Skip to main content
സംസ്ഥാന സർക്കാരിൻ്റെ ഒരു വർഷം ഒരു ലക്ഷം സംരംഭകർ പദ്ധതിയുടെ ഭാഗമായി സംരംഭകർക്കായി സംഘടിപ്പിച്ച സബ്സിഡി മേള ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിജു തോമസ് ഉദ്ഘാടനം ചെയ്യുന്നു

ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ സബ്‌സിഡി മേള

 

2022-23 സാമ്പത്തിക വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായുള്ള സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി ആമ്പല്ലൂര്‍ പഞ്ചായത്തില്‍ ലോണ്‍, ലൈസന്‍സ്, സബ്‌സിഡി മേള നടന്നു. വ്യവസായ വാണിജ്യ വകുപ്പും അമ്പല്ലൂര്‍ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച മേള പഞ്ചായത്ത് പ്രസിഡന്റ്  ബിജു തോമസ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ സംരംഭക വായ്പകള്‍ നല്‍കിയ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ നീര്‍പാറ ബ്രാഞ്ചിനെ ചടങ്ങില്‍ ആദരിച്ചു. കൂടാതെ സംരംഭക വായ്പകളുടെ അനുമതി പത്രങ്ങള്‍ അശോക് കുമാര്‍, അനിയന്‍കുട്ടന്‍, ഡിനോയ് സുന്ദരി, പ്രേമലത എന്നിവര്‍ക്ക് വിതരണം ചെയ്തു. കൂടാതെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ബാങ്കുകള്‍, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, കേരള ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങള്‍ സംരംഭകര്‍ക്കായുള്ള പദ്ധതികള്‍ വിശദീകരിച്ചു.

വ്യവസായ വകുപ്പ്, എംപ്ലോയ്‌മെന്റ് എക്‌സ്‌ചെയ്ന്‍ജ് തുടങ്ങി വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെയും വിവിധ ബാങ്കുകളുടെയും സ്റ്റാളുകള്‍ ഒരുക്കിയിരുന്നു. ലൈസന്‍സുമായി ബന്ധപ്പെട്ട സഹായങ്ങള്‍ നല്‍കുന്നതിനായി വ്യവസായ വകുപ്പിന്റെ ഹെല്‍പ്പ് ഡെസ്‌കും ഒരുക്കിയിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍  പദ്ധതിയുടെ ഭാഗമായി വ്യവസായ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ഒരുക്കത്തിലാണ് ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന് കീഴില്‍ 116 പുതിയ സംരംഭങ്ങള്‍ 2022 23 സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി നിലവില്‍ 40 ഓളം പുതിയ സംരംഭങ്ങള്‍ പഞ്ചായത്തിന് കീഴില്‍ ആരംഭിച്ചിട്ടുണ്ട്.

ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ പത്മകരന്‍ അദ്ധ്യക്ഷത വഹിച്ചു. മുളന്തുരുത്തി ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ കെ കെ രാജേഷ്, ഇന്റേണ്‍ ശരത്കുമാര്‍ പി എസ്, മുളന്തുരുത്തി ബ്ലോക്ക് വൈസ് പ്രസിഡന്റ്  ബിന്ദു സജീവ് , സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍  ബഷീര്‍, ഒന്നാം വാര്‍ഡ് മെമ്പര്‍ ബീന മുകുന്ദന്‍ എന്നിവര്‍ സംസാരിച്ചു.

date