Skip to main content

ദുരിതമേഖലകളിൽ കരുതലിന്റെ കൈത്താങ്ങേകി അഗ്നിരക്ഷാസേന

 

കോട്ടയം: കനത്തമഴയിലും കെടുതികളിലും രക്ഷാപ്രവർത്തനത്തിനു കരുത്തായി കോട്ടയം ജില്ലയിലെ അഗ്നി രക്ഷാ സേന. 361 അംഗങ്ങളുള്ള ജില്ലയിലെ അഗ്നിരക്ഷാസേനയിലെ 352 പേരും ജില്ലയിലെ മലയോരമേഖലകളിലടക്കം കനത്തമഴയെ അവഗണിച്ചും രക്ഷാപ്രവർത്തനങ്ങൾക്കു മുന്നിട്ടുനിന്നു. 100 ആപത് മിത്ര, സിവിൽ ഡിഫൻസ് അംഗങ്ങളും രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു.
മണ്ണിടിച്ചിലും, വെള്ളപ്പൊക്കവും ഉണ്ടായ സ്ഥലങ്ങളിൽനിന്ന് 99 പേരെയാണ് രക്ഷിച്ച് സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയത്. കൂട്ടിക്കൽ, മാലം, വൈക്കം എന്നിവിടങ്ങളിൽ ആറുപേർ വെള്ളത്തിൽ അകപ്പെട്ട് അപകടത്തിലായപ്പോൾ രണ്ടുപേരെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിക്കാനായി. നാലുമൃതദേഹങ്ങൾ സേന കണ്ടെടുത്തു. ഉരുൾപൊട്ടൽ ഉണ്ടായ നാലുസ്ഥലങ്ങളിലും സേന രക്ഷാപ്രവർത്തനത്തിന് എത്തി. കനത്ത മഴയിലും കാറ്റിലും ജില്ലയിലെ 29 സ്ഥലങ്ങളിൽ മരം വീണും മണ്ണിടിഞ്ഞും ഉണ്ടായ ഗതാഗതതടസങ്ങൾ അഗ്നിരക്ഷാസേന കനത്തമഴയെ അവഗണിച്ചും ഉടൻതന്നെ നീക്കം ചെയ്തു.
ജില്ലയിലെ എട്ടു സ്റ്റേഷനുകളിൽ നിന്നുള്ള 19 വാഹനങ്ങളാണ് രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി രംഗത്തുണ്ടായിരുന്നത്. എട്ടു സ്റ്റേഷനുകളിലെ ഒൻപതു റബർ ഡെങ്കികളും ഒരു ബോട്ടും രക്ഷാപ്രവർത്തനങ്ങൾക്കു സജ്ജമാക്കിയിരുന്നു. കോട്ടയം, പാമ്പാടി, കാഞ്ഞിരപ്പള്ളി, പാലാ, ഈരാറ്റുപേട്ട, വൈക്കം, കടുത്തുരുത്തി, ചങ്ങനാശേരി സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിരക്ഷാ സേനാ യൂണിറ്റുകളാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്. കഴിഞ്ഞവർഷം പ്രളയം വലിയ നാശം വിതച്ച കൂട്ടിക്കൽ മേഖലയിൽ കനത്ത മഴ മുന്നറിയിപ്പു വന്ന അന്നുതന്നെ ഒരു യൂണിറ്റ് ഫയർഫോഴ്‌സിനെ സ്റ്റാൻഡ്‌ബൈ ആയി നിയോഗിച്ചിരുന്നു. മുണ്ടക്കയം പഞ്ചായത്ത് ഓഫീസിലാണ് സർവസജ്ജമായി ഒരു യൂണിറ്റിനെ നിയോഗിച്ചത്. ഈ യൂണിറ്റ് ഇപ്പോഴും മുണ്ടക്കയത്തു തുടരുന്നുണ്ട്. ജില്ലയിലെ അടിയന്തരസാഹചര്യം കണക്കിലെടുത്ത് ആലപ്പുഴ ജില്ലയിൽനിന്ന് രണ്ടു അഗ്നിരക്ഷാ വാഹനങ്ങളിലായി എട്ടു സേനാംഗങ്ങളെ കൂടി അധികമായി വിന്യസിച്ചിരുന്നു.
രക്ഷാപ്രവർത്തനങ്ങൾക്ക് റീജണൽ ഫയർ ഓഫീസർ എ.ആർ. അരുൺകുമാർ, ജില്ലാ ഫയർ ഓഫീസർ റെജി വി. കുര്യാക്കോസ്, സ്റ്റേഷൻ ഓഫീസർമാരായ അനൂപ് രവീന്ദ്രൻ (കോട്ടയം), വി.വി. സുവികുമാർ(പാമ്പാടി), കെ.എസ്. ഓമനക്കുട്ടൻ (കാഞ്ഞിരപ്പള്ളി), എസ്.കെ. ബിജുമോൻ (പാലാ), കലേഷ് (കടുത്തുരുത്തി), വിഷ്ണു (വൈക്കം), ജോണിച്ചൻ( ഈരാറ്റുപേട്ട) സജിമോൻ ടി. ജോസഫ് (ചങ്ങനാശേരി) എന്നിവർ നേതൃത്വം നൽകി.  
പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടെ ഓഗസ്റ്റ് ഒന്നിന് പുലർച്ചെ പന്ത്രണ്ടരയോടെ കോട്ടയം മാർക്കറ്റ് റോഡിലെ പലചരക്കു മൊത്തവ്യാപാരസ്ഥാപത്തിലുണ്ടായ തീപിടിത്തത്തിൽ യഥാസമയം രക്ഷാപ്രവർത്തനത്തിന് എത്താനും സേനയ്ക്കായി. കോട്ടയം, പാമ്പാടി, കടുത്തുരുത്തി, ചങ്ങനാശേരി സ്റ്റേഷനുകളിലെ വാഹനങ്ങളാണു രക്ഷാപ്രവർത്തനത്തിന് എത്തിയത്. ഓഗസ്റ്റ് രണ്ടിന് അബദ്ധത്തിൽ കിണറ്റിൽവീണു ഗോവണി കാലിൽതുളഞ്ഞു കയറിയ പിറവം സ്വദേശി ഉല്ലാസിന്റെ രക്ഷയ്‌ക്കെത്താനും സർജറിക്കു സന്നദ്ധമായ രീതിയിൽ ഗോവണി മുറിച്ചുമാറ്റാനും പ്രളയപ്രവർത്തനങ്ങൾക്കിടെ സേനയ്ക്കു സാധിച്ചു.
 

date