Skip to main content

കേരള ബാങ്ക് ഇന്ത്യക്കാകെ മാതൃകയെന്ന് ആർ.ബി.ഐ. സാക്ഷ്യപ്പെടുത്തുന്നു:  മന്ത്രി വി. എൻ. വാസവൻ.

 കേരള ബാങ്ക് എക്സലൻസ് അവാർഡുകൾ നൽകി

കോട്ടയം: കേരള ബാങ്ക് ഇന്ത്യക്കാകെ മാതൃകയാണെന്ന് റിസർവ് ബാങ്ക് തന്നെ സാക്ഷ്യപ്പെടുത്തുന്നു എന്ന് സഹകരണ- രജിസ്ട്രേഷൻ-സാംസ്കാരിക വകുപ്പ് മന്ത്രി വി. എൻ. വാസവൻ. കേരള ബാങ്കിനെ മാതൃകയാക്കാനാണ് ആർ.ബി.ഐ പഞ്ചാബ് ബാങ്കിനോടു നിർദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. 
 കെ.പി.എസ്. മേനോൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കേരള ബാങ്കുകൾക്കുള്ള എക്സലൻസ് അവാർഡ് വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
 കേരളം പോലുള്ള സംസ്ഥാനങ്ങളിൽ  കേരള ബാങ്കും പ്രാഥമിക സംഘങ്ങൾ പോലുള്ള സഹകരണപ്രസ്ഥാനങ്ങളുമാണ് ജനജീവിതത്തിന്റെ നാനാമേഖലകളിൽ ഇടപെട്ട് സാമ്പത്തിക പ്രയാസങ്ങൾ പരിഹരിക്കുന്നത്. രണ്ടര ലക്ഷം കോടി രൂപയുടെ നിക്ഷേപം സഹകരണ മേഖലയിലുണ്ട്. കേരള ബാങ്കിലും പ്രൈമറി സംഘങ്ങളിലുമായാണിത്. ഇന്ത്യയിൽ ഇത്രയേറെ നിക്ഷേപമുള്ള  മറ്റൊരു സംസ്ഥാനവുമില്ല. ക്രെഡിറ്റ് മേഖലയിൽ 69 ശതമാനം നിക്ഷേപവും ദേശീയതലത്തിലെ കണക്കനുസരിച്ച് കേരളത്തിലാണ് എന്ന് മന്ത്രി പറഞ്ഞു.
പ്രൈമറി സംഘങ്ങളുടെ ആയിരത്തിൽപരം കോടി രൂപ  കരുതൽ ധനമായി  കേരള ബാങ്കിലുണ്ട്. ഏതെങ്കിലും അവസരത്തിൽ  സംഘങ്ങൾക്ക് പ്രതിസന്ധിയുണ്ടായാൽ  റജിസ്ട്രാറിന്റെ അനുമതിയോടുകൂടി 50 ശതമാനം തുകയും സർക്കാറിന്റെ അനുമതിയോടു കൂടി 100 ശതമാനം തുകയും വിനിയോഗിക്കാമെന്ന് സഹകരണ നിയമത്തിലുണ്ട്. സഹകരണ സംഘം നിയമപരിരക്ഷ അനുസരിച്ച് 500 കോടി രൂപ സഞ്ചിത നിധിയാക്കാൻ  (സഹകരണ സംരക്ഷണ നിധി) ആക്കാൻ തീരുമാനിച്ചു. ഈ നിധിയിലേക്ക് അധികതുക കൈവശമുള്ള ഏത് പ്രൈമറി സഹകരണ സംഘത്തിനും നിക്ഷേപിക്കാം. ഇത്തരത്തിൽ മിച്ചധനവും കരുതൽധനവും പ്രയോജനപ്പെടുത്തി സഹകരണ സംരക്ഷണ നിധി കേരളത്തിൽ ഏത് പ്രൈമറി സഹകരണ സംഘത്തിൽ പ്രതിസന്ധിയുണ്ടായാലും പരിഹാരമുണ്ടാക്കാൻ ഉപകരിക്കും. ഇതുപ്രകാരം സംഘത്തിന് പണം നൽകിയാൽ കേരള ബാങ്കിലേയോ വകുപ്പിന്റെയോ ഉദ്യോഗസ്ഥരാകുo ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടിവ് ആയി നിയന്ത്രണം ഏറ്റെടുക്കുക. ജില്ലാ തലത്തിൽ മോണിറ്ററിംഗ് കമ്മറ്റിയും സംസ്ഥാന തലത്തിൽ വിദഗ്ധ സമിതിയുമുണ്ടാവും. സഹകരണബാങ്കുകൾക്ക് പെട്ടന്നുണ്ടാവുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളിൽ സഹായിക്കാൻ സഹകരണ നിധിക്കാവും. ഒരു മാസത്തിനകം സഹകരണ സംരക്ഷണ നിധി പദ്ധതി പൂർത്തീകരിച്ച് നടപ്പാക്കാൻ ആണു പദ്ധതിയിടുന്നത്.
കടുത്തുരുത്തി, വലവൂർ, മരങ്ങാട്ടുപള്ളി സർവീസ് സഹകരണ ബാങ്കുകൾക്ക് ഒന്ന്,  രണ്ട് , മൂന്ന് സ്ഥാനങ്ങളിൽ എക്സലൻസ് അവാർഡുകൾ നൽകി. പരിപാടിയിൽ കേരള ബാങ്ക് ജനറൽ മാനേജർ പ്രിൻസ് ജോർജ് , കേരള ബാങ്ക് കോട്ടയം ഡയറക്ടർ  കെ.ജെ. ഫിലിപ്പ് കുഴിക്കുളം, ചീഫ് മാനേജർ റോയ് ഏബ്രഹാം, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻമാരായ കെ.എം. രാധാകൃഷ്ണൻ, പി. സതീഷ് ചന്ദ്രൻ നായർ, ജോൺസൺ പുളിക്കീൽ, പി.എ.സി.എസ്. അസോസിയേഷൻ സെക്രട്ടറി കെ. ജയകൃഷ്ണൻ , സി. പി .സി. കോട്ടയം ഡെപ്യൂട്ടി ജനറൽ മാനേജർ എം. ഷാഫി എന്നിവർ പ്രസംഗിച്ചു.

date