Skip to main content

ഹർ ഘർ തിരംഗ: പതിനാറായിരം പതാകകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി പൊന്നാനി താലൂക്ക് 

 

  ഹർ ഘർ തിരംഗ ക്യാമ്പയിനിങ്ങിന്റെ ഭാഗമായുള്ള പതാക നിർമാണം കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ പൊന്നാനി താലൂക്കിൽ പുരോഗമിക്കുന്നു. ഏകദേശം പതിനാറായിരത്തിലധികം പതാകകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. പൊന്നാനി താലൂക്കിന് കീഴിൽ പെരുമ്പടപ്പ്, പൊന്നാനി ബ്ലോക്കുകളിലായി അഞ്ചോളം യൂണിറ്റുകളിലായാണ് പതാക നിർമ്മാണം പുരോഗമിക്കുന്നത്. മാറഞ്ചേരിയിലെ സംസ്കൃതി ഓർഗാനിക് പാക്സ്, പാലപ്പെട്ടിയിലെ സ്റ്റിച്ചിങ് സ്റ്റെൽ, പൊന്നാനിയിലെ നിള ഗാര്മെന്റ്സ്, ലാവന്റെർ, എക്കോ ഗ്രീൻ തുടങ്ങി യൂണിറ്റുകളിലായി 27 പേരടങ്ങുന്ന സംഘമാണ് പ്രവർത്തിക്കുന്നത്.

 

ഓഗസ്റ്റ് ഒന്ന് മുതല്‍ ആരംഭിച്ച പതാക നിര്‍മാണം പുരോഗമിക്കുകയാണ്. പ്രതിദിനം 1000ത്തോളം പതാകകളാണ് വിവിധ യൂണിറ്റുകളിലായി നിർമിക്കുന്നതെന്ന് ബ്ലോക്ക് കോർഡിനേറ്റർമാരായ ടി.എസ് വിദ്യ, വിൻസി എന്നിവർ പറഞ്ഞു. കോട്ടൺ ,പോളി കോട്ടണ്‍ എന്നിങ്ങനെ രണ്ടുതരം തുണികളിലാണ് പതാകകള്‍ നിര്‍മിക്കുന്നത്.തിരുപ്പൂർ, തമിഴ്‌നാട്ടിലെ ഈറോഡ് എന്നിവിടങ്ങളില്‍ നിന്നും കൊണ്ടുവരുന്ന തുണി വിവിധ അളവുകളില്‍ തൈച്ചെടുത്ത് ഓരോ സ്ഥാപനങ്ങളിലേക്കുമായി കൊടുത്തയയ്ക്കുകയാണ് കുടുംബശ്രീ യൂണിറ്റുകള്‍ ചെയ്യുന്നത്. 20:30 എന്ന അളവിലാണ് താലൂക്കിലെ കുടുംബശ്രീ യൂണിറ്റുകള്‍ ദേശീയ പതാകകള്‍ നിര്‍മിക്കുന്നത്. ഇവയ്ക്ക് ഓരോന്നിനും 28രൂപയാണ് വില ഈടാക്കുന്നത്.സ്‌കൂളുകള്‍, പഞ്ചായത്ത്, സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി ലഭിച്ച ഓര്‍ഡര്‍ അനുസരിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയ പതാകകള്‍ കൈമാറുക. ഓഗസ്റ്റ് പത്തോടെ പതാകകളെല്ലാം വിതരണത്തിന് തയ്യാറാകും.

 

date