Skip to main content

കാഴ്ച പരിമിതിയുള്ള സ്ത്രീയുടെ പരാതിയില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം

വനിതാകമ്മീഷന്‍ അദാലത്തില്‍ തീര്‍പ്പാക്കിയത് 16 പരാതികള്‍

വണ്ടൂര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ നടപടിയെടുത്തില്ലെന്ന് കാണിച്ച് കാഴ്ചപരിമിതിയുള്ള ചാത്തങ്ങോട്ടുപുറം സ്വദേശിനി നല്‍കിയ പരാതിയില്‍ ജില്ലാ പൊലീസ് മേധാവി മുഖേന ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസറോട് ഹാജരാവാന്‍ വനിതാ കമ്മീഷന്‍ നിര്‍ദേശം. ജില്ലാപഞ്ചായത്ത് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തിലാണ് അടുത്ത അദാലത്തില്‍ നേരിട്ട് ഹാജരാവാന്‍ എസ്.എച്ച്.ഒയ്ക്ക് നിര്‍ദേശം നല്‍കിയത്. പരാതിക്കാരിയുടെ പരാതി സംബന്ധിച്ച് വണ്ടൂര്‍ പൊലീസ്  വിവിധ വകുപ്പുകള്‍ ചേര്‍ത്തെങ്കിലും പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് പരാതിയില്‍ പറയുന്നത്.

വനിതാ കമ്മീഷന്‍ അംഗം ഇ.എം രാധയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന      അദാലത്തില്‍ 55 പരാതികളാണ് പരിഗണിച്ചത്. 16 പരാതികള്‍ തീര്‍പ്പാക്കി. 12 പരാതികള്‍ പൊലീസിന് കൈമാറി. രണ്ട് പരാതികള്‍ കൗണ്‍സലിങിന് വിട്ടു. ബാക്കി 25 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. വനിതാ കമ്മീഷന്‍ അംഗം അഡ്വ. ബീന കരുവാത്ത്, അഡ്വ. ഫിറോസ് ബാബു, വനിതാ സെല്‍ എസ്.ഐ  ചന്ദ്രിക മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. അടുത്ത  അദാലത്ത് ഈ മാസം 25ന് നടക്കും.

date