Skip to main content

തൊഴിലിടങ്ങളിലെ ശിശു പരിപാലന കേന്ദ്രങ്ങൾ സംസ്ഥാന വ്യാപകമാക്കും: മന്ത്രി വീണ ജോർജ്

തൊഴിലിടങ്ങളിലെ ശിശുപരിപാലന കേന്ദ്രങ്ങൾ കുഞ്ഞുങ്ങളെക്കുറിച്ചുള്ള അമ്മമാരുടെ ഉത്കണ്ഠകൾ കുറക്കുമെന്നും സ്ത്രീകൾക്ക് തൊഴിൽ മേഖലയിലെ ഗുണനിലവാരം കൂട്ടുമെന്നും   ആരോഗ്യ വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി വീണാജോർജ് അഭിപ്രായപ്പെട്ടു. തൊഴിലിടങ്ങളിൽ ശിശു പരിപാലന കേന്ദ്രം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്തെ പി.എസ്.സി ആസ്ഥാനത്ത് നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവുമായ വികാസമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ 25 ശിശു പരിപാലന കേന്ദ്രങ്ങളാണ് വിവിധ സ്ഥാപനങ്ങളിൽ ആരംഭിക്കുന്നത്. ക്രമേണ പൊതു സ്വകാര്യ ഇടങ്ങളിൽ സംസ്ഥാന വ്യാപകമാക്കി ശിശു പരിപാലന കേന്ദ്രങ്ങൾ ആരംഭിക്കും.   പദ്ധതി നടത്തിപ്പിനായി നിലവിൽ അറുപത്തി രണ്ടര കോടി രൂപ ഗവണ്മെന്റ് സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തിയുണ്ടെന്നും  മന്ത്രി അറിയിച്ചു.
 
മുലയൂട്ടൽ ബോധവൽക്കരണത്തിന്റെ  ഭാഗമായി വനിതാ ശിശു വികസന വകുപ്പും  കെ.എസ്.ആർ.ടി.സിയും നടത്തുന്ന   സംയുക്ത പ്രചാരണത്തിന്റെ   ഭാഗമായ ആദ്യ ബസിന്റെ  ഫ്‌ളാഗ് ഓഫ് ചടങ്ങും മന്ത്രി നിർവഹിച്ചു.  പി.എസ്.സി ചെയർമാൻ എം.കെ.സക്കീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ പ്രിയങ്ക ജി. സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.കെ.സുരേഷ്‌കുമാർ, ഡെപ്യൂട്ടി മേയർ പി.കെ.രാജു, ജില്ലാ വനിതാ ശിശു വികസന ഓഫീസർ  എസ്.സബീന ബീഗം തുടങ്ങിയവർ പങ്കെടുത്തു.
പി.എൻ.എക്സ്. 3650/2022

date