Skip to main content

ദേശീയപാതാ വികസനം സമയബന്ധിതമായി പൂർത്തിയാക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

*കഴക്കൂട്ടം ബൈപ്പാസ് കേരളപ്പിറവി ദിനത്തിൽ

കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാത വികസനം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. 2025 ഓടുകൂടി നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കും. നടപടികൾ വേഗത്തിലാക്കുന്നതിനായി ഭൂമിയേറ്റെടുക്കലിന്റെ 25 ശതമാനവും സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിലാണ്. ആകെ 5,600  കോടിയോളം രൂപ ഇതിനായി ചെലവഴിച്ചു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടും കൃത്യമായ അവലോകനം നടത്തിയുമാണ് മുന്നോട്ട് പോകുന്നതെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ  73.72 കിലോമീറ്റർ  ദേശീയപാതയുടെ പ്രവൃത്തി പുരോഗതി നേരിട്ടെത്തി മന്ത്രി വിലയിരുത്തി.

മുക്കോല മുതൽ തമിഴ്‌നാട് അതിർത്തി വരെയുള്ള 16.2 കിലോമീറ്റർ ദേശീയപാതയുടെ വികസന പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. കഴക്കൂട്ടം മുതൽ കടമ്പാട്ടുകോണം വരെയുള്ള  29.83 കിലോമീറ്റർ പാതയുടെ വികസന പ്രവർത്തനങ്ങൾ ആരംഭിച്ചു. തിരുവനന്തപുരത്ത് 48.75 കിലോമീറ്റർ ദൂരത്തിൽ ദേശീയപാത വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

2.72 കിലോമീറ്റർ ദൂരമുള്ള കഴക്കൂട്ടം ഫ്‌ളൈഓവർ കേരളപ്പിറവി ദിനത്തിൽ യാഥാർഥ്യമാകുമെന്നു മന്ത്രി പറഞ്ഞു. ഒക്ടോബർ 31ന് തന്നെ നിർമാണം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇഞ്ചക്കൽ ഭാഗത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി നിർമിക്കുന്ന ഫ്‌ളൈഓവറിന്റെ പ്രവൃത്തി 2023 മാർച്ചിൽ ആരംഭിച്ചു 2024 ൽ പൂർത്തിയാക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
പി.എൻ.എക്സ്. 3585/2022

date