Skip to main content

അടുപ്പിൽ കോളനി നിവാസികളുടെ പുനരധിവാസം: രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായി

ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന വാണിമേൽ ഗ്രാമപഞ്ചായത്തിലെ  അടുപ്പിൽ കോളനി നിവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ടുള്ള രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായി. ജൂലൈ 16 ന് ആരംഭിച്ച രജിസ്‌ട്രേഷൻ നടപടികളാണ് പൂർത്തിയായത്. സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ് എന്നിവയ്ക്ക് സർക്കാർ ഇളവ് നൽകി.

കോളനിയിൽ താമസിക്കുന്ന 65 കുടുംബങ്ങളെയാണ് പുനരധിവാസ പദ്ധതിയിലൂടെ മാറ്റിപ്പാർപ്പിക്കുന്നത്. റീ-ബിൽഡ് പദ്ധതി പ്രകാരമാണ്‌ പുനരധിവാസം. ഓരോ കുടുംബത്തിനും വീടാണ് നിർമിച്ചു നൽകുന്നത്.

ഭൂമി വാങ്ങാൻ ഒരു കുടുംബത്തിന് ആറ്‌ ലക്ഷം രൂപയും വീട് നിർമ്മിക്കാൻ നാല് ലക്ഷം രൂപയുമാണ് പദ്ധതിയിലൂടെ നൽകുക. മൂന്നര കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. ഇതിന് പുറമെ പട്ടിക ജാതി വികസന വകുപ്പിൽ നിന്ന് രണ്ട് ലക്ഷം രൂപ ഭവന നിർമ്മാണത്തിന് ലഭിക്കും. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായതിനാൽ ഭവന നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന്  ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്സ് സൊസൈറ്റിക്കാണ് നിർമ്മാണച്ചുമതല.

കോളനി സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്ന് ഏകദേശം 500 മീറ്റർ അകലെയാണ് പുതിയ സ്ഥലം. കുട്ടികൾക്ക് കളിക്കാൻ  മൈതാനം, പ്രാഥമിക ആരോഗ്യ കേന്ദ്രം, അങ്കണവാടി, കുടിവെള്ള പദ്ധതി, തുടങ്ങിയ സൗകര്യങ്ങളെല്ലാം  പുനരധിവാസത്തിൻ്റെ ഭാഗമായി ഒരുക്കും. 

കഴിഞ്ഞ വർഷങ്ങളിലുണ്ടായ  ഉരുൾ പൊട്ടലിൽ  വീടുകൾ തകർന്നതുൾപ്പെടെ വ്യാപകമായ നാശനഷ്ടങ്ങൾ ഇവിടെ സംഭവിച്ചിരുന്നു. ഇതിനുള്ള ശാശ്വത പരിഹാരമെന്ന നിലയിലാണ്  കുടുംബങ്ങളെ സൗകര്യപ്രദമായ സ്ഥലം കണ്ടെത്തി മാറ്റി താമസിപ്പിക്കുവാൻ പദ്ധതി തയ്യാറാക്കിയത്.

date