Skip to main content

ഓണകാലത്ത് മയക്കുമരുന്ന് ലോബിക്ക് പൂട്ടിടാനുറച്ച് എക്സൈസ് എംഡിഎഎയുമായി നാല് പേർ പെരിന്തമണ്ണയിൽ അറസ്റ്റില്‍

 

ഓണാഘോഷത്തിന് മുന്നോടിയായി ജില്ലയില്‍ എക്സൈസ് വകുപ്പ് സ്പെഷ്യൽ ഡ്രൈവ് കര്‍ശനമാക്കി. കൂട്ടിലങ്ങാടി, രാമപുരം ഭാഗത്ത് എക്‌സൈസ് കമീഷണർ സ്‌ക്വാഡും മലപ്പുറം ഇന്റലിജൻസും പെരിന്തൽമണ്ണ എക്‌സൈസ് റേഞ്ചും ചേര്‍ന്ന് നടത്തിയ പരിശോധനയിൽ സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎ (മെത്തലിന്‍ ഡയോക്സി മെത്താംഫിറ്റമിന്‍) യുമായി നാല് പേരെ പെരിന്തല്‍മണ്ണയില്‍ നിന്നും അറസ്റ്റ് ചെയ്തു. രാമപുരം സ്വദേശി ജാഫർ അലി (37), വടക്കേമണ്ണ പാടത്തു പീടിയേക്കൽ മുഹമ്മദ്‌ ഉബൈസ് (25), കൂട്ടിലങ്ങാടി സ്വദേശി മുഹമ്മദ് ഫഹദ് (19), ചെമ്മങ്കടവ് പൂവൻതൊടി മുഹമ്മദ്‌ മാജിദ് (26) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 21.510 ഗ്രാം എംഡിഎംഎ, 140 ഗ്രാം കഞ്ചാവ്, 16950 രൂപ, നാല് മൊബൈൽ ഫോണുകൾ, മയക്കുമരുന്ന് കടത്തിനുപയോ​ഗിച്ച സ്വിഫ്റ്റ് കാർ എന്നിവ പിടിച്ചെടുത്തു. രാമപുരത്ത് വാടകക്ക് മുറിയെടുത്ത് അവിടെ വെച്ച് കഞ്ചാവും എംഡിഎംഎയും ചെറു പൊതികളാക്കി വാഹനത്തിൽ കറങ്ങി നടന്നായിരുന്നു വില്പന.

 

എംഡിഎംഎ 0.5 (അര ഗ്രാം) നു മുകളിൽ കൈവശം വെച്ചാൽ 10 വർഷം വരെ ജയിൽ ശിക്ഷയും 10 ഗ്രാംന് മുകളിൽ കൈവശം വക്കുന്നത് 20 വർഷം വരെ ജയിൽ ശിക്ഷയും കിട്ടാവുന്ന കുറ്റമാണ്.

 

ഇഐ ഐബി എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് ഷഫീക്ക്, കാളികാവ് എക്സൈസ് ഇൻസ്പെക്ടര്‍ ഷിജുമോൻ, പെരിന്തൽമണ്ണ റേഞ്ച് ഇൻസ്പെക്ടർ ശ്രീധരൻ, എഇ ഐ ഹരിദാസൻ, പ്രിവ​ന്റീവ് ഓഫീസർമാരായ പ്രസാദ്, കുഞ്ഞു മുഹമ്മദ്, സിവിൽ എക്സൈസ് ഓഫീസർമാരായ ദിനേശൻ അരുൺ, തേജസ്, വനിതാ സിഇഒ സജീന എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പൊലീസുമായി ചേർന്ന് ജില്ലയിൽ വിദ്യാഭ്യാസ കേന്ദ്ര പരിസരങ്ങളില്‍ 10 സംയുക്ത പരിശോധന നടത്തി. കഴിഞ്ഞ ദിവസം 25 കോട്പാ കേസുകളും കണ്ടെത്തി.

 

ഓണത്തോടാനുബന്ധിച്ച് ജില്ലയിൽ മയക്കുമരുന്ന് ലോബികൾക്കെതിരെ ശക്തമായ പ്രവർത്തനങ്ങൾ നടത്തുന്നതായും ഈ കേസിൽ തന്നെ തുടരന്വേഷണത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും എൻഫോസ്‌മെന്റ് ചുമതലയുള്ള മലപ്പുറം അസി. എക്സ്സൈസ് കമീഷണർ കെ.എസ് നിസാം അറിയിച്ചു. വരും ദിവസങ്ങളിലും  പരിശോധന തുടരും.

date