Skip to main content

മാലിന്യ ശേഖരണ,സംസ്കരണ പ്രക്രിയ; കരട് പദ്ധതി മാർഗരേഖയായി

 

പൊന്നാനി നഗരസഭാ പ്രദേശത്തെ മാലിന്യ ശേഖരണത്തിനും സംസ്കരണ പ്രക്രിയയ്ക്കും പുതിയ കരട് പദ്ധതി മാർഗരേഖയായി. പാലക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹരിത സഹായ സ്ഥാപനമായ ഐ.ആർ.ടി.സി യാണ് പുതിയ മാർഗരേഖ തയ്യാറാക്കിയിട്ടുള്ളത്. വാർഡുകളിൽ നിന്നും പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങൾ ഹരിത കർമ്മ സേനാംഗങ്ങൾ ശേഖരിച്ച് ഹരിത സഹായ സ്ഥാപനത്തിനെ ഏൽപ്പിക്കും. ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും ഹരിത സഹായ സ്ഥാപനമായ ഐ.ആർ.ടി.സിയെ നഗരസഭ ചുമതലപ്പെടുത്തിയിട്ടുണ്ട്. 

 

 ഹരിത കർമ്മ സേനയുടെ സേവനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുകയും കാര്യക്ഷമമാക്കുകയും പൊതുജനങ്ങളിൽ അവബോധം വളർത്താനുമാണ് നഗരസഭ ലക്ഷ്യം വയ്ക്കുന്നത്. ഇതിന്റെ ഭാഗമായി ഹരിത കർമ്മ സേനയുടെ ഓഫീസ് നഗരസഭാ കാര്യാലയത്തിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മുഴുവൻ വീടുകളിലും, കച്ചവട സ്ഥാപനങ്ങളിലും പാഴ് വസ്തുക്കൾ ശേഖരിക്കുന്നതിന്റെ ഭാഗമായി ഹരിതകർമ്മ സേന യൂസർഫീ കാർഡുകൾ വിതരണം ചെയ്യുന്നുണ്ട്. യൂസർ ഫീ നൽകാത്ത വ്യക്തികളുടേയും കച്ചവടക്കാർക്കും നഗരസഭാ സേവനങ്ങൾ പരിമിതപ്പെടുത്തുമെന്ന് നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം അറിയിച്ചു. പുതിയ മാർഗരേഖ പ്രകാരമുള്ള പ്രവൃത്തികൾ സംബന്ധിച്ച് നഗരസഭയിൽ ഐ.ആർ.ടി.സി യുടെ നേതൃത്വത്തിൽ ഹരിത കർമ്മ സേനാംഗങ്ങൾക്ക് പരിശീലനവും സംഘടിപ്പിച്ചു.

 

date