Skip to main content

സ്വാതന്ത്ര്യദിനത്തില്‍ ജില്ലയില്‍ വിപുലമായ പരിപാടികള്‍; മന്ത്രി വി. അബ്ദുറഹിമാന്‍ അഭിവാദ്യം സ്വീകരിക്കും

സ്വാന്ത്ര്യദിനത്തില്‍ കായിക, ഹജ്ജ്, വഖഫ്, ഫിഷറീസ് മന്ത്രി വി. അബ്ദുറഹിമാന്‍ മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ അഭിവാദ്യം സ്വീകരിക്കും. പരേഡും അനുബന്ധ പരിപാടികളും രാവിലെ എട്ട് മുതല്‍ എം.എസ്.പി ഗ്രൗണ്ടില്‍ നടക്കും. വിവിധ സേനകളുടെ പരേഡില്‍ സല്യൂട്ട് സ്വീകരിച്ച ശേഷം മന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. പരേഡിന് എം.എസ്.പി. അസിസ്റ്റന്റ് കമാണ്ടന്റ് നേത്യത്വം നല്‍കും. സിവില്‍സ്റ്റേഷനിലുള്ള യുദ്ധസ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് മന്ത്രി പരേഡ് ഗ്രൗണ്ടില്‍ എത്തുക. കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിന് ശേഷമുള്ള ആദ്യ സ്വാതന്ത്ര്യ ദിനാഘോഷമാണ് ഇത്തവണത്തേത്.
ആഗസ്റ്റ് 15  ന് രാവിലെ മലപ്പുറം നഗരസഭാ പരിധിയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പങ്കെടുക്കുന്ന പ്രഭാത ഭേരിയോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാവും. രാവിലെ 7.15 ന് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്ന് ആരംഭിച്ച് എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ പ്രവേശിക്കുന്ന പ്രഭാത ഭേരിയില്‍ 10 വിദ്യാലയങ്ങളില്‍ നിന്നുള്ള 3006 കുട്ടികള്‍ പങ്കെടുക്കും. ബാന്റ് സെറ്റുകളുടെയും സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്, ജൂനിയര്‍ റെഡ്‌ക്രോസ് മാര്‍ച്ച് പാസ്റ്റിന്റെയും മറ്റും അകമ്പടിയോടെ നടക്കുന്ന പ്രഭാതഭേരിയില്‍ മികച്ച പ്രകടനം നടത്തുന്ന ടീമിന് റോളിംഗ് ട്രോഫി സമ്മാനിക്കും.
എം.എസ്.പി ഗ്രൗണ്ടില്‍ നടക്കുന്ന പരേഡില്‍ എം.എസ്.പി, ലോക്കല്‍ പൊലീസ്, വനിതാ പൊലീസ്, എക്‌സൈസ്, അഗ്നിശമന സേന തുടങ്ങി സേനാ വിഭാഗങ്ങളും എന്‍.സി.സി, എസ്.പി.സി, സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് തുടങ്ങിയവയും അണിനിരക്കും. ആഗസ്റ്റ് 11, 12 തിയതികളില്‍ വൈകിട്ട് നാലു മണിക്കും 13 ന് രാവിലെ എട്ടുമണിക്കുമായി പരേഡിന്റെ റിഹേഴ്‌സല്‍ നടക്കും.
പരേഡിന് ശേഷം ജില്ലയിലെ തെരഞ്ഞെടുത്ത ആറു വിദ്യാലയങ്ങളില്‍ നിന്നുള്ള 90 വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന വിവിധ സാംസ്‌കാരിക പരിപാടികളും നടക്കും. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി നഗരസഭാ പരിധിയിലെ വ്യാപാര സ്ഥാപനങ്ങള്‍ അലങ്കരിക്കും. ഏറ്റവും നന്നായി അലങ്കരിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് ജില്ലാ ഭരണകൂടം സമ്മാനം നല്‍കും. സ്ഥാപനങ്ങള്‍ അലങ്കരിക്കുമ്പോള്‍ ഹരിത ചട്ടം പാലിക്കുണ്ടെന്ന് ഉറപ്പാക്കണം.
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഒരുക്കങ്ങള്‍ക്കായി എ.ഡി.എം എന്‍.എം മെഹറലിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ മലപ്പുറം അഡീഷന്‍ എസ്.പി എം.സുകുമാരന്‍, സൈനീക വെല്‍ഫെയര്‍ ഓഫീസര്‍ മുഹമ്മദ് അസ്ലം, ഡെപ്യൂട്ടി കലക്ടര്‍മാരായ ഡോ. എം.സി റെജില്‍, ടി.മുരളി, കെ.ലത, എസ്.ഹരികുമാര്‍, അന്‍വര്‍ സാദത്ത്, വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

