Skip to main content
ഇരിങ്ങൽ സർ​ഗാലയ ആൻഡ് ക്രാഫ്റ്റിൽ വില്ലേജിൽ നടന്ന മുതിർന്ന നെയ്ത്തുകാരെ ആദരിക്കുന്ന ചടങ്ങ് കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

മുതിർന്ന നെയ്ത്തുകാരെ ആദരിച്ചു

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ദേശീയ കൈത്തറി ദിനത്തിൽ ജില്ലയിലെ മുതിർന്ന നെയ്ത്തുകാരെ ആദരിച്ചു. ചടങ്ങ് കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. നെയ്ത്തുകാരുടെ ജീവിത നിലവാരം ഉയർത്തുന്നതിനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് എം.എൽ.എ പറഞ്ഞു. ഇതിന് ഉദാഹരണമാണ് ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് 2016 മുതൽ സൗജന്യമായി കെെത്തറി യൂണിഫോമുകൾ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചത്.  നെയ്ത്തുകാർക്ക് അധികം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാനും കൂടുതൽ ആളുകൾ ഈ മേഖലയിലേക്ക് കടന്നുവരുന്നതിനും സാധിച്ചിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു. 

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കേരളത്തിന്റെ തനത് പാരമ്പര്യവും സംസ്കാരവും ഉൾക്കൊള്ളുന്ന കൈത്തറി മേഖലയിലെ മുതിർന്ന എഴുപത്തിയഞ്ച് നെയ്ത്തുകാരെയാണ് സംസ്ഥാന സർക്കാർ ആദരിക്കുന്നത്. സംസ്ഥാന തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട എഴുപത്തിയഞ്ച് നെയ്ത്തുകാരിൽ പന്ത്രണ്ടുപേർ കോഴിക്കോട് ജില്ലയിൽ നിന്നാണ്. സർഗാലയ ആർട്സ് ആന്റ് ക്രാഫ്റ്റ് വില്ലേജിൽ കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിലാണ് മുതിർന്ന നെയ്ത്തുകാരെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചത്. അരനൂറ്റാണ്ടായി കെെത്തറി മേഖലയിലുള്ളവരാണ് ആദരിക്കപ്പെട്ടത്.

ചടങ്ങിൽ പയ്യോളി ന​ഗരസഭാ ചെയർമാൻ ഷഫീഖ് വടക്കയിൽ അധ്യക്ഷത വഹിച്ചു. ന​ഗരസഭാ കൗൺസിലർ മുഹമ്മദ് അഷ്റഫ്, ജില്ലാ കെെത്തറി അസോസിയേഷൻ പ്രസിഡന്റ് കെ.പി.കുമാരൻ, ജില്ലാ കെെത്തറി നെയ്ത്ത് സഹകരണ സംഘം പ്രസിഡന്റ് കെ.കെ.ശങ്കരൻ, പുതുപ്പണം കെെത്തറി നെയ്ത്ത് സഹകരണ സംഘം പ്രസിഡന്റ് ടി.ബാലൻ, ജില്ലാ  വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാർ എം.വി ബെെജു എന്നിവർ സംസാരിച്ചു. ജില്ലാ വ്യവസായ കേന്ദ്രത്തിലെ ഡെപ്യൂട്ടി ഡയറക്ടർ കെ.ടി ആനന്ദകുമാർ സ്വാ​ഗതവും ജൂനിയർ സൂപ്പർവെെസർ കെ.സി സറീന നന്ദിയും പറഞ്ഞു. ചടങ്ങിൽ 220 -ഓളം നെയ്ത്തുകാരും കുടുംബാ​ഗങ്ങളും പങ്കെടുത്തു.

date