കെ ഹരിനാരായണൻ,  ജനപ്രതിനിധികൾ, വിദ്യർത്ഥികൾ ,അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ കാർഷിക സർവകലാശാ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.

date