ഹര്‍ ഘര്‍ തിരംഗ: പതാകകള്‍ കൈമാറി
ഹര്‍ ഘര്‍ തിരംഗ പരിപാടിയുടെ ഭാഗമായി മലപ്പുറം സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫീസുകളില്‍ ഉയര്‍ത്തുന്നതിനായി കുടുംബശ്രീ നിര്‍മിച്ച 100 പതാകകള്‍ കൈമാറി. കലക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ വെച്ച് വസ്ത്ര ബ്യുട്ടിക് നിര്‍മാണ യൂണിറ്റ് പ്രതിനിധി റംലയില്‍ നിന്നും അഡിഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എന്‍.എം മെഹറലി പതാകകള്‍ ഏറ്റു വാങ്ങി. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഓഫീസുകളിലും ദേശീയ പതാക ഉയര്‍ത്തുന്ന ഹര്‍ ഘര്‍ തിരംഗ പരിപാടി ജില്ലയിലും വിപുലമായി നടപ്പിലാക്കുന്നതിനായാണ് പതാകകള്‍ നിര്‍മിച്ചു നല്‍കിയത്. കുടുംബശ്രീയ്ക്കാണ് ദേശീയപതാക നിര്‍മാണത്തിന്റെയും വിതരണത്തിന്റെയും ചുമതല. 94 കുടുംബശ്രീ യൂണിറ്റുകള്‍ ചേര്‍ന്നാണ് പതാകകള്‍ നിര്‍മിച്ചത്.
ജില്ലയില്‍ 1,93,362 പതാകകള്‍ നിര്‍മിക്കാനാണ് കുടുംബശ്രീക്ക് ഓര്‍ഡര്‍ ലഭിച്ചിരുന്നത്. ഇതില്‍  1,14,664 പതാകകള്‍ ഇതിനകം നിര്‍മാണം പൂര്‍ത്തിയാക്കി. 18415 പതാകകള്‍ വിതരണം ചെയ്തു. രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ ശേഷിക്കുന്നവയും വിതരണം ചെയ്യും.
കുടുംബശ്രീ മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ജിജു, ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ സിന്ധു, വിവിധ ഡെപ്യൂട്ടി കളക്ടര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ആസാദി കാ അമൃത് മഹോത്സവ്: പ്രഭാഷണം
സംഘടിപ്പിക്കുന്നു

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും തിരുനാവായ റീ എക്കൗയും നാഷണല്‍ സര്‍വ്വീസ് സ്‌കീം ജില്ലാ യൂണിറ്റും സംയുക്തമായി പ്രഭാഷണം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 13 ശനിയാഴ്ച രാവിലെ 10 ന് തിരുനാവായ എ.എം.ടി ഹാളില്‍ നടക്കുന്ന പരിപാടി കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. തിരുനാവായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൊട്ടാരത്ത് സുഹറാബി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കോഴിക്കോട് സര്‍വകലാശാല ചരിത്ര വിഭാഗം പ്രൊഫസറും ചരിത്രകാരനുമായ ഡോ. പി.ശിവദാസ് മലബാറിലെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളെപ്പറ്റി പ്രഭാഷണം നടത്തും.  
റി എക്കൗ പ്രസിഡന്റ് സി. കിളര്‍ ദേശീയ പതാക ഉയര്‍ത്തും. ജില്ലാ പഞ്ചായത്തംഗം ഫൈസല്‍ എടശ്ശേരി, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ധീന്‍, എന്‍.എസ്.എസ് ജില്ലാ ഓ ഓഡിനേറ്റര്‍ കാദര്‍ മാസ്റ്റര്‍, തിരുനാവായ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. മുസ്തഫ, എം.പി കോയ, സി.വി അനീഷ ടീച്ചര്‍, ചങ്ങമ്പള്ളി ഉമ്മര്‍ ഗുരുക്കള്‍, പി. മുഹമ്മദ്, സി.പി.എം ഹാരിസ്, കാടാമ്പുഴ മൂസ്സ ഗുരുക്കള്‍, കെ.കെ അബ്ദുള്‍ റസാക്ക് ഹാജി, ഹക്കീം മാങ്കടവത്ത്, ഉമ്മര്‍ ചിറക്കല്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസി. എഡിറ്റര്‍ ഐ.ആര്‍ പ്രസാദ് സ്വാഗതവും റി എക്കൗ ജനറല്‍ സെക്രട്ടറി അഷ്‌ക്കര്‍ പല്ലാര്‍ നന്ദിയും പറയും.  
ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ചങ്ങമ്പള്ളി കളരി ശുചീകരണം ഗ്രാമപഞ്ചായത്ത് അംഗം പറമ്പില്‍ ഹാരിസ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മാമാങ്ക സ്മാരക സംരക്ഷണ സമിതി കണ്‍വീനര്‍ കെ.പി അലവി, മാമാങ്കം മെമ്മോറിയല്‍ ട്രസ്റ്റ് സെക്രട്ടറി വാഹിദ് ആയപ്പള്ളി തുടങ്ങിയവര്‍ സംബന്ധിക്കും.

date