Skip to main content
അഞ്ഞൂർ/ കൈപ്പറമ്പ് / തങ്ങാല്ലൂർ ഗ്രൂപ്പ് വില്ലേജ് ഓഫീസ് മുണ്ടൂരിൽ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയുന്നു

പ്രകൃതി സംരക്ഷണവും വികസന പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദുവാണെന്ന് തിരിച്ചറിയണം - മന്ത്രി കെ.രാജൻ

 

പ്രകൃതി സംരക്ഷണവും വികസന പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദുവാണെന്ന് തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ കഴിയണമെന്ന് റവന്യൂ മന്ത്രി കെ രാജൻ. പ്രകൃതിദുരന്തങ്ങളുടെ ഈ കാലഘട്ടത്തിൽ ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മാത്രം ഉണർന്ന് പ്രവർത്തിക്കുന്നതിന് പകരം പ്രകൃതി സംരക്ഷണം ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും മന്ത്രി ഓർമ്മിപ്പിച്ചു. അഞ്ഞൂർ - കൈപ്പറമ്പ് - തങ്ങാല്ലൂർ ഗ്രൂപ്പ് വില്ലേജിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
മലയാളികൾ എടുക്കുന്ന പ്രതിജ്ഞകളിൽ പ്രകൃതിയോടുള്ള ചൂഷണം ഉണ്ടാവില്ല എന്നത് കൂടി കൂട്ടിച്ചേർക്കണം. പ്രകൃതിയും മനുഷ്യനും കേന്ദ്ര ബിന്ദുവാകുന്ന സുസ്ഥിര വികസനമാണ് വേണ്ടത്. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ  സേവനങ്ങളും സ്മാർട്ട് എന്ന ആശയം ഉൾക്കൊണ്ട് റവന്യൂ വകുപ്പിനെ ഡിജിറ്റലൈസ് ചെയ്യാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. റവന്യൂ വകുപ്പിലെ പ്രവർത്തനങ്ങൾ  വേഗതയോടെയും സുതാര്യമായും കൃത്യതയോടെയും നടപ്പിലാക്കുകയാണ് സ്മാർട്ട് വില്ലേജിലൂടെ ഉദ്ദേശിക്കുന്നത്. 
ജില്ലയിലെ എല്ലാ റവന്യൂ വകുപ്പിന്റെയും പ്രവർത്തനങ്ങൾ കൂട്ടിയോജിപ്പിക്കുന്ന ഇ-ഓഫീസിന്റെ അന്തിമ തയ്യാറെടുപ്പുകൾ നടക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേരള ഗവൺമെറിന്റെ റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതികളിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ വിനിയോഗിച്ചാണ് തൃശൂർ താലൂക്കിന് കീഴിൽ വരുന്ന അഞ്ഞൂർ - കൈപ്പറമ്പ് -തങ്ങാലൂർ ഗ്രൂപ്പ് വില്ലേജ് കെട്ടിടം. 
സേവ്യർ ചിറ്റിലപ്പിളളി എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, ജില്ലാ കലക്ടർ ഹരിത വി കുമാർ, തഹസിൽദാർ ടി ജയശ്രീ, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനി ജോസ്, കൈപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ഉഷ, അവണൂർ പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി,  ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

date