Skip to main content

ഹര്‍ ഘര്‍ തിരംഗ: ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

 ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഇത്തവണ രാജ്യത്തിന്റെ 75 ആം സ്വാതന്ത്ര്യദിനാഘോഷം വളരെ വിപുലമായാണ്  രാജ്യം മുഴുവന്‍ ആഘോഷിക്കുന്നത്. 'ഹര്‍ ഘര്‍ തിരംഗ' ക്യാമ്പയിന്റെ ഭാഗമായി ഇത്തവണ രാജ്യമൊട്ടാകെ ഓഗസ്റ്റ് 13 മുതല്‍ 15 വരെയുള്ള മൂന്ന് ദിവസങ്ങളിലായി എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയര്‍ത്താന്‍ പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് ആഹ്വനം ചെയ്തിട്ടുണ്ട്. ഇതിനായി സംസ്ഥാന- ജില്ലാതലങ്ങളിലും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അതിനാല്‍  ഓരോരുത്തരും ദേശീയ പതാക കൈകാര്യം ചെയ്യുമ്പോള്‍ ഫ്‌ളാഗ് കോഡില്‍ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കേണ്ടതുണ്ട്. പതാകയെ ഏറ്റവും ആദരവോടെയും ബഹുമാനത്തോടെയുമാണ് പ്രദര്‍ശിപ്പിക്കേണ്ടത്.
 

ഉയര്‍ത്താന്‍ മൂന്ന് ദിനം

ഫ്‌ളാഗ് കോഡില്‍ വരുത്തിയ ഭേദഗതി പ്രകാരം ഇത്തവണ ദേശീയ പതാക ഓഗസ്റ്റ് 13 മുതല്‍ 15 വരെയുള്ള മൂന്ന് ദിവസങ്ങളില്‍ ഉയര്‍ത്താം. സാധാരണ സൂര്യോദയം മുതല്‍ അസ്തമയം വരെ മാത്രമാണ് പതാക ഉയര്‍ത്താന്‍          അനുവദിക്കൂ. എന്നാല്‍ ഇത്തവണ 13 ന് ഉയര്‍ത്തിയ പതാക 13, 14 രാത്രികളില്‍ താഴ്ത്തിക്കെട്ടേണ്ടതില്ല.

 എവിടെയൊക്കെ ഉയര്‍ത്താം

 രാജ്യത്തോടും പതാകയോടും ആദരവ് പ്രകടിപ്പിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ക്ലബുകള്‍, സ്‌കൗട്ട് ക്യാമ്പുകള്‍, സ്ഥാപനങ്ങള്‍, വീടുകള്‍ തുടങ്ങി രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും അവരവരുടെ പരിസരത്ത് അര്‍ഹിക്കുന്ന ബഹുമാനത്തോടെ ദേശീയപതാക ഉയര്‍ത്താനുള്ള അവകാശം നല്‍കുന്നു.
· പതാക ഉയര്‍ത്തുമ്പോള്‍ ഫ്‌ളാഗ് കോഡില്‍ പറഞ്ഞിട്ടുള്ള മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം.
· പതാക ദീര്‍ഘചതുരാകൃതിയില്‍ 3:2 എന്ന അനുപാതത്തില്‍ നീളവും വീതിയും ക്രമീകരിച്ച് ഏതു വലിപ്പത്തിലും നമുക്ക് നിര്‍മിക്കാം. നിലത്ത് തൊടാത്ത രീതിയില്‍ വേണം പതാക പ്രദര്‍ശിപ്പിക്കാന്‍.

ദേശീയ പതാകയോട് ചെയ്യാന്‍ പാടില്ലാത്തത്

· ദേശീയ പതാക മന:പൂര്‍വം നിലത്തോ, വെള്ളത്തിലോ, തീയിലോ ഇടരുത്.
· പതാക അലക്ഷ്യമായി ഉപേക്ഷിക്കാനോ നിന്ദ്യമായ രീതിയില്‍ കൈകാര്യം ചെയ്യാനോ പാടില്ല.
· വാഹനങ്ങളുടെ ഹുഡ്, മുകള്‍ഭാഗം, വശങ്ങള്‍, പിന്‍ഭാഗം എന്നിവിടങ്ങളില്‍ പതാക ഉപയോഗിക്കരുത്.
· ദേശീയ പതാക ഉപയോഗിച്ച് വസ്ത്രങ്ങള്‍ നിര്‍മിക്കാനോ വസ്ത്രമായി ഉപയോഗിക്കാനോ പാടില്ല. അനാദരവോടെ ഉപയോഗിക്കരുത്.
· ദേശീയ പതാകയുടെ കൂടെ മറ്റു പതാകകള്‍ ഒരു കൊടിമരത്തില്‍ ഉയര്‍ത്തരുത്. ദേശീയപതാകയെക്കാള്‍ ഉയരത്തില്‍ മറ്റു പതാകകള്‍ ഉയര്‍ത്തി കെട്ടുകയോ അടുത്ത് മറ്റു പതാകകള്‍ ഉയര്‍ത്തുകയോ ചെയ്യരുത്.
· ദേശീയ പതാക തോരണമായോ അലങ്കാര റിബണായോ, എഴുത്തുകളോ ചിഹ്നങ്ങളോ ചേര്‍ത്തോ ഉപയോഗിക്കരുത്.
· രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവര്‍ണര്‍മാര്‍ തുടങ്ങി ഫ്‌ളാഗ് കോഡില്‍ പരാമര്‍ശിക്കുന്ന വിശിഷ്ട വ്യക്തികള്‍ അല്ലാതെ മറ്റാരും വാഹനങ്ങളില്‍ ദേശീയ പതാക ഉപയോഗിക്കരുത്.
· കേടുപാടുള്ളതോ വൃത്തിഹീനമായതോ കീറിയതോ ആയ പതാകകള്‍ പ്രദര്‍ശിപ്പിക്കരുത്. പതാകയെ വളരെ ആദരവോടെയും ബഹുമാനത്തോടെയും വ്യക്തമായ സ്ഥാനങ്ങളില്‍ പ്രദര്‍ശിപ്പിക്കണം.
· തലതിരിഞ്ഞ രീതിയില്‍ ദേശീയ പതാക പ്രദര്‍ശിപ്പിക്കാന്‍ പാടില്ല.
· നിലത്തു തൊടാത്ത വിധത്തിലാണ് ദേശീയ പതാക പ്രദര്‍ശിപ്പിക്കേണ്ടത്.
· പതാകയില്‍ എഴുത്തുകുത്തുകള്‍ പാടില്ല.
· കെട്ടിടത്തിന്റെ മുന്‍വശത്ത് ജനല്‍ പാളിയിലോ ബാല്‍ക്കണിയിലോ തിരശ്ചീനമായി ദേശീയ പതാക പ്രദര്‍ശിപ്പിക്കുമ്പോള്‍ സാഫ്രോണ്‍ ബാന്‍ഡ് ദണ്ഡിന്റെ അറ്റത്ത് വരത്തക്കവിധം കെട്ടണം.
· കോട്ടണ്‍, പോളിസ്റ്റര്‍, പോളി സില്‍ക്ക്, ഖാദി തുണികള്‍ ഉപയോഗിക്കാം.

date