Skip to main content

അനര്‍ഹ മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍:  പരിശോധന ശക്തമാക്കും

അനര്‍ഹമായി മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ (മഞ്ഞ, പിങ്ക്, നീല) കൈവശം വച്ചിരിക്കുന്നത് കണ്ടെത്തുന്നതിനായി പരിശോധന കര്‍ശനമാക്കുമെന്ന് ഏറനാട് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. അനര്‍ഹ മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കെതിരെ വ്യാപകമായി പരാതികള്‍ ലഭിക്കുന്നുണ്ട്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ച് റേഷന്‍ സാധനങ്ങള്‍ കൈപ്പറ്റിയത് കണ്ടെത്തിയത് വഴി താലൂക്കിലെ 13 റേഷന്‍കാര്‍ഡ് ഉടമകളില്‍ നിന്നായി 53944 രൂപ പിഴ ഈടാക്കി. ജൂണ്‍, ജൂലൈ മാസങ്ങളിലെ അനര്‍ഹമായി കൈപ്പറ്റിയ സാധനങ്ങളുടെ വിലയാണ് പിഴയായി ഈടാക്കിയത്. സിവില്‍ സപ്ലൈസ് വകുപ്പിലെ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് മുന്‍ഗണനാകാര്‍ഡുകള്‍ അനധികൃതമായി കൈവശം വെച്ചതായി കണ്ടെത്തിയത്. 77705 രൂപ കൂടി അനര്‍ഹരില്‍ നിന്നും ഈടാക്കാനുണ്ടെന്നും ഈ തുക ഈടാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
കേന്ദ്ര-സംസ്ഥാന ജീവനക്കാര്‍, പൊതുമേഖല, സഹകരണമേഖല എന്നിവിടങ്ങളിലെ സ്ഥിരം ജീവനക്കാര്‍, ആദായ നികുതി നല്‍കുന്നവര്‍, സര്‍വീസ് പെന്‍ഷന്‍ ലഭിക്കുന്നവര്‍ റേഷന്‍കാര്‍ഡില്‍ പേരുള്ള എല്ലാവര്‍ക്കും കൂടി പ്രതിമാസം 25000 രൂപ വരുമാനമുള്ള കുടുംബങ്ങള്‍, എല്ലാ അംഗങ്ങള്‍ക്കുംകൂടി ഒരു ഏക്കറിലധികം ഭൂമിയുള്ളവര്‍, ആയിരം ചതുരശ്ര അടിക്കു മുകളില്‍ വിസ്തീര്‍ണ്ണമുള്ള വീട് ഉള്ളവര്‍, നാലു ചക്ര വാഹനമുള്ളവര്‍ (ഏക ഉപജീവന മാര്‍ഗ്ഗത്തിനല്ലാത്ത വാഹനം) എന്നിവരാണ് മുന്‍ഗണനാ റേഷന്‍ കാര്‍ഡിന് അര്‍ഹതയില്ലാത്തവര്‍

